Tuesday, July 28, 2020

കെ.ആർ.നാരായണൻ - വിസ്മരിക്കാനാവാത്ത മഹദ് വ്യക്തിത്വം.

ജൂലൈ 26, കാർഗിൽ വിജയദിനം നമ്മൾ ആഘോഷിച്ചു.

ആ യുദ്ധകാലത്ത് സർവസൈന്യാധിപനായി  നിർണായക തീരുമാനങ്ങൾ എടുത്ത, മലയാളിയായ കെ.ആർ നാരായണൻ എന്ന ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയെ വിസ്മരിക്കാനാവില്ല.

1999 മേയ് മൂന്നിന് ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് പാകിസ്താൻ നടത്തിയ നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. നല്ല രീതിയിൽത്തന്നെ പാകിസ്താന്  തിരിച്ചടി നൽകാൻ വാജ്‌പേയി സർക്കാർ എടുത്ത തീരുമാനത്തിന്റെ നടത്തിപ്പാണ് രാഷ്ട്രപതി കെ. ആർ നാരായണൻ ഏറ്റെടുത്തത്.

സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം  നേരിട്ടാണ്  മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ സമയാസമയങ്ങളിൽ ചർച്ചചെയ്തിരുന്നത്. യുദ്ധം തുടരുന്നതിൽ മാത്രമല്ല അതു നിർത്താനുള്ള തീരുമാനത്തിലും രാഷ്ട്രപതി കെ. ആർ നാരായണന്റെ നിലപാടുകൾ നിർണായകമായി എന്ന് വാജ്‌പേയി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഒരു രാഷ്ട്രപതിക്കും മുൻപോ ശേഷമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത മഹത്തായ ദൗത്യമാണ്  അദ്ദേഹം വളരെ  ക്രിയാത്‌മകമായി പൂർത്തീകരിച്ചത്.

വളരെ പ്രയാസമേറിയ  ജീവിതസാഹചര്യങ്ങളെ തരണം ചെയ്ത് ക്ഷമയോടും തികഞ്ഞ ആത്മാർത്ഥതയോടും കൂടി  തന്നിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിച്ച് രാഷ്ട്രപതി പദം വരെ അലങ്കരിച്ച, ഉന്നതമായ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ  ജീവിതം ഏവർക്കും  മാതൃകയാണ്.

ജവാന്മാരുടെ സ്മരണകളോടൊപ്പം അദ്ദേഹത്തിനും ആദരമർപ്പിക്കുന്നു. 

Tuesday, September 29, 2015

"നിലനിൽപ്പിന് വേണ്ടിയുള്ള സമരം"


'ഗോമതി' പറഞ്ഞ തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പറഞ്ഞ തൊഴിലാളി സംഘടാനകൾക്കെല്ലാം 'പൊമ്പിള ഒരുമൈ' ക്ക് ശേഷമാണോ അവരുടെ ആവലാതികൾ തീർക്കണം എന്ന ബോധ്യം വന്നത്.

കഷ്ടം തന്നെ..


പുഷ്പങ്ങൾ വിരിയുന്നപോൽ പുതുപാർട്ടികളുടെ ഉദയം സ്വാഗതാർഹം.

മാറ്റം നല്ലത് തന്നെ..സ്വാഗതം പക്ഷേ നാം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഒന്നളന്നാൽ മാറ്റങ്ങളൊന്നും ജനനന്മ ലാക്കാക്കിയല്ലെന്നത് സത്യം.

"പ്രകൃതിയെ നശിപ്പിച്ച് ഫ്ലാറ്റുകളും വില്ലകളും ഉയർന്ന് പൊന്തുമ്പോൾ

തലചായ്ക്കാനൊരു കൂര തേടി പട്ടയത്തിൻ പുറകേ അലയുന്നവർ"

"ഫാഷനും മറ്റുമായി ഉടുതുണിയുരിയുന്ന ഒരു വിഭാഗം അരങ്ങ് വാഴുമ്പോൾ

ഉടുതുണിക്ക്‌ മറുതുണിയില്ലാതെ മറഞ്ഞു നിൽക്കുന്നൊരു ജനത മറുഭാഗത്ത്"

"ഒരു ഭാഗത്ത് സൗന്ദര്യം നിലനിർത്താൻ ഭക്ഷണം നിയന്ത്രിക്കുമ്പോൾ

അതാ, സ്വന്തം ജീവനേക്കാൾ മക്കളുടെ ജീവൻ നിലനിർത്താൻ ഒരു നേരത്തെ ഭഷണത്തിനായ് കേഴുന്നവർ"

സമരം തന്നെ സമരം നിലനിൽപ്പിന് വേണ്ടിയുള്ള സമരം..

ആർക്ക് വേണ്ടി?? കഷ്ടപ്പെടുന്ന ജനതക്ക് വേണ്ടിയല്ല പാർട്ടികളുടെ നിലനിൽപ്പിന് വേണ്ടി.

പറഞ്ഞാൽ തീരാത്തത്ര പരാധീനതകളുണ്ട് നമ്മുടെ നാടിന്...

എന്നാലും വികസനം എന്ന നാലക്ഷരം ഉളുപ്പില്ലാതെ ഉയർത്തിപ്പിടിക്കും ഈ രാഷ്ട്രീയപേക്കോലങ്ങൾ... എന്തിന് ?? വൃത്തിയും വെടിപ്പുമായ് 'അഴിമതി' എന്ന സുരക്ഷിത, അംഗീകൃത വലയത്തിലൂടെ സ്വന്തം കീശ വീർപ്പിക്കാൻ.

"പാർപ്പിടം, വസ്ത്രം, ഭക്ഷണം എന്നീ അടിസ്ഥാന തത്വങ്ങൾ നടപ്പിൽ വരുത്താൻ കഴിയാത്ത ഒരു രാഷ്ട്രീയ പാർട്ടിയേയും നെഞ്ചോട് ചേർക്കേണ്ട ആവശ്യമില്ല നമുക്ക്"

Sunday, September 27, 2015

"ന സ്ത്രീ സ്വാതന്ത്രമർഹതി" എന്നതിൻ അർത്ഥമറിയാതെ ചിലക്കുന്ന കൊച്ചമ്മ സമൂഹം..


ചാനലുകളിലെങ്ങും സ്ത്രീ വിരുദ്ധത ഒരു ദിവസം കൊണ്ട് സ്ത്രീ എന്ന വിഭാഗത്തെ ഭൂമുഖത്ത് നിന്ന് നുമ്മളെല്ലാരും കൂടി ഇല്ലാണ്ടാക്കിയ പോലെ വിഷയം മനസ്സിലാക്കാതെ ഏതപ്പാ കോതമംഗലം എന്ന മട്ടിൽ ഏറ്റുപിടിക്കാൻ കുറെ പിണിയാളുകളും...

ഇവിടെ ശ്രീദേവി എന്നവിവർത്തക അപഹാസ്യയായ് എന്ന് സ്വയം കരുതി, എഴുത്തുകാരി എന്നതിൽ നിന്നും തരം താണ് സുപ്രഭാതത്തിൽ വർഗ്ഗീയമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു..ഞാൻ തന്നെ സത്യം എന്ന് അടിച്ചേൽപ്പിക്കും വിധം ചാനൽ ഷോ നടത്തി. ഏതോ മൂലയിൽ നിന്ന മ്മടെ കർത്താ അങ്ങനെ വൈറലായ് താരമായ് എന്താല്ലേ? പാവം ജോണിച്ചായനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്ത് ചാനൽ ശിരോമണികൾ വിവർത്തകയെ വിളിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു. വിഷയം മോഡി എഫക്റ്റ് എന്ന നിലയിൽ വരെയെത്തി. എന്താ ചെയ്ക?? വിരുദ്ധത കൽപ്പിക്കുന്ന ഒരു സ്ത്രീ സമൂഹമിവിടുണ്ടെങ്കിൽ അബലകളായ സ്ത്രീകളുണ്ടെങ്കിൽ അവർക്കുവേണ്ടി അവരിലേക്കിറങ്ങി പ്രവർത്തിക്കുകയാണ് ഈ അഭിനവ ഫെമിനിസ്റ്റ് കൊച്ചമ്മമ്മാർ ചെയ്യേണ്ടത് . നിസ്വാർത്ഥ സേവനം.. അല്ലാതെ സമരവും ഘോരഘോര പ്രസംഗങ്ങളുമല്ല ആവശ്യം.'

