Sunday, March 8, 2015

പെണ്‍ദിനം. എന്നും..എന്നെന്നും



സ്ത്രീയില്ലാതെ പുരുഷനില്ല അതുപോലെ തിരിച്ചും..അല്ലെ??. ലോകത്താകമാനമുള്ള സ്ത്രീ സമൂഹത്തെ ഓർക്കാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ?? എല്ലാ ദിവസവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീ എന്ന സുന്ദരസൃഷ്ടി നമ്മളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മുത്തശ്ശിയായും, അമ്മയായും, ഭാര്യയായും, ചേച്ചിയായും, അനിയത്തിയായും, പ്രണയിനിയായും, കൂട്ടുകാരിയായും പല തലങ്ങളിൽ അവർ നിറഞ്ഞു നിൽക്കുന്നു.. അനിർവചനീയമായ സ്നേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ജീവിതത്തിൽ മഴവില്ലഴകാകുന്നു.. വെളിച്ചമായ് മാറുന്നു.

"നിർഭയ"ത്തോടെ കാട്ടളത്തം അഴിഞ്ഞാടുന്ന ഈ കലികാലത്തിൽ ഈ സ്നേഹസൃഷ്ടിയെ സംരഷിക്കുക എന്നത് ലിംഗഭേദമന്യേ നാം ചെയ്യേണ്ട കർത്തവ്യം തന്നെ ആണ്. കൂടുതൽ ചിന്താശകലങ്ങൾ നിരത്തി അറുബോറാക്കുന്നില്ല.

ഏവരോടും സ്നേഹം..സ്നേഹം...സ്നേഹം..മാത്രം. heart emoticon heart emoticon

Tuesday, February 17, 2015

പാലക്കാട്ടങ്ങാടിയിലെ "യമ്മി ടിഫിൻ"

വിനായക ടിഫിൻ സ്റ്റാൾ
*************************
അങ്ങാടിയിലെ നോർത്ത് പോലീസ്റ്റേഷന് സമീപത്തെ ഏകദേശം 10 പേർക്ക് തികച്ചിരിക്കാവുന്ന വൃത്തിയുള്ള ഒരു കൊച്ചു ടിഫിൻ കട. മനുവും ഞാനും 7 മണിയോടെ അവിടെത്തി സേവയും 2 നൈസ്സ് ദോശയും ഓർഡർ ചെയ്തു.ചട്ണി സാമ്പാർ കട്ടചമ്മന്തി മുളക് ചമ്മന്തി എന്നിവയോടെ ആവി പറക്കുന്ന സേവയും ദോശയും ദേ മുന്നിലെത്തി... മണമാസ്വദിച്ചുകൊണ്ട് ഇത്തിരി നേരം ഇരുന്നു. വിജീഷേട്ടാ നിങ്ങള് നോക്കിയിരിക്കാതെ കഴിക്കീന്ന്.. മനുവിന്റെ കമന്റ്‌.... അങ്ങനെ ടിഫിൻ ഉഷാർ.

മനുവിന്റെ ഫോണിൽ നിന്നും കഴിക്കുന്നതിന്റെ സെൽഫി എടുക്കണം എന്നാഗ്രഹിച്ചിരുന്നതാ പക്ഷേ പോളിങ്ങിനിടയിൽ അത് നടന്നില്ലാ അതുകൊണ്ട് കടയുടെ ഫോട്ടം പിടിച്ച് തൃപ്തിയടഞ്ഞു.



നട്ടെല്ലില്ലാത്ത സാക്ഷികൾ


നിസ്സാമിന്റെ ക്രൂരകൃത്യത്തെപ്പറ്റിയുള്ള മാധ്യമപ്പടയുടെ വിവരണം അസ്സലായി. സാക്ഷികൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വിവരണം ആയിരുന്നു അത്. അല്ലാ അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ ഈ സാക്ഷികൾക്കെന്താ കൊമ്പുള്ളത് കൊണ്ടാണോ എല്ലാം കണ്ട് നിന്നത്?? ഒരൊറ്റ ആണൊരുത്താനും ഇല്ലായിരുന്നോ ഇവന്റെ തണ്ടെല്ല് തകർക്കാൻ??? കാഴ്ചക്കാരായ് മാധ്യമപ്പടക്ക് മുന്നിൽ നിന്നുകൊണ്ട് ഒരു പാവം മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നത് നല്ല വൃത്തിയായ് വിവരിച്ചുകൊടുത്തു. എന്താല്ലേ??

