Tuesday, July 28, 2020

കെ.ആർ.നാരായണൻ - വിസ്മരിക്കാനാവാത്ത മഹദ് വ്യക്തിത്വം.

ജൂലൈ 26, കാർഗിൽ വിജയദിനം നമ്മൾ ആഘോഷിച്ചു.

ആ യുദ്ധകാലത്ത് സർവസൈന്യാധിപനായി  നിർണായക തീരുമാനങ്ങൾ എടുത്ത, മലയാളിയായ കെ.ആർ നാരായണൻ എന്ന ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയെ വിസ്മരിക്കാനാവില്ല.

1999 മേയ് മൂന്നിന് ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് പാകിസ്താൻ നടത്തിയ നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. നല്ല രീതിയിൽത്തന്നെ പാകിസ്താന്  തിരിച്ചടി നൽകാൻ വാജ്‌പേയി സർക്കാർ എടുത്ത തീരുമാനത്തിന്റെ നടത്തിപ്പാണ് രാഷ്ട്രപതി കെ. ആർ നാരായണൻ ഏറ്റെടുത്തത്.

സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം  നേരിട്ടാണ്  മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ സമയാസമയങ്ങളിൽ ചർച്ചചെയ്തിരുന്നത്. യുദ്ധം തുടരുന്നതിൽ മാത്രമല്ല അതു നിർത്താനുള്ള തീരുമാനത്തിലും രാഷ്ട്രപതി കെ. ആർ നാരായണന്റെ നിലപാടുകൾ നിർണായകമായി എന്ന് വാജ്‌പേയി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഒരു രാഷ്ട്രപതിക്കും മുൻപോ ശേഷമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത മഹത്തായ ദൗത്യമാണ്  അദ്ദേഹം വളരെ  ക്രിയാത്‌മകമായി പൂർത്തീകരിച്ചത്.

വളരെ പ്രയാസമേറിയ  ജീവിതസാഹചര്യങ്ങളെ തരണം ചെയ്ത് ക്ഷമയോടും തികഞ്ഞ ആത്മാർത്ഥതയോടും കൂടി  തന്നിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിച്ച് രാഷ്ട്രപതി പദം വരെ അലങ്കരിച്ച, ഉന്നതമായ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ  ജീവിതം ഏവർക്കും  മാതൃകയാണ്.

ജവാന്മാരുടെ സ്മരണകളോടൊപ്പം അദ്ദേഹത്തിനും ആദരമർപ്പിക്കുന്നു.