ഭാരത സ്ത്രീ തൻ ഭാവശുദ്ധി'യെ കളിയാക്കി പരിഹാസ്യ പോസ്റ്റുകൾ വാരി വിതറി സ്ത്രീ എന്ന സുന്ദര സങ്കൽപ്പത്തെ വികലമാക്കുന്ന ന്യൂ ജൻ കൊച്ചമ്മമ്മാരുടെ ഫെമിനിസ്സ്റ്റുകളുടെ കാലം.

പണ്ടത്തെ തൊട്ട് തീണ്ടലും മാറൂമാറക്കലും മറ്റും പ്രതിപാദ്യ വിഷയമാക്കി തുണിയുരിയുന്ന ചുംബന സ്വാതന്ത്രത്തിനായ് ദാഹിക്കുന്ന സ്വന്തം നഗ്നഫോട്ടോ ഒരുളുപ്പുമില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റുന്ന കൊച്ചമ്മമാരുടെ കാലം.

സ്ത്രീക്കും പുരുഷനും തുല്ല്യ പ്രാധാന്യം ഇന്നീ സമൂഹം കൊടുക്കുന്നുണ്ട്. കൂടുതൽ സ്ത്രീക്ക് തന്നെ എന്ന് പറയാം. ഇല്ലെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത് കുടുംബ ബന്ധത്തിന് പോലും വില കൽപ്പിക്കാത്ത ഫെമിനിസ്റ്റ് കൊച്ചമ്മമ്മാരാണ് .. ഇവർ തന്നെയാണ് സ്ത്രീക്കും സ്ത്രീത്വത്തിനും വരെ വിലങ്ങുതടിയായ് വർത്തിക്കുന്നത്. 

സ്വാതന്ത്രം കൂടി എല്ലിനിടയിൽ കേറിയിട്ടുള്ള ഒരു തരം നെകളിപ്പ്.  സ്വാതന്ത്രം കൂടി എല്ലിനിടയിൽ കേറിയിട്ടുള്ള ഒരു തരം നെകളിപ്പ്. ഇവരടങ്ങില്ല പലതിന്റേയും മറ പിടിച്ച് ഇനിയും പല കളികൾ നമുക്ക് കാണിച്ചു തരും.
സ്ത്രീത്വമേ സൂക്ഷിക്കുക നിങ്ങൾ.

Monday, September 21, 2015

നേതാജി തൻ സ്മരണ നിറയട്ടെ മനസ്സുകളിൽ


ഹിറ്റ്‌ലറുടെ മുന്നിൽ മുട്ടുമടക്കാത്ത നേതാജി എന്ന ധീരദേശാഭിമാനിയെ സ്റ്റാലിന്റെ കാൽക്കീഴിലേക്കിട്ട് കൊടുത്ത, ഭാരതത്തെ വെട്ടിമുറിക്കാൻ കൂട്ടുനിന്ന, മുറവിളി കൂട്ടിയ, അധികാര മോഹിയായ നെഹ്രുവിയൻ തന്ത്രങ്ങൾ മറ നീക്കി പുറത്ത് വരട്ടെ.


വലിയിലും, കുടിയിലും, സ്ത്രീ ലമ്പടത്തരത്തിലും മുമ്പനെന്ന രേഖകൾ പുറത്തുവരുമ്പോൾ പിഞ്ചുകുരുന്നുകളെ റോസാപ്പൂ ചൂടി 'നെഹ്രുവിൻ പിറന്നാൾ' ആഘോഷിക്കുന്നതിൽ എന്തർത്ഥം


Monday, September 14, 2015

വാഗ്ദാനങ്ങളെല്ലാം കുരുങ്ങാതിരിക്കട്ടെ ചുവപ്പ് നാടയിൽ


ചാക്കിലിടാൻ നേതാക്കളെത്തും...ഞങ്ങളുണ്ട് കൂടെ എന്ന് പ്രഖ്യാപനം നടത്തും...നിരാഹാരമെന്നതിന്റെ അർത്ഥം പോലുമറിയാതെ കിടക്കപ്പായയിൽ മറിയുന്ന നേതാക്കൾ...

എന്തിനീ പ്രഹസ്സനങ്ങൾ കോലാഹലങ്ങൾ

അതത് പ്രദേശവാസികളുടെ അവസ്ഥകൾ അറിഞ്ഞ് പരിഹാരം കണ്ടെത്തുക എന്നത് എല്ലാ പാർട്ടി നേതൃനിരയുടെയും ഉത്തരവാദിത്തമാണ്. സ്വയം നന്നാകാൻ തിരക്ക് കൂട്ടുന്നതിനിടയിൽ അതിനെല്ലാം എവിടെ സമയം.

തൊഴിലാളി സംഘടനയുടെ ഒന്നും പിൻബലവുമില്ലാതെ മുളപൊട്ടിയ ഈ വികാരം പ്രശംസയർഹിക്കുന്നു.നേടിയെടുക്കണം......... അവകാശപ്പെട്ടതെല്ലാം...

സമരം 'വിജയം' എന്ന് ഏവരും പറയുന്നു.. നല്ലത്.

പക്ഷേ.., കണ്ട് തന്നെ അറിയണം ഈ ശതമാനക്കണക്ക് കൃത്യമായി നിങ്ങൾക്ക് കിട്ടിമോ അതോ പറഞ്ഞതിൽ കൂടുതൽ ശതമാനക്കണക്ക് നേതൃനിര തമ്മിൽ പങ്കുപറ്റുമോ എന്ന്

നേതാക്കളെ കാണുമ്പോഴുള്ള കണ്ണ്‍ മഞ്ഞളിക്കലും ജയ്‌ വിളിയും എന്ന് നിർത്തുന്നുവൊ അന്ന് പുലരും ജനാധിപത്യം.

Saturday, September 5, 2015

ജന്മാഷ്ടമി ദിനാശംസകൾ



     



ആശയങ്ങൾ ആവോളം പക്ഷേ പ്രവർത്തന വൈകല്ല്യത്താൽ ഒന്നും ഫലം കാണാതെ വരുമ്പോൾ കാട്ടിക്കൂട്ടുന്ന വെറും കോമാളിത്തമായ് മാറുന്നു ഈ മതേതര ശ്രീകൃഷ്ണ ജയന്തിയും അനുബന്ധ ആഘോഷങ്ങളും. ആഘോഷത്തിന് ആരും കൂച്ചുവിലങ്ങ് കൽപ്പിച്ചിട്ടില്ല..നല്ലത് തന്നെ. കൽപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്നത് സ്വയം രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം മാത്രം.

സാദാരണ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാനുള്ള ഇത്തരം ശ്രമങ്ങൾ എന്തിന് നടത്തുന്നു? അണികൾ മനസ്സ് കൊണ്ട് അംഗീകരിക്കുന്നില്ല ഈ മതേതര സാംസ്കാരിക കൂട്ടായ്മകൾ കാട്ടിയുള്ള കോമാളിത്തങ്ങൾ, എന്നത് മനസ്സിലാക്കാനുള്ള സാമാന്യ വിവേകം ഇവർക്കെന്തേ ഇല്ലാതെ പോകുന്നു??? എന്നിവർക്കതുണ്ടാകും?


പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ എന്തിന് മണ്മറഞ്ഞുപോയ നേതാക്കൾ പോലും പ്രസ്ഥാനത്തിന്റെ വ്യതിചലനസിദ്ധാന്തത്തിൽ നീറിപ്പുകയുന്നു എന്നത് നഗ്നസത്യം.


നിലനിൽപ്പിനുള്ള സമരം തന്ന്യാ ഇത്. അല്ലാണ്ടെന്താ??


"സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ"


ഏവർക്കും ജന്മാഷ്ടമി ദിനാശംസകൾ  


Thursday, August 27, 2015

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ


 

മുക്കുറ്റി, തുമ്പപ്പൂ, കാക്കപ്പൂ അങ്ങനെ നന്ത്യാർവട്ട പൂ വരെയുള്ള പൂക്കളാൽ ചാണകം മെഴുകിയ മുറ്റത്ത് അന്ന് നാം വിരിയിച്ചിരുന്ന ഓണപ്പൂക്കളങ്ങൾക്ക് നന്മയുടെ നിഷ്കളങ്കതയുടെ നിറം ഉണ്ടായിരുന്നു...നല്ല സുഗന്ധമുണ്ടായിരുന്നു. ഓണസദ്യയുടെ, ഓണക്കൊടിയുടെ മധുരത്തേക്കാൾ കൂട്ടുകാരുമൊത്തുള്ള കളികൾ തന്നെയായിരുന്നു മധുരതരം...