പടച്ചോന് നിരക്കാത്ത മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവർത്തികൾ ചെയ്യുന്ന ഇവൻ ഐ എസ്സ് തീവ്രവാദിക്ക് തുല്യം. നിയമത്തെ കബളിപ്പിച്ച്‌ പോലീസും ഗവണ്‍മെന്റും പരസ്പരം കൈകോർത്ത് ഇത്രയും കാലം ഇവനെ സംരക്ഷിച്ചു. മതി.. ഇനി തൂക്കുകയർ. ദൈവസന്നിധിയിൽ അതിനുമപ്പുറമുള്ള ശിക്ഷ നിന്നെ കാത്തിരിക്കുന്നു.

വേദന ശമിക്കാനായ് മുട്ടിക്കുളങ്ങരയിലേക്ക്


ആദ്യം തോന്നിയ പോലെയല്ലാ ട്ടോ....ഫിസിയോ ആൾ പുപ്പുലി ആണെങ്കിലും തുട്ട് കൊടുത്ത് മുതലാവില്ല.. വേദന കുറച്ച് കൂടുകയും ചെയ്തു. വിജിത്തേട്ടൻ പറഞ്ഞതനുസരിച്ച്, പുള്ളിയും ഞാനും ചന്ദ്രനഗർ കഴിഞ്ഞ് കോയമ്പത്തൂർ ഹൈവേയിലേക്ക് കേറുന്നതിന് മുൻപ് ഇടതുവശത്തുള്ള 'മുട്ടിക്കുളങ്ങര എണ്ണ' ലഭിക്കുന്ന വൈദ്യൻ കൈലാസ്നാഥന്റെ അടുക്കലേക്ക്‌ പാഞ്ഞു. എന്റെ കൈ കണ്ടപാടെ പുള്ളി പറഞ്ഞു "ഒന്നുമെനിക്ക് ചെയ്യാനില്ല..ഉഴിഞ്ഞിട്ട് കാര്യമില്ല...വേണച്ചാ നേരെ കോയമ്പത്തൂർ ഗംഗയിലേക്ക് പൊക്കോളൂ" എന്ന് പറഞ്ഞു. കൈ ഒന്ന് നിവർത്തി പിടിക്കാൻ പറഞ്ഞിട്ട് ചെവിക്ക് തൊട്ടുതാഴെ ഒന്നമർത്തി വേദന കുറവുണ്ടോ എന്ന് ചോദിച്ചു. "ഇല്ലാ".. എന്ന് എന്റെ മറുപടി. വേദന ഇല്ലാച്ചാ ഉഴിഞ്ഞ് ശരിയാക്കാമായിരുന്നൂത്രേ. "കൈക്കുഴയിലെ ഫ്ലൂയിഡ് കട്ട പിടിച്ചിട്ടുണ്ട്. തനിക്ക് വളക്കണം..തിരിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെമെങ്കിൽ ഗംഗയിൽ ചെല്ലുക കീറിമുറിക്കുക". ഫിസിയോ എന്നോട് പറഞ്ഞത് താമസിയാതെ കൈമുട്ടിലേക്ക് വേദന വരും അവസാനം ഇടതുകൈക്ക് പ്രവർത്തനശേഷിയേ ഉണ്ടാവില്ല എന്നാണ്. "പോകാൻ പറ അയാളോട് തനിക്ക് ഒരു കുഴപ്പവും വരില്ല" എത്ര ഭാരം വേണമെങ്കിലും എടുത്തുയർത്താം..പക്ഷേ വലതു കൈക്കുഴപോലെ ഒരൊഴുക്കു വരില്ല എന്ന് വൈദ്യൻ പറഞ്ഞു. വേണമെങ്കിൽ തനിക്ക് ഞാൻ എണ്ണ തരാം..ചെവിക്കു താഴെ നിന്ന് ഇടുപ്പ് വരെ ഇടുക..ഒരുമണിക്കൂർ കഴിഞ്ഞ് ചെറിയ രീതിയിൽ കൈക്കുഴ തിരിക്കാൻ ശ്രമിക്കുക.. പച്ചവെള്ളത്തിൽ കുളിക്കുക. കുറച്ച് നാൾ കഴിയുമ്പോൾ വേദന നിശേഷം മാറും.. കൈക്കുഴ പഴയപടി ആവണമെങ്കിൽ സർജറി അവശ്യം തന്നെ എന്ന് വീണ്ടും പുള്ളി പറഞ്ഞു. എണ്ണ വാങ്ങി..ദിവസം രണ്ട് നേരം തേച്ചുകുളി ഭേഷായി നടക്കുന്നു.