ശുദ്ധ കോമാളിത്തം തുളുമ്പുന്ന ന്യൂ ജൻ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോഴും... ആ പഴയ കാലഘട്ടത്തിന്റെ സുഗന്ധം, നിറം ഒട്ടും ചോരാതെ .. അത്തം മുതൽ പത്ത് വരെയുള്ള നാളുകൾ ചൊല്ലി.. ഓണവുമായി ബന്ധപ്പെട്ടതെല്ലാം സ്വന്തം കുഞ്ഞിന് പറഞ്ഞു കൊടുക്കാൻ കഴിയുന്നു എന്നതിന് ആ കാലഘട്ടത്തോട്, കാരണവന്മാരോട്, അച്ഛനമ്മമാരോട് നന്ദി പറയുന്നു.

                                       ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Monday, August 10, 2015

"ഷൂട്ട്‌ അറ്റ് സൈറ്റ്"




എന്തിനെന്നറിയാതെ ആരുടെയൊക്കെയോ ജൽപ്പനങ്ങളിൽ മയങ്ങി ചാവേർ ആകുന്നവർ...കോടാനുകോടി ജനങ്ങളുടെ ശാപം മാത്രം നേടി അവർ.

ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന സംഘടനകൾ.. പക്ഷേ അവരെ നിശ്ശേഷം ഇല്ലാതാക്കാൻ ഒരു മത്സരവുമില്ല

കഴിഞ്ഞനാൾ ഇവിടെയും പൊട്ടിത്തെറിച്ചു ഒരു ചാവേർ... കൊണ്ടുപോയ് കുറേ മനുഷ്യജീവനുകളെ...

പക്ഷേ പ്രവാസലോകം അവരവരുടെ തൊഴിലിൽ വ്യാപൃതരാണ്..അല്ലാതെ അവിടെയും ഇവിടെയും പൊട്ടുന്നത് കണ്ട് ഭയചകിതരാകാൻ നേരമില്ല..

ചോര കണ്ട് വിറങ്ങലിക്കാത്ത പ്രിയ ചാവേർ സോദരരേ....
ഒരുപാട് പേരുടെ ജീവിതമാണ് കൈവെള്ളയിൽ ഞങ്ങൾക്ക് ജീവിച്ചേ മതിയാകൂ...

നുമ്മടെ പുതിയ കസബിന് ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിലാണ് രസമെങ്കിൽ.....ലോകജനതയെ തന്നെ ചുട്ടെരിക്കാൻ രസക്കൂട്ടൊരുക്കി ഒരുങ്ങിയിറങ്ങിയിരിക്കുന്നു ഭീകരസംഘടനകൾ.... എന്ത് രസമാണോ ഇവർക്ക് കിട്ടുന്നത് ?? കൊല്ലുന്നത് ഒരു രസമാണെന്ന് പറയുന്നവനെയൊക്കെ "ഷൂട്ട്‌ അറ്റ് സൈറ്റ്" അല്ലാതെ വാദവും പ്രതിവാദവുമായ് ഇവനുവേണ്ടിയൊക്കെ സമയം കളയരുത്...തീറ്റിപ്പോറ്റരുത്.

Sunday, August 9, 2015

ഗദ്ഗദങ്ങൾ.... നാം ഇരുട്ടിലേക്ക്


ഓർമ്മകൾക്ക് മങ്ങലേൽക്കാത്തവിധം 
സ്നേഹബന്ധങ്ങൾക്ക് അകലം സംഭവിക്കാത്ത വിധം പായുമ്പോഴും
അറിയുന്നു ഞാൻ, ബന്ധങ്ങളും ഓർമ്മകളും എന്നെവിട്ടകലുകയാണെന്ന്.....
എവരുമെന്നെ,ഇരുൾമൂടിയ മനസ്സിന്നുടമയാക്കിയെന്ന്..


വെളിച്ചം പോലും വർഗീയതയിൽ മുങ്ങിയിരിക്കുന്നു... അല്ല മുക്കിയിരിക്കുന്നു...

അതിനെ ആളിക്കത്തിക്കാൻ ചർച്ചയും മറ്റുമായി ചാനൽശിരോമണികൾ..
ഇരുട്ടിനെ വിളിച്ചോതി വാഗ്വാദത്തിലേർപ്പെടുന്ന ഈശ്വരവാദികളും നിരീശ്വരവാദികളും.

ആരും കൃത്യമായി അനുഷ്ടിക്കുന്നില്ല എന്നതാണ് നഗ്നസത്യം...ചുമ്മാ കാണിച്ചു കൂട്ടലുകൾ..സാക്ഷാൽ പ്രപഞ്ച സത്യത്തെ പറ്റിക്കൽ...
ദൈവത്തിന് പോലും നാണം തോന്നുന്ന വിധമുള്ള ജൽപ്പനങ്ങൾ..
ആചാരത്തെ വിശ്വാസത്തെ അതിന്റെ വഴിക്ക് വിട്ടേക്കൂ... കൂടെ ദൈവത്തേയും..

"മനുഷ്യൻ മനുഷ്യനെ അറിഞ്ഞ് മനസ്സിനെ മലീമസമാക്കാതെ ജീവിച്ചോണ്ടാൽ മതീ"ന്ന് അശിരീരി.

ദൈവ സന്നിധി പൂകാൻ വാദപ്രതിവാദങ്ങൾ, അടിപിടി നടത്തേണ്ട ആവശ്യമില്ല. ദൈവത്തിന് അന്ധമായ ഒരു പ്രാർത്ഥനയും ആവശ്യമില്ല... അതുപോലെ മഹത്വം ആരിലും അടിച്ചേൽപ്പിക്കണ്ട കാര്യവുമില്ല. നാം ഇരുകാലികൾ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ ചിന്തകളും പ്രവർത്തികളും പുള്ളി കാണുന്നുണ്ട്...

അതിനാൽ ഒന്നുകൊണ്ടും പേടി വേണ്ടാ... "കിട്ടും" അങ്ങ് ചെല്ലുമ്പോൾ കാണിച്ചു കൂട്ടിയ എല്ലാ തോന്ന്യാസങ്ങൾക്കും, നല്ലതിനും കണക്കിന് പണി..പ്രതിഫലം. ഉറപ്പ്...

‪#‎ദൈവം‬ :ഹേ മനുഷ്യാ, നീ ഞാനാലും തിരുത്തപ്പെടില്ലെന്നെനിക്ക്‌ കാണിച്ചു തന്നു... നിന്നെ ഓർത്ത് സഹതാപമില്ല..ഒരിറ്റ് കണ്ണുനീർ പോലുമില്ലെൻ കണ്ണിൽ......അത്രമേൽ വെറുക്കുന്നു.

Monday, July 27, 2015

ആദരാജ്ഞലികൾ


ശരിക്കും നഷ്ടം തന്നെയാണ് 
ഭാരതത്തിന്... ലോകത്തിന്..

Saturday, July 25, 2015

ചിന്തകൾക്കും പ്രതീക്ഷകൾക്കും പഞ്ഞമില്ലാ


"കാത്തിരുപ്പ് "

ഇന്നിനെയറിയാതെ നാളെയെ സുരക്ഷിതമാക്കാനുള്ള വ്യഗ്രതയിൽ, അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടുന്ന തെറ്റുകളുടെ ആകെത്തുക കണക്കാക്കപ്പെടുന്ന ആ ദിനം ഒരുനാൾ നാമേവരിലും വന്നു ചേരും.

കാത്തിരുപ്പിനൊടുവിൽ....ആ വിധി ദിനത്തിൽ നാമെല്ലാം വിലങ്ങണിയും. നിശ്ചയം!!


"മഴക്കായ് തുടികൊട്ടി എൻ മനം "

അവാച്യമായ സൗന്ദര്യമാണവൾക്ക്.... തുള്ളിക്ക്‌ ഒരു കുടം പേമാരിയായ് നാട്ടിൽ ആടിത്തിമർക്കുകയാണത്രേ...

വശ്യമായ നിന്നെ ശ്വസിക്കാൻ, നിന്നെ നുകരാൻ, നിന്നിലലിഞ്ഞ് ചേരാൻ കൊതിയോടെ കാത്തിരിക്കുന്നവരിൽ ഈ ഞാനുമുണ്ട്. മനസ്സും ഉടലും കുളിരണിയിച്ചുകൊണ്ടവൾ പെയ്തിറങ്ങും... അങ്ങനെ ഒരുനാൾ അറിയുമവളുടെ സാമീപ്യം.. നിറനിർവൃതിയോടെ


ചന്നം പിന്നം മുത്ത്‌ പൊഴിച്ചുകൊണ്ടുള്ള നിന്റെ ആ ഇരമ്പലിന് കാതോർക്കുന്നു ഈ പ്രവാസവേഴാമ്പലുകൾ.


'സ്വപ്നം'

ഏവരും കാണാറുണ്ട്‌.... ഒന്നു മയങ്ങി എഴുന്നേൽക്കുമ്പോഴേക്കും മാഞ്ഞു പോകുന്ന നല്ലതും ചീത്തയും നിറഞ്ഞ് നിൽക്കുന്ന സ്വപ്‌നങ്ങൾ. ചിലത് നമ്മുടെ ജീവിത സാഹചര്യങ്ങളുമായ് ബന്ധപ്പെട്ടത് മറ്റുചിലത് നമ്മളുമായി നൂൽബന്ധമില്ലാത്തതും അവിശ്വസനീയമായതും.

'മരണം'

മരണത്തെ പറ്റി സംസാരിക്കരുതെന്നും സംസാരിക്കുന്നതിൽ തെറ്റില്ല എന്നും രണ്ടഭിപ്രായം കേട്ടു ഞാൻ. ഏതാണ് ശരി ഏതാണ് തെറ്റ് എന്നെനിക്കറിയില്ല പക്ഷേ, പേടിയില്ല.. ഇഷ്ടപ്പെടുന്നു എന്ന് മാത്രമാണ് അവരോടുള്ള എന്റെ വാദം.

മരണാനന്തരം നാമെല്ലാം ചെന്നെത്തുന്നത് മേൽപ്പറഞ്ഞ ഒരു സ്വപ്ന ലോകത്തായിരിക്കും അല്ലേ?? പക്ഷേ ഒന്നുചെന്നെത്തിയാൽ ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ഒരു മായാലോകമാണതെന്നു മാത്രം.

Thursday, July 9, 2015

ആത്മശാന്തി


വേദനയില്ലാതെ....
ആർക്കും അധികപ്പറ്റാവാതെ മരണത്തെ പുൽകണം.. അല്ലേ???
ഇന്നലെയും ഞങ്ങൾ കൂട്ടുകാരുടെ ചർച്ച മരണത്തെപറ്റി ആയിരുന്നു ....

ഒരുറക്കമുണർന്നെഴുന്നേറ്റപ്പോൾ കേട്ടതും മരണവാർത്ത തന്നെ.
പക്ഷേ ചിലരുടെ മരണം നമുക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരിക്കും. മനസ്സിൽ നൊമ്പരമുണ്ടാക്കും. അതെ ജീവിച്ച് കൊതി തീരാത്ത ഒരു മനുഷ്യനായിരുന്നു ഞങ്ങളുടെ മേനോൻ സാർ.

ആത്മശാന്തി നേരുന്നു.


Wednesday, June 10, 2015

"Yoga is not a religion"


കുറേ നാളുകളായി സൂര്യനമസ്കാരം ചെയ്തിട്ട് .... ഇന്ന് തുടങ്ങണം നാളെ തുടങ്ങണം എന്നൊക്കെ കരുതി ഇരിക്കുമ്പോഴാ യോഗാദിനാചരണവുയുമായി ബന്ധപ്പെട്ട് സൂര്യനമസ്കാരം എന്ന യോഗാ പ്രക്രിയയെ കേന്ദ്രം അങ്ങട് ഒഴിവാക്കി എന്നറിഞ്ഞത്. പുനരാരംഭിക്കാൻ പറ്റിയ ദിനം എന്ന് സ്വയം മനസ്സിലാക്കി നല്ല രീതിയിൽ മന്ത്രം ജപിച്ച് നല്ല രീതിയിൽ സൂര്യനമസ്കാരം ചെയ്തു.

എതിർപ്പ് സംഘടനകൾക്ക് ഇന്ന്, ഇപ്പോൾ, ഈ നിമിഷം തന്നെ സൂര്യനമസ്കാരം നിരോധിക്കണം എന്നതിന്റെ ചേതോവികാരം മനസ്സിലാവുന്നില്ല. ഇന്നോ ഇന്നലെയോ ഉടലെടുത്ത യോഗാ പ്രക്രിയ അല്ലല്ലോ ഈ സൂര്യനമസ്കാരം. കാലാകാലങ്ങളായി നിലനിൽക്കുന്ന 12 യോഗാസനങ്ങളുടെ ഒരു കൂട്ടാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായി ഗുണഗണങ്ങൾ ഒത്തിരി ഉള്ള യോഗാപ്രക്രിയ. ഏവർക്കും അറിയാം കൂടാതെ ജാതിമത ഭേദമന്യേ അനുഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കേട്ട പാതി കേൾക്കാത്ത പാതി സൂര്യനമസ്കാരത്തെ അന്ഗീകരിക്കാൻ പറ്റാത്തവർ ഇന്ത്യവിടണമെന്ന് മന്ത്രി ആദിത്യനാഥിന്റെ പ്രസ്ഥാവനയും.എതിർപ്പൻമാരുടെയും അനുകൂലരുടെയും ഇത്തരം വർഗ്ഗീയ ചിന്താഗതികൾക്കൊന്നും ഒരുത്തരവുമില്ല. മാറ്റമുണ്ടാകാൻ പോകുന്നുമില്ല. ഒന്ന് തീരുമ്പോൾ പൊട്ടാൻ പാകത്തിന് മറ്റൊന്നുണ്ടാവും എന്നതുറപ്പ്.
എന്തായാലും നിർബന്ധം ഒന്നിലും പാടില്ല...അനുഷ്ടിക്കുന്നവർ അത് തുടരട്ടെ.. നിർദോഷകരമായ കാര്യങ്ങളിൽ എന്തിനീ കോലാഹലങ്ങൾ.

Friday, May 29, 2015

മരണമേ....നീ എന്ന സത്യം!!

മരണത്തെപ്പറ്റി ചിന്തിക്കാത്തവരുണ്ടോ? അവരവരുടേതായ രീതിയിൽ ഒന്നിരുത്തി അങ്ങട് ചിന്തിച്ചോള്യാ.

വെറുതെ ഇരിക്കുമ്പോളൊക്കെ ഞാനടക്കം ഏവരും മരണത്തെ ഓർക്കാറുണ്ട്‌ എന്നത് സത്യം. നമ്മുടെ അസാന്നിധ്യം ആരെയൊക്കെ വേദനിപ്പിക്കും എന്നത് ഓർത്ത് ആരും കാണാതെ കണ്ണീർ വാർത്തിട്ടുമുണ്ട്.

നമ്മുടെ വീട് കൂട്ടുകാരെയും, ബന്ധുജനങ്ങളേയും കൊണ്ട് നിറയും.... പ്രാർത്ഥനാ നിർഭരമായ അന്തരീഷം....
നമ്മെ നോക്കി, നമ്മളെ ഓർത്ത് കണ്ണീർ വാർക്കുന്ന അമ്മയുടെ, ഉറ്റവരുടെ വ(സ്തം ആ ഉപ്പുനീരാൽ നനഞ്ഞ്‌ കുതിരുന്ന ദിനം...
ഉറ്റ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം....
ഉറക്കമൊളിച്ച് കട്ടൻകാപ്പി മൊത്തിക്കുടിച്ചും ചിലയിടങ്ങളിൽ വെള്ളമടിച്ചും തള്ളി നീക്കുന്ന ദിനം..
നമ്മുടെ ശരീരം പൊതിയാൻ വെള്ളക്കോടി തിരയുന്ന ദിവസം...
ഞാൻ നിത്യം ഉപയോഗിക്കുന്ന ഫോൺ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം....
ഞാൻ ഇടക്ക്‌ മാത്രം ഉപയോഗിക്കുന്ന "പ്രാർത്ഥനാ ഗ്രന്ഥങ്ങൾ " മാത്രം എന്നോട്‌ പരിചയം നടിക്കുന്ന ദിവസം....
നാം വാങ്ങിയ പുതു വസ്ത്രങ്ങൾ ഹാങ്ങറിൽ ഞാണ് കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം...
നമ്മെ കാണാൻ ഏവരും തിക്കും തിരക്കും കൂട്ടുന്ന ദിവസം....
നാമേവരെയും വെറും ജഡമെന്ന് എന്ന് പറയുന്ന ദിവസം....
ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തിൽ ഗരന്റിയും വാറന്റിയും ഉള്ള വസ്തുക്കൾ മാത്രം വാങ്ങിക്കൂട്ടി ഒടുവിൽ നമ്മുടെ ഗാരന്റി തീർന്ന ദിവസം.....