ഒരു കച്ചവട തന്ത്രവും അവിടെ കണ്ടില്ല ഞാൻ. വൈദ്യന്റെ നർമ്മത്തിൽ ചാലിച്ച പെരുമാറ്റം ഒരുണർവ് സമ്മാനിച്ചു. യൂസഫ്‌ പറഞ്ഞപോലെ അതുകൊണ്ടായിരിക്കും വർഷങ്ങളായി ഈ സ്ഥാപനം ഇതേപോലെ പഴഞ്ചൻ ആയി തന്നെ ഇവിടുള്ളത്. അറിവ് അതിന്റേതായ രീതിയിൽ വൈദ്യർ ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്ന് ഫലം കാണുന്നവർ ധാരാളം.

Saturday, February 14, 2015

ഓടെടാ ഓട്ടം...തുട്ടിന് പുറകേ.....




"കാശ്..പണം..തുട്ട്..മണി.. മണി" പാട്ട് തകർക്കുന്നു. തുട്ടിനു വേണ്ടി അലയുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്. ഹ...ഹ.

"മക്കൾക്ക്‌ വേണ്ടി എന്തെങ്കിലും ഉണ്ടാക്കി ഇട്ടിരുന്നേൽ ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നോ". അച്ഛനോട് എന്റെ ചോദ്യം??? ഒരു തരത്തിലും ഞാൻ അർഹനല്ല ആ ചോദ്യം ഉന്നയിക്കുവാൻ. പലയിടത്തുനിന്നുമുള്ള ചോദ്യ ശരങ്ങൾ, സ്വയം ഉയർന്ന് പോകാനുള്ള വഴികൾ അടുത്ത് വന്നിട്ടും കൈവെള്ളയിൽ തട്ടി അകന്നുപോകുമ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് മനസ്സ് പ്രക്ഷുബ്ദമായപ്പോൾ വായിൽ നിന്നും അറിയാതെ വന്നു പോയതാണ്. പക്ഷേ എന്റെ ആ ചോദ്യം അച്ഛനെ ഒരു നിമിഷം കണ്ണ് നനയിച്ചു. ആ വിഷമം ഒരു ഉമിനീരിലിറക്കി ഞങ്ങളെ നോക്കി നടന്നകന്നു. എന്നിൽ നിന്നും ഉതിർന്നു വീണ ആ വാക്കുകൾക്ക് മാപ്പില്ല..അതുറപ്പ്‌.