ഒടുവിൽ....

നിത്യം ഉപയോഗിക്കുന്ന സോപ്പ്‌ കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്‌... മുടി ചീകാതെ... പൊതിഞ്ഞു കെട്ടി വയ്ക്കുന്ന ദിനം.
വായ്ക്കരിയിടൽ...പട്ടുപുതക്കൽ.... കർമ്മകോലാഹലങ്ങൾ അരങ്ങേറും ദിനം...
വീട്ടുവളപ്പിൽ കത്തിയെരിയാൻ കൊതിച്ച നമ്മെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോകും ദിനം...
സ്വന്തം വാഹനത്തിലേറുന്നതിന് പകരം നിലവിളി ശബ്ദ ശകടത്തിലേറും ദിനം....
വീട്ടിനുള്ളിൽ നിലവിളിയുടെ തേങ്ങലുകൾ അലയടിക്കുന്ന വല്ലാത്ത നിമിഷം....

പിന്നെ....

പിന്നെ ആ എരിഞ്ഞടങ്ങൽ.. ഹോ.
ഏ സി ഉള്ള റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മെ തീച്ചൂളയിലേക്ക് തള്ളി വിടും ദിനം ...

കഴിഞ്ഞില്ലെ എല്ലാം??
മിനിട്ടുകൾക്കകം വെറും ചാരമായ് മാറും നാം.... പുണ്യനദികളിലലിഞ്ഞു ചേരും.

പിന്നെ...പതിയെ ഏവരും മറക്കും...
ഏവർക്കും നാം ഓർമ്മ മാത്രമാകും, ചുമരിൽ തൂങ്ങിയാടും വെറും ചിത്രമായ്‌ മാറും.

ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടിയെത്തുന്ന സത്യമാണ് മരണം. ആ സത്യത്തിലേക്കുള്ള യാത്രയാണ് ജീവിതം.
നന്മ ചെയ്യുക...നല്ല സൗഹൃദങ്ങൾ നിലനിർത്തുക.
ഏവരേയും സ്നേഹിക്കുക...
ആരേയും വേദനിപ്പിക്കാതിരിക്കുക...
കാരണം ആ വല്ലാത്ത ദിവസം വന്നാൽ ഒന്ന് മാപ്പ്‌ ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞൂന്ന് വരില്ല.....

ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച്‌ നോക്കൂ....
കഴിയുന്നില്ലേ നമുക്ക്‌... ആ ദിവസത്തിന്റെ മണം നുകരാൻ....
ഇല്ലേൽ കഴിയണം.

കടപ്പാട്: കണ്ണൻ പുത്തൻപറമ്പിൽ 

Tuesday, May 26, 2015

ഐ സ്സ് എന്ന നരഭോജികൾ


ശിരസ്സറ്റു വീഴും രംഗങ്ങൾ കണ്ടു രസിക്കുകയാണോ നിങ്ങൾ.

ലോകരാജ്യങ്ങളോട് എല്ലാം പുച്ഛം. ഏവരേയും വെല്ലുന്ന ആയുധശേഖരങ്ങളാണത്രേ ഇസ്ലാമിക് സ്റ്റേറ്റിനുള്ളതെന്ന് വാർത്തകൾ. നടേശാ കൊല്ലണ്ടാ എന്ന ഒരു ലൈനിൽ അമേരിക്കയടക്കം ലോകരാജ്യങ്ങൾ... ഈ ശവദാഹികളെ പിഴുതെറിയാൻ എത്ര തന്നെ നിമിഷം വേണം നമുക്ക്. ഇതിപ്പോ എല്ലാവരും കൂടി പനപോലെ വളർത്തിക്കൊണ്ടിരിക്കുന്നു.

ഒന്നും രണ്ടുമല്ല ലോകപൈതൃകപ്പട്ടികയിലുള്ള സിറിയയിലെ പാൽമിറയിൽ നൂറുകണക്കിന് ആളുകളെ കൊന്നുതള്ളി നരഭോജികൾ. കഴിഞ്ഞ ദിവസം ഇങ്ങ് സൗദിയിലും ചാവേർ കളി നടത്തി ഐ സ്സ്. സ്വന്തം കുടുംബത്തെ ആക്രമിച്ച് തന്നെ തുടങ്ങണം നരഹത്യകൾ എന്നാണ് സൗദിയിൽ ആഹ്വാനം ചെയ്തതെന്ന് വാർത്തകൾ. ആളെ ചേർക്കൽ പ്രക്രിയ അനസ്യൂതം നടന്നുകൊണ്ടേയിരിക്കുന്നു.

നമ്മുടെ കഴുത്തിനും കത്തി വെക്കുന്ന ദിനം വിദൂരമല്ലെന്നറിയുക.

ലോകമേ എന്തിന് മടിച്ചു നിൽക്കുന്നു. വേരോടെ പിഴുതെറിയുക. ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കൂക.


"ലോകത്തിലുള്ള ജനതകളിൽവച്ച് നാം അന്യരെ കീഴടക്കി ഭരിച്ചിട്ടില്ല. ആ ഒരു സുഭാഗ്യം നമുക്കുള്ളതാണ്. അതുകൊണ്ട് നാം ഇന്നും ജീവിക്കുന്നു" - സ്വാമി വിവേകാനന്ദൻ

Wednesday, May 13, 2015

ചുമ്മാതല്ല പഹയാ.. അന്തസ്സായി നോക്കിനിന്നിട്ടാ !!


തല്ലാൻ കൂലിക്ക് ആളെ കിട്ടും പക്ഷേ, കൂലിക്ക് ചുമ്മാ കയ്യും മടക്കി നോക്കി നിൽക്കാനോ ?? റെഡി. ഒരാളല്ല ഒരു പ്രസ്ഥാനം തന്നെ.

സംഭവം മ്മടെ പാലക്കാടിനടുത്ത് കുഴൽമന്ദത്ത് മ്മടെ ഒരു സുഹൃത്തിന് നേരിട്ട അനുഭവം.. ചെറുതായി തോന്നാം എങ്കിലും കാശിന്റെ വില അറിയുന്നവനെ സംബന്ധിച്ച് ഇരുട്ടടി തന്നെ എന്ന് പറയാം. ആറ്റുനോറ്റ് ഒരു വീട് പണിതു ചങ്ങായി, അവസാന മിനുക്കുപണിയെന്നോണം മേസ്തിരി മൂപ്പൻ പറഞ്ഞ പ്രകാരം കാർ പോർച്ചിലേ ക്ക് കുറച്ചു ടൈൽസ്സ് വാങ്ങി തന്റെ സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് വരുകയാണ്. വീടിനടുത്തുള്ള ജങ്ങ്ഷൻ കഴിഞ്ഞപ്പോൾ മുതൽ കുറച്ച് യൂണിഫോം ധാരികളായ (വിത്ത്‌ തോർത്ത്) തടാതടിയന്മാർ ബൈക്കിൽ പുറകേ..അവരെ ശ്രദ്ധിക്കാതെ കൊണ്ടുവന്ന ടൈൽ ബോക്സെല്ലാം അവൻ ഒറ്റക്കിറക്കി.. പതുക്കെ വീടിനകത്ത് കയറാൻ ശ്രമിക്കവേ തുരുതുരാ ഹോണടി... നോക്കിനിൽപ്പുകാരുടെ വിഷമം എന്തെന്ന് അവന് മനസ്സിലായി. 500 എടുത്തോ എന്ന മട്ടിൽ അവർ ആംഗ്യം കാണിച്ചു. "എന്റെ ചേട്ടന്മാരെ ന്യായം ഉണ്ടെങ്കിൽ തന്നേനെ ഇത് എന്നാ കൂത്താ .. ചുമ്മാ പിള്ളേര് കളിക്കുവാണോ". ആ ചോദ്യം ചോദിച്ചു തീർന്നില്ല എന്റെ ചങ്ങായിയുടെ ഓട്ടോക്കിട്ടൊരു തൊഴി, അടുത്തു കിടന്ന കമ്പിപ്പാര എടുത്ത് ഓട്ടോയുടെ ചില്ല് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു...തനി ഗുണ്ടായിസം. 

"We are not beggars" എന്ന മ്മടെ ജയേട്ടന്റെ ആ വാക്കുകളെ, തന്റെ തൊഴിലിനെ ഒട്ടും വിലവെക്കാതെ മാന്യത കൊടുക്കാതെയുള്ള ഗുണ്ടായിസം. 
കാശ് തന്നില്ലെങ്കിൽ നീ അനുഭവിക്കും എന്നൊക്കെ ഭീഷണി...പ്രശ്നം വഷളാവണ്ടാന്ന് കരുതി മ്മടെ ചങ്ങായി പോക്കറ്റിൽ ആകെയുണ്ടായിരുന്ന 700 രൂപയിൽ നിന്നും 500 കൊടുത്തു. അപ്പോ ശരി ഏട്ടാ പിന്നെ കാണാമെന്ന് പറഞ്ഞ് നോക്കുകൂലികൾ സ്ഥലം വിട്ടു.നാം തന്നെ കഷ്ടപെടുക കൈയ്യും കെട്ടി നോക്കി നിൽക്കുന്നവന് കൂലി കൊടുക്കേണ്ടി വരുക എന്തൊരു അവസ്ഥ.  എല്ലാ ചുമട്ട് തൊഴിലാളികളേയും കാടടച്ച്‌ കരിവാരി തേച്ചതല്ല...എന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചൂന്ന് മാത്രം.
"ജനങ്ങളെ മൊത്തം വിറ്റ് കാശാക്കുന്ന പടുമരങ്ങൾ ഭരണസിരാകേന്ദ്രത്തിൽ വിലസ്സുമ്പോൾ ഈ പാവം ചോട്ടാ ഗുണ്ടകളെ എന്നാ പറയാൻ??? പറഞ്ഞതിന് കിട്ടി... അതുകൊണ്ട് കൊടുത്തോഴിവാക്കീന്ന്" ചങ്ങായിയുടെ ആത്മഗതം!!




Sunday, May 10, 2015

എല്ലാം കണ്ടും കേട്ടും മണ്ടകായണെന്റെ കോയാ :(


ഇപ്പോഴത്തെ "നിതഖാത്" ഞങ്ങൾക്ക് ഇശ്ശി വിഷയമാണ് എന്നത് അറിയാവുന്നത് കൊണ്ടാവും ഞങ്ങൾ ഇരിക്കുന്ന ഓഫീസിന് മുന്നിലെ ഡോർ നുമ്മടെ മുദീർ അങ്ങ് പൂട്ടിത്. ആരെങ്കിലും ഇങ്ങ് ഹോട്ടലിൽ അരിച്ചുപെറുക്കാൻ വന്നൂന്നറിഞ്ഞാൽ പെട്ടെന്ന് തന്നെ ദോണ്ടേ ഈ ഡോർ വഴി പുറത്തേക്ക്.. എന്നൊക്കെ പറഞ്ഞ് ഞങ്ങ ഇറങ്ങി പോകേണ്ട വിധം പുള്ളിക്കാരൻ പാത്തും പതുങ്ങിയും ഒക്കെ കാണിച്ചു തന്നു..പാവം  മുദീറിന്റെ സ്നേഹം കണ്ട് സത്യത്തിൽ ഒരു നിമിഷം ഞാനടക്കമുള്ള ആശ്രിതജോലിക്കാർ വികാരാധീരരായ്..

പതുക്കെയാണ് വിഷയത്തിന്റെ ഗൌരവം ഞങ്ങൾ തിരിച്ചറിഞ്ഞത് നുമ്മളെ പിടിച്ചാൽ അതുവഴി മുദീറിനും ഭീമമായ തുക നഷ്ടമാകും കൂടാതെ നോട്ടപ്പുള്ളിയായ് മാറുകയും ചെയ്യും. അത് മുന്നിൽ കണ്ടുള്ള പൂട്ടലായിരുന്നു അത്.  അമ്പട മുദീറേ....

നുമ്മളെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ശരി ഇതിപ്പോ പിടിവീണാൽ കുടുംബമടക്കം നാട്ടിലെത്തും. എന്തൊക്കെ ആയാലും വിഷയം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു എന്ന് സാരം. ആയതിനാൽ കൂടിയിരുന്ന് ഞങ്ങൾ ആശ്രിതർ ചെയ്ത ചർച്ചയിൽ പലതരം ചിന്തകൾ പൊന്തി വന്നൂട്ടോ..എന്തായാലും പേടിച്ചരണ്ട ഈ യാത്രക്ക് ഒരു മുക്തി വേണം കാരണം "എത്രകാലം ജീവിച്ചു എന്നതിനേക്കാൾ എങ്ങനെ ജീവിച്ചു" എന്നതിനല്ലേ പ്രസക്തി.

ദാസനും വിജയനും പറയുന്നപോൽ ഇന്നില്ല സാർ ഞങ്ങൾ ഇന്നില്ല സാർ. അതെ നാളേക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ഇന്നിനെ മറക്കുന്നു...പേടിക്കുന്നു. ഇന്നിനെ ആസ്വദിക്കാതെ രാവിലെ മുതൽ അന്തി വരെ ഓടടാ ഓട്ടം. ഈ ഓട്ടപ്പാച്ചിൽ എന്നവസാനിക്കും എന്റെ ദേവ്യേ? ചോദ്യം അവസാനിക്കുന്നതിന് മുൻപേ 'അവസാനിക്കില്ല എന്റെ കുട്ട്യേന്ന്' ഒരശരീരി വന്നപോലെ ഒരു തോന്നൽ....

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നവർ (ദാസ് & വിജയൻ) പറഞ്ഞപോൽ നാളെ എന്ന വിശ്വാസം നിലനിർത്തുന്നുണ്ട് പക്ഷേ അപ്പോഴേക്കും ആറടി മണ്ണ് നമ്മളെ കൈനീട്ടി വിളിക്കുമോ??.... കൂടിവന്നാൽ 3 ലക്ഷം മണിക്കൂർ അത്രയൊക്കയേ ആ സത്യത്തിലേക്ക് വേണ്ടി ചിത്രഗുപ്തൻ നമുക്കായ് നീക്കിവെച്ചിട്ടുണ്ടാകൂ.

എന്തായാലും പ്രതീക്ഷയുടെ പുൽനാമ്പുപോൽ പോവുക തന്നെ ധീര ധീരം മുന്നോട്ട്. 



Tuesday, April 28, 2015

"PRAY FOR NEPAL"


ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിലുണ്ട് 6, 7 നേപ്പാളി പയ്യന്മാർ. ദൈവകൃപയാൽ ഉറ്റവർക്കൊന്നും സംഭവിച്ചിട്ടില്ല എന്നതിൽ ആശ്വാസമുണ്ടെങ്കിലും തങ്ങളുടെ നാടിന്റെ അവസ്ഥയിൽ .. പൈതൃകം തകർന്നടിഞ്ഞതിൽ മനം നൊന്തിരിക്കുന്നവരാണവർ .. ഇനിയൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ അവർക്കുള്ളൂ..നമുക്കും.

രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇന്ന് ഒരു സ്റ്റാഫ് അവധിക്കാലം ആഘോഷിക്കാൻ പോവുകയാണ്...."ഹാപ്പി & സേഫ് ജേർണി" എന്നൊക്കെ പറഞ്ഞ് ഞങ്ങൾ യാത്രയാക്കി. ഇന്നത്തെ തന്റെ നാടിന്റെ അവസ്ഥയിൽ അവനെന്ത് ആഘോഷം.. മനസ്സിൽ നിറയെ പരിഭ്രാന്തി മാത്രം... സുരക്ഷിതമായ്‌ പോയ്‌ വരട്ടെ .. നല്ലത് മാത്രം നേരുന്നു.

തുടർചലനങ്ങൾ ഒന്നിന് പുറകേ ഒന്നായ് വന്നുകൊണ്ടിരിക്കുന്നു.. സർവ്വേകളുടെ അടിസ്ഥാനത്തിൽ ഇനിയും തുടർചലനങ്ങൾക്ക് സാധ്യത ഏറെ...

യെമൻ രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സർക്കാർ കൈകൊണ്ട ശ്ലാഘനീയ നടപടികൾ നാം കണ്ടതാണ്. നേപ്പാളിനെ നെഞ്ചോട് ചേർത്ത് പിടിച്ച് എല്ലാ തരത്തിലുമുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം..

ഒരു മുന്നറിയിപ്പും കൂടാതെ വരുന്ന ദുരന്തമാണ് ഭൂകമ്പം. ഹൈടെക് നിലയിലുള്ള നമ്മുടെ വളർച്ച നല്ലതു തന്നെ. പക്ഷേ അങ്ങ് ഒരു കോണിൽ നടന്ന ഭൂമിയുടെ താണ്ഡവനൃത്തത്തിൽ ഇങ്ങ് നമ്മുടെ കൊച്ചി വരെ പ്രകമ്പനം കൊണ്ടു....ജാഗരൂകരായിരിക്കാം.