പലരുടെ ജീവിതത്തിലും ഈ രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകാം. മക്കളെ നല്ല രീതിയിൽ വളർത്തി..വലുതാക്കി.... അതിനിടയിൽ സമ്പാദിച്ചു കൂട്ടിയില്ല. അതിനുതക്കവണ്ണം വരുമാനം ഇല്ലായിരുന്നു എന്റെ അച്ഛന്.... അതു തന്നെ യാഥാർത്ഥ്യം. ഒൻപത് വർഷമായി ഈ ഞാൻ ജോലി ചെയ്യുന്നു. എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് തന്നെ പറയേണ്ടി വരും. സന്തോഷത്തേക്കാൾ ഏറെ ദു:ഖം മാത്രമേ മിക്ക മക്കളും അച്ഛനമ്മമാർക്ക് കൊടുത്തിട്ടുള്ളൂ. "കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണത്രേ മക്കൾ ആയി പിറവിയെടുക്കുന്നതെന്ന്" അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. അത് ശരി തന്നെ ആണ്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ സ്വന്തം മക്കളിൽ നിന്നും അനുഭവിക്കുന്ന എത്ര എത്ര സംഭവങ്ങൾ നാം കാണുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതെല്ലാം മക്കൾ പിന്നീട് അനുഭവിക്കും എന്നത് പ്രപഞ്ച സത്യം. ജീവൻ നിലനിൽക്കുന്ന സമയത്ത് നല്ലത് പ്രവർത്തിക്കാതെ നമ്മിൽ നിന്നും വിട്ടു പോയതിനു ശേഷം അവരെ ഓർത്ത്‌ വിഷമിക്കുന്നതിൽ, കുറ്റങ്ങൾ ഏറ്റുപറയുന്നതിൽ എന്തർത്ഥമാണുള്ളത്.

വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വിഷമിപ്പിക്കാതെ ഏവരോടും സഹാനുഭൂതിയോടെ പെരുമാറി നല്ല രീതിയിൽ ജീവിതം നയിക്കുക. അതുകണ്ട് ജീവിക്കുന്നതും അങ്ങ് സ്വർഗ്ഗവാതിലിൽ എത്തിയവരുടെയും മനസ്സ് നിറയും. അനുഗ്രഹാശിസ്സുകൾ ചൊരിയും. നിശ്ചയം. അപ്പോൾ ഞാൻ എന്റെ ഓട്ടം തുടരട്ടെ..എങ്ങോട്ട്?? തുട്ടിന് പുറകേ തന്നെ. എന്റെ ആവശ്യം പലർക്കും അനാവശ്യമായിരിക്കും പക്ഷേ അതുപറഞ്ഞ് എനിക്ക് വെറുതെ ഇരിക്കാൻ പറ്റുമോ. ഓടണ്ടടാ ഉവ്വേ എന്ന് പറയാൻ ആരുണ്ട്‌. ഓട്ടം എന്നിൽ നിക്ഷിപ്തം. അപ്പോൾ ഓടിയേ മതിയാവൂ.

Sunday, February 8, 2015

വേദന...വേദന...വേദന മാത്രം.


സമയം 3.15 അച്ഛനെ അമ്പലത്തിൽ എത്തിക്കണമല്ലോ?? പെട്ടെന്ന് തന്നെ ഏതൻസ് നെറ്റ് കഫേയിൽ നിന്നിറങ്ങി വീട്ടിലേക്ക്.. മേർസി കോളേജ് ജങ്ങ്ഷൻ കഴിഞ്ഞതും അച്ഛനെ കണ്ടു. 'ബസ്സിന് പൊക്കോളാം നീ വീട്ടിലേക്ക് പൊക്കോ' എന്ന് പറഞ്ഞു. അങ്ങനെ വീട്ടിലേക്ക്.. സൂര്യ ക്ലിനിക്കിന്റെ അടുത്തെത്തിയതും ഒരു കന്യാസ്ത്രീ വട്ടം ചാടി ഓടി ഓപ്പോസിറ്റ് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കേറി. വട്ടം ചാടിയ അവരെ ഇടിക്കാതിരിക്കാൻ ബൈക്ക് ഒന്ന് വെട്ടിച്ച ഞാൻ ദോണ്ടെ പൊത്തോന്ന് താഴെ. തല അടുത്തുള്ള പോസ്റ്റിലിടിച്ചാലും വേണ്ടില്ല്യാ എന്റെ ഇടതുകൈ കുത്തി വീഴാൻ ഇട വരരുതേ എന്ന് ഒരു നിമിഷം ഞാൻ എന്നോട് പറഞ്ഞു. പക്ഷേ ഇടത് കൈ കുത്തി തന്നെ താഴെ വീണു. ഷോക്കടിച്ച ഒരവസ്ഥ...ഒന്നൊന്നര വർഷമായ് അനുഭവിച്ചു കൊണ്ടിരിക്കുന്ന കൈക്കുഴയിലെ വേദന അസ്സഹനീയമായി. വീണിടത്ത് നിന്നും ഒന്ന് പാളി നോക്കുമ്പോൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി അകന്ന് പോകുന്ന കന്യാസ്ത്രീയെ കണ്ടു.