Tuesday, April 14, 2015

നൻപൻസ്സിന് നന്ട്രി


കഴിഞ്ഞ നാലാം തീയതി അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം അങ്ങേത്തീല്ല. കൂടി വന്നാൽ 4 ദിവസം ഇതിപ്പോ 9 ദിവസമായി. പെട്ടെന്ന് കാശ് എടുത്ത് മറിക്കാൻ പറ്റുന്ന അന്തരീഷം, ചുറ്റുപാട് എന്നെ സംബന്ധിച്ച് ഇല്ലതാനും. ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ ആവശ്യത്തിന്, അതും വാക്ക് പറഞ്ഞിട്ട് കാശ് സമയത്ത് എത്തിക്കാൻ പറ്റാത്തതിൽ ഉള്ള മാനസികപ്രയാസം, വിശ്വാസതകർച്ച എല്ലാം ആയി മിണിങ്ങ്യസ്സ്യനായ് ഞാൻ ഇരുന്നു.

എനിക്ക് ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ നുമ്മടെ സ്വന്തം ജോർജ്ജ് ഭായ് ആണ് ഒന്നൊന്നര മണിക്കൂർ ക്യൂ നിന്ന് അയച്ചത്.. സമയത്ത് വിളിച്ച് അയച്ചോ ഇല്ലയോ എന്നൊക്കെ ചോദിച്ച് ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റാത്തതിനാൽ പുള്ളിയുടെ വക ചീത്ത വേറെ എന്നാ ചെയ്യാനാ?

മലയാളി ഓഫീസറോട് കാര്യവിവരം തിരക്കിയപ്പോൾ അന്ന് അയച്ചതിൽ പലരുടെയും അവസ്ഥ ഇതന്നെ. പേടിക്കണ്ട. കാത്തിരിക്കൂ.. അക്കൗണ്ടിൽ വീണോളുംന്ന്. ഇവിടെ ചന്തിക്ക് തീപിടിച്ചിരിക്കുമ്പോൾ ഉടനെ കെടുത്തുന്നതിനു പകരം കുറച്ചൂടി കത്തിപിടിക്കട്ടെ എന്ന് പറയുന്നപോലെയായി.

സഹായം വീണ്ടുമെത്തി കൂട്ടുകാരുടെ രൂപത്തിൽ നിമിഷങ്ങൾക്കുള്ളിൽ തുട്ടെത്തി നാട്ടിൽ. പുറകെ വന്നുകൊണ്ടിരിക്കുന്ന (വരുമായിരിക്കും അല്ലേ ) കാശെടുത്ത് നൻപന് കൊടുത്താൽ സംഗതി ഉഷാർ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുംപോൽ കാശിന് വേണ്ടി നോക്കിയിരിപ്പ് തുടങ്ങി ഞാൻ... ഞാൻ മാത്രമല്ല നൻപനും. വരും.. അല്ലാതെവിടെപ്പോകാൻ? അല്ലേ?

അപ്പോ ഏവർക്കും വിഷു ആശംസകൾ

Friday, March 20, 2015

"ഓർമ്മകൾ" മധുരവും കയ്പ്പും നിറഞ്ഞത്. സ്കൂൾ കാലഘട്ടത്തിലൂടെ..

അപ്പർ പ്രൈമറിയിലേക്ക്....പുത്തൻ പ്രതീഷകളും പുതു പുത്തൻ കൂട്ടുകാരെയും തേടി എന്ന ബ്ലോഗിന്റെ തുടർച്ചയാണ്. കുസൃതിത്തരങ്ങളും കുഞ്ഞുകുഞ്ഞു ഓർമ്മകളിൽ ചിലതുമെല്ലാം കഴിഞ്ഞ ബ്ലോഗിൽ പങ്കുവെച്ചിരുന്നു. പ്രണയത്തെപ്പറ്റി മ്മടെ ലാലേട്ടൻ കാസിനോവയിൽ പറയുന്ന വാക്കുകൾ ഞാൻ ഒന്നൂടെ കേട്ടു. കാരണം ഞാൻ പറയാൻ പോകുന്നത് ആറാം ക്ലാസ്സിലെ എന്റെ ഇഷ്ടത്തെപ്പറ്റിയാണ്‌. അതുകഴിഞ്ഞും ഇഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ മങ്കര സ്കൂളിലെ ആ സുന്ദരിപ്പെണ്ണ്‍ കുറച്ചൊന്നുമല്ല എന്നെ മോഹിപ്പിച്ചത്. പ്രണയം എന്നതെന്തെന്ന് അറിയാതെയുള്ള ആ മോഹം ഇഷ്ടമായ് വളർന്നു. മഞ്ചാടിക്കുരു എന്ന സിനിമ ശരിക്കും എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. പല രംഗങ്ങളിലും ഞാൻ എന്നെ കണ്ടു. കളിചിരിയും കുസൃതിയുമായി തികഞ്ഞ സ്വാതന്ത്രത്തോടെ ആണ് ഞാൻ എന്റെ കൂട്ടുകാരുമായി ഗ്രാമത്തിൽ പാറി നടന്നത്. അതുപോലെ 1983 എന്ന സിനിമയിലെ സ്കൂൾ കാലഘട്ടം മങ്കര സ്കൂളിലേക്കും കോട്ടയത്തെ ചിന്മയാ വിജ്ഞാന മന്ദിർ സ്കൂളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു..കളി, ചിരി, കുസൃതികൾക്കിടയിൽ പ്രണയവും വന്നുകൂടി. ഇഷ്ടങ്ങളുടെ പേരൊന്നും ഞാൻ പറയുന്നില്ല അത് അനിഷ്ടങ്ങൾക്ക് വഴിയൊരുക്കിയാലോ..

അപ്പോൾ മ്മടെ മങ്കര സ്കൂളിൽ നിന്ന് തന്നെ തുടങ്ങാം. സർ.ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ഗവണ്‍മെന്റ് ഹൈസ്കൂൾ. ആറാം ക്ലാസ്സിൽ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ആ കുട്ടി.. പച്ചപ്പാവാടയും വെള്ള ഷർട്ടും ധരിച്ചു വന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടി ആയിരുന്നു എന്റെ എല്ലാം. ആ ഇഷ്ടം എന്റെ മാത്രം എന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. അത്രക്കും നിഷ്കളങ്കമായിരുന്നു അവളുടെ പ്രവർത്തികൾ, ചലനങ്ങൾ. പക്ഷേ, എല്ലാം എനിക്ക് മാത്രമേ തോന്നിയിരുന്നുള്ളൂ.. ഇങ്ങോട്ട് ഒന്നും ഇല്ലായിരുന്നു എന്ന നഗ്ന സത്യം വൈകാതെ തിരിച്ചറിഞ്ഞു. വിലങ്ങുതടിയായി വന്ന അവളുടെ മുൻ സഹപാഠി എന്റെ എല്ലാ മോഹവും തച്ചുടച്ചു. അവളെപ്പോലെ അവനും പഠിപ്പിസ്റ്റ്.. അപ്പോപ്പിന്നെ പറയണ്ടല്ലോ. എന്തായാലും അവനോട് അടികൂടി സ്വയം നാണം കെടാൻ എന്റെ ആരോഗ്യം എന്നെ അനുവദിക്കില്ല എന്നറിയാവുന്നതിനാൽ കുരുട്ട് ബുദ്ധി ഉപയോഗിക്കാൻ തീരുമാനിച്ചു. ഒരു നെടുനീളൻ ഭീഷണിക്കത്തെഴുതാൻ സഹപാഠിയായ കണ്ണൻ എന്നെ നിർബന്ധിച്ചു. അവനല്ല അവൾക്ക്..കത്തിന്റെ ഏകദേശരൂപം ദോണ്ടേ...