കഴിഞ്ഞ വർഷം സ്വന്തം ഭാര്യയടക്കം നമ്മുടെ ഫിസിയോ സജാദിക്കയും ഉനൈസിക്കയും കൂടെ ജിനുഏട്ടനും പറഞ്ഞതാണ്‌ നാട്ടിലെത്തുമ്പോൾ നല്ലൊരു ഡോക്ടറെ കാണിക്കാൻ..പക്ഷേ ഇന്നേവരെ മെനകെട്ടില്ല. എന്തായാലും ഇന്ന് അത് നടത്തേണ്ടി വരും എന്ന് 'വേദന' എന്നെ ബോധ്യപ്പെടുത്തി. ഓടി വന്ന രണ്ടു ചേട്ടന്മാർ വീണുകിടക്കുന്ന എന്നെയും ബൈക്കിനേയും സൈഡാക്കി. നേരെ സൂര്യാ ക്ലിനിക്കിലേക്ക്.. ഭാഗ്യത്തിന് ഡോക്ടർ അവിടെ ഉണ്ടായിരുന്നു. ഡോക്ടർ മുത്തുകുമാർ പുള്ളിക്കാരനെ നേരത്തേ അറിയാം. ആളൊരു പുപ്പുലി ആണ് ട്ടോ മ്മടെ ലാലേട്ടന്റെ കേരളാസ്ട്രൈക്കേഴ്സിന്റെ ഫിസിയോ ആണ്. ഒന്നര വർഷമായി വേദന കൊണ്ട് നടന്നു എന്നതിന് ആദ്യമേ കിട്ടി. പ്രാഥമിക ചികിത്സകൾ തുടങ്ങി ഒരു കുന്ത്രാണ്ടം ഓണ്‍ ചെയ്ത് കൈക്കുഴയെ ഒന്ന് ചൂട് പിടിപ്പിക്കാൻ തുടങ്ങി... അതിനു ശേഷം കൈപ്പത്തി തിരിച്ചും മറിച്ചുമുള്ള ക്രിയകൾ. വീട്ടിൽ പോയി ഇതുപോലെ തന്നെ ചെയ്യണം കൈക്കുഴക്ക് ചൂട് കൊടുക്കണം എന്ന് പറഞ്ഞു. തോളിൽ തട്ടിക്കൊണ്ട് വിജീഷേ അപ്പൊ നാളെക്കാണാം ട്ടോ.. ഒരു 500 അടച്ചോളൂ എന്നും പറഞ്ഞു. ഓ..എന്ന് മൂളി 500 അടച്ചു വേദന സഹിച്ചുകൊണ്ട് വീണ്ടും ബൈക്കിലേറി വീട്ടിലേക്ക് പാഞ്ഞു..

ചുമ്മാ സമയത്തെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം..നല്ല സമയം ചീത്ത സമയം എന്നൊന്നുമില്ല എന്ന് നമ്മുടെ മമ്മൂട്ടി അണ്ണൻ നേരത്തെ 'മുന്നറിയിപ്പ്' തന്നിട്ടുള്ളതിനാൽ മുത്തു ഡോക്ടർ പറഞ്ഞതിനനുസരിച്ചുള്ള കൈ ക്രിയകൾ ചെയ്ത് കൈക്കുഴ നേരെയാക്കാനുള്ള ശ്രമം തുടങ്ങി... 

Saturday, January 31, 2015

"സായാഹ്നക്കാഴ്ചകൾ" ചില കാഴ്ചകൾ അകക്കണ്ണ് തുറപ്പിക്കും.