'എന്റെ' അല്ലേൽ വേണ്ട എന്ന് ഞാൻ ഇരുന്നോട്ടെ എന്ന് കണ്ണൻ. അങ്ങനെ എന്റെ എന്നെഴുതിയതിന് ശേഷം കുട്ടിയുടെ പേരെഴുതി. വേണ്ട വേണ്ട എന്ന് വിചാരിച്ചപ്പോ ആഹാ ഇനി മുതൽ നീ എന്നോട് മാത്രം മിണ്ടിയാൽ മതി ട്ടോ..അവനോട് കൂട്ട് വേണ്ട....അവൻ നല്ലതല്ല.. മിണ്ടിയാൽ ...ശരിയാക്കും രണ്ടിനേം ഞാൻ. നിന്നെ എനിക്കിഷ്ടാ അപ്പോ പറഞ്ഞപോലെ എന്നെ മാത്രം ട്ടോ.
അന്നത്തെ ആ ഭീഷണിക്കത്ത് എങ്ങനെയുണ്ട്?? ഹി..ഹി

കത്ത് ചുരുട്ടി അവളിലേക്ക്‌ എറിഞ്ഞതും അവളുടെ ഉറ്റസുഹൃത്തായ തടിച്ചിപ്പാറു തിരിഞ്ഞ് നോക്കിയതും ഒരേ സമയത്ത്... തീർന്നെടാ എന്ന് കണ്ണൻ. നിലത്ത് വീണ കത്തെടുത്ത് ഞങ്ങൾ എഴുതിയ അക്ഷരക്കൂട്ടുകൾ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും 'ഉണ്ട' വായിച്ചു. എന്റെ പെണ്ണടക്കമുള്ള ഫസ്റ്റ്ബെഞ്ചെഴ്സ് എല്ലാം കേട്ടിരുന്നു. അവനാടി എറിഞ്ഞതെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് തടിച്ചിപ്പാറു എന്റെ നേരെ കൈ ചൂണ്ടി. ഞാൻ ഇതാ വിറ. കുറച്ച് കഴിഞ്ഞപ്പോൾ ആ കത്തും പിടിച്ച് എല്ലാം കൂടെ സ്റ്റാഫ് റൂമിലേക്ക്‌ പോയി.. എനിക്കുള്ള വിളി വന്നു..പേടിച്ച് വിറച്ച് ഞാൻ ക്ലാസ്സ് ടീച്ചറുടെ മുന്നിൽ ചെന്ന് നിന്നു. കിട്ടി ചൂടോടെ 2 എണ്ണം. നല്ല ചൂരൽ കഷായം. ദേഷ്യം എല്ലാം തടിച്ചിയോടായിരുന്നു. എറിഞ്ഞ ടൈമിംഗ് തെറ്റിയെങ്കിലും അവളാണല്ലോ ഇവിടം വരെ എത്തിച്ചത്. ഹോ എന്തൊരു നീറ്റൽ.. കൈ കുടഞ്ഞുള്ള എന്റെ വരവ് കണ്ട് തടിച്ചിപ്പാറു അടക്കം ഏവരും ചിരിച്ചു...മന്ദസ്മിതം എന്റെ പെണ്ണിലും ഞാൻ കണ്ടു. പിറ്റേ ദിവസം മുതൽ ഇന്റർവെൽ സമയത്തും മറ്റും ഈ പെണ്‍ഗ്യാങ്ങിനെ ക്ലാസ്സിന് വെളിയിലിറക്കാതെ തടഞ്ഞ് നിർത്തും. സത്യത്തിൽ ഒന്നിന് പോകാൻ പോലും വിടില്ലായിരുന്നു. പക്ഷേ കയ്യൂക്കിന്റെ (തടിച്ചിപ്പാറൂന്റെ) ബലത്തിൽ ഞങ്ങളെ തട്ടിമാറ്റി അവർ മുന്നോട്ട്.. അതുപോലെ അവധി ദിനങ്ങളിൽ വല്ലപ്പോഴും അവളുടെ വീടിന് മുന്നിലൂടെ കൂട്ടുകാരുടെ കൂടെ ഒരു സൈക്കിൾ സവാരി . കുരുത്തക്കേടിന്റെ അങ്ങേയറ്റം. എല്ലാം വീണ്ടും പ്രശ്നമാകും എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് പെണ്ണിന് ഇഷ്ടക്കേടുണ്ടാകും എന്ന് മുൻകൂട്ടിക്കണ്ട് അങ്ങ് നിർത്തി.

ദേഷ്യം എന്ന വികാരത്താൽ ആരെയും നശിപ്പിക്കാൻ സാധിക്കില്ല പക്ഷേ അത് സ്വയം നമ്മളെ നശിപ്പിക്കും എന്ന വാക്യം ദിലീപ് സാർ ഒരു ക്ലാസ്സിൽ പറഞ്ഞതും ഞാൻ ഓർത്തു....ഇന്നും ഓർക്കുന്നു.. അതിനാൽ....ദേഷ്യം നിയന്ത്രിക്കുന്നുണ്ട് എങ്കിലും എന്നിലെ ക്ഷമ നിയന്ത്രണാതീതം എന്നാണ് ഇപ്പോഴത്തെ ഒരു അപശ്രുതി. അത് കുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടത്രെ .. സാരമില്ല..അതങ്ങനെ തന്നെ പോട്ടെ .ഏവരോടും കൂട്ട് കൂടാൻ തുടങ്ങി. പക്ഷേ ഇഷ്ടത്തെ ഇഷ്ടമായ് തന്നെ മനസ്സിൽ നിർത്തി. ഹൈസ്കൂളിലെത്തി ക്രിക്കറ്റ് കളിയാൽ പഠനം കുറച്ച് ഉഴപ്പി... അവധി ദിവസങ്ങൾ എല്ലാം വെള്ളറോട്ടെ ചെക്കന്മാരുമായ് മാച്ചുണ്ടാവും. ഒരു നോട്ട്ബുക്ക് ഞങ്ങൾ അതിനുവേണ്ടി തയ്യാറാക്കുമായിരുന്നു. ആരൊക്കെ ഓപ്പണിംഗ് ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡിങ് പോയിന്റ്‌, സ്കോർ കാർഡ് അങ്ങനെ എല്ലാം അതിലുണ്ടാകും. ഫീൽഡിങ് അത്രയേറെ ഇഷ്ട്ടമായിരുന്ന എനിക്ക് പ്രചോദനം അസ്സഹ്റുദ്ദീനും ജോണ്ടിറോഡ്സ്സും ആയിരുന്നു. കളിയും ചിരിയും പഠനവുമായ് ദിനങ്ങൾ കടന്ന് പോയ്‌. എട്ടാം ക്ലാസ്സിലെ വിജയത്തിന് "വി ഗൈഡിന്" നന്ദി പറയുന്നു. അത് നോക്കിയുള്ള കോപ്പിയടിയും കൂട്ടുകാരുടെ സഹായവും ഇല്ലായിരുന്നേൽ എട്ടിൽ എട്ടു നിലയിൽ പൊട്ടിയേന്നെ.

പെട്ടെന്നൊരു ദിവസം ഞാനറിഞ്ഞു ഞങ്ങളെ ഏവരെയും അച്ഛൻ കോട്ടയത്തേക്ക് കൊണ്ടുപോവുകയാണെന്ന്. ആ ഒരു പറിച്ചുനടൽ ഉള്ള് വേദനിപ്പിച്ചു.. കൂട്ടുകാരെയും സ്വന്തം ഇഷ്ടത്തെയും,അമ്മൂമ്മ, അമ്മാവൻ, അമ്മായി അങ്ങനെ എല്ലാവരെയും പിരിഞ്ഞ്...

ഏവരോടും യാത്ര പറയാൻ സ്കൂൾ അങ്കണത്തിൽ..എന്റെ ക്ലാസ്സ് മുറിയിൽ. എല്ലാവരുടേയും നോട്ടത്തിനിടയിൽ എന്റെ ഇഷ്ടത്തിന്റെ കണ്ണ് ഇടറുന്നത് കണ്ടു. തലയാട്ടി ശരി എന്ന് സമ്മതം തന്നു. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ആ സമ്മതം എനിക്ക് സന്തോഷം നൽകി. യാത്ര പറഞ്ഞിറങ്ങി. എന്റെ മാത്രം ആകും എന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ..എന്തോ പിന്നീട് ആ ഇഷ്ടത്തെ കണ്ടുമുട്ടാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു കല്യാണമൊക്കെ കഴിഞ്ഞ് കുഞ്ഞുകുട്ടി കുടുംബമായ് സുഖമായി ജീവിക്കുന്നൂന്ന്.നല്ലത്.

അച്ഛന്റെ പ്രിയസുഹൃത്ത് കൊച്ചാരി മാമൻ കാറുമായ്‌ വന്നു. പിറ്റേദിവസം ഞങ്ങൾ യാത്ര തിരിച്ചു അക്ഷരനഗരിയായ കോട്ടയത്തേക്ക്...