സായാഹ്നങ്ങളിൽ ചിലപ്പോൾ ഒറ്റക്ക് അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം കോട്ടയിൽപ്പോയിരിക്കാറുണ്ട്... വളരെ മനോഹരമായി കോട്ടയെ പരിപാലിച്ച് പോരുന്നുണ്ട് എന്നുള്ളത് സന്തോഷം നൽകുന്നു. കോട്ടയിൽ കേറുന്നതിന് തൊട്ടുമുമ്പ് ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക അല്ലെങ്കിൽ മുളക് വിതറിയ കൈതച്ചക്ക ഒക്കെ ചിലപ്പോൾ മേടിക്കും..ആസ്വദിച്ച് കഴിക്കും. അതൊരു രസമാണ്. കോട്ടയെ ചുറ്റി ഒന്ന് നടക്കും... ചിലപ്പോൾ ഹനുമാൻ സ്വാമിയേ ഒന്ന് കാണാൻ കോട്ടക്കുള്ളിൽ കേറും..എല്ലാവരേയും കാത്തുരക്ഷിക്കണം... പിന്നെ കാണാം ട്ടോ എന്ന് പറഞ്ഞ് ഇറങ്ങും.

പാലക്കാട് മുഴുവൻ കോട്ടക്കുള്ളിൽ ആണെന്ന പ്രതീതി എനിക്ക് തോന്നാറുണ്ട്. പ്രായഭേദമന്യേ കുഞ്ഞുകുട്ടികളടക്കം അപ്പൂപ്പന്മാരെ വരെ കാണാൻ സാധ്യമാകുന്നത് കൊണ്ടാകും. എന്തായാലും കോട്ടക്കുള്ളിലെ സായാഹ്നം വളരെ രസകരമാണ്. ഒരു നാലുമണിയോടെ പൂക്കച്ചവടക്കാരൻ എത്തി മാലകോർക്കൽ തുടങ്ങി.. ഹനുമാൻ ക്ഷേത്രത്തിലേക്ക് ആളുകൾ വന്ന് തുടങ്ങുന്നതിന് മുൻപ് തന്നെ മാലകൾ റെഡി. അമ്പലത്തിലേക്ക് മേടിക്കുന്നതിന് പുറമേ മുല്ലപ്പൂമാല സ്വന്തം തലയിൽ ചൂടുന്ന പെണ്‍കൊടികൾ (മുത്തശ്ശി പെണ്‍കൊടികളുമുണ്ട് ട്ടോ) grin emoticon heart emoticon

കോട്ടയെ ചുറ്റി നിത്യേന വ്യായാമം ചെയ്യാൻ പ്രായഭേദമന്യേ ആളുകൾ എത്തിത്തുടങ്ങി. അന്നന്നത്തെ അന്നത്തിന് വേണ്ടി കൈനീട്ടുന്ന ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട യാചകർ അതുപോലെ കോടികളും ലക്ഷങ്ങളും നമ്മിലേക്ക്‌ നീട്ടി ലോട്ടറി ജീവനക്കാർ ഇതുപോലെയുള്ള ജീവിതങ്ങളേയും ഇടക്കിടക്ക് കാണാം. "യാചകവിമുക്ത കേരളം, എല്ലാ പൗരന്മാർക്കും മാന്യമായ തൊഴിൽ" എന്റെ സ്വപ്നമാണ് പക്ഷേ ഇത് ഒരിക്കലും നടക്കാത്ത സുന്ദര സുരഭില സ്വപ്നം തന്നെ ആണ് അല്ലേ? frown emoticon smile emoticon

കോട്ടക്ക് പുറത്തെ പുൽത്തകിടിയിൽ ഇരുന്നും കിടന്നും വിശ്രമിക്കുന്നവർ, സംസാരത്തിൽ മുഴുകിയിരിക്കുന്നവർ, കിന്നരിക്കുന്ന യുവമിഥുനങ്ങൾ, സ്വാതന്ത്രത്തോടെ ഓടി നടക്കുന്ന കുഞ്ഞുകുട്ടികൾ .... ഇടയിൽ കുറേ ഫോണ്‍ കോളുകൾ വന്നു. ചുറ്റുമുള്ള കിടങ്ങ് കോട്ടക്ക് വളരെ ഭംഗി നൽകുന്നുണ്ട്. തൊട്ടടുത്ത 'വാടിക'യിലേക്ക് കുടുംബവുമായി കുറച്ചു പേർ, സ്കേറ്റിംഗ് പരിശീലനത്തിനായ് കുട്ടികളേയും കൊണ്ട് ചിലർ, ഭാവി ചിന്തിക്കാനായ് പേടിച്ചരണ്ട ഭാവങ്ങളുമായ് കലാലയജീവിതങ്ങൾ (ഭാവി ഒരു വഴി ചിന്ത വേറേതോ വഴി അല്ലേ അനുഭവം ഒരു ചെറിയ ഗുരു ആയതിനാൽ പറഞ്ഞു എന്ന് മാത്രം ) tongue emoticon heart emoticon അവരെ അടിമുടി ഉഴിഞ്ഞ് നോക്കി ടിക്കറ്റ് കൊടുക്കുന്നവൻ... ഒട്ടും സഹിക്കാത്തവിധം ടിക്കറ്റ് കീറി പകുതി കയ്യിൽ വെക്കുന്ന മദ്ധ്യവയസ്ക്കൻ സെക്ക്യൂരിറ്റി... വളരെ രസകരമാണ് കാഴ്ചകൾ. ഒരു സംവിധായകന്റെ മേലങ്കി അണിഞ്ഞാലോ എന്നൊരു നിമിഷം തോന്നി. നുമ്മടെ ജീവിതം ഉൾപ്പെടെ കൂട്ടുകാരേയും മറ്റും.. അങ്ങനെ പലതും തുന്നിചേർത്ത്...എന്തേയ് ?? വേണ്ടാല്ലേ..ഹ..ഹ smile emoticon

ഷൊർണ്ണൂർ കവലപ്പാറയിലുള്ള ബുദ്ധിവികാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന "ICCONS" എന്ന സ്ഥാപനത്തിൽ നിന്നും ഏതാനും കുട്ടികളുമായ് കുറച്ചുപേർ എത്തി. വണ്ടി നിർത്തിയതും ഒരു കുട്ടി ഇറങ്ങി ഓടി.. ഞങ്ങളെ നോക്കി ഒന്ന് പിടിക്കൂ എന്ന് പറഞ്ഞ് ഒരാൾ അലറി... പുറകേ ഓടി കുട്ടിയെ പിടിച്ചു വളരെ ദയനീയമായുള്ള ആ നോട്ടം എന്റെ കണ്ണ് നനച്ചു...പ്രവർത്തകരുടെ കൂടെ നടന്ന് നീങ്ങുമ്പോഴും ആ കുട്ടി തിരിഞ്ഞ് തിരിഞ്ഞ് എന്നെ നോക്കി.. ഹോ. ആ മനസ്സിൽ എന്തൊക്കെ വികാരങ്ങളായിരിക്കും മിന്നി മറയുന്നത്. അങ്ങനെ പലതും ചിന്തിച്ചിരിക്കുമ്പോൾ തോട്ടടുത്ത് നിന്ന് ഒരു കാക്ക ശബ്ദം തിരിഞ്ഞ് നോക്കുമ്പോൾ സദാകാക്കയല്ല.. ബലികാക്ക. പറന്നു പോകുന്നേയില്ല എന്നെത്തന്നെ നോക്കിയിരിക്കുന്നു.. ഞാൻ ശ്രദ്ധിച്ച് നോക്കി.. ഒരു കാലില്ല അതിന്. കുറച്ച് നേരം കൂടി എന്നെ നോക്കി തിരിഞ്ഞ് നിന്നു..ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ഒരു മുട്ടായി കയ്യിൽ വെച്ച് അതിന് നേരെ നീട്ടി പെട്ടെന്ന് കൊക്കിലൊതുക്കി പതുക്കെ പറക്കാൻ ശ്രമിച്ചു ... വളരെ ബുദ്ധിമുട്ടി പറന്ന് താണ ഒരു ചില്ലയിൽ ചെന്നിരുന്നു പെട്ടെന്നൊരു കാക്ക അതിനടുത്തേക്ക് എന്റെ മനസ്സ് ഒന്ന് പെടച്ചു. പക്ഷേ ഒരു കാലിൽ നിന്നുകൊണ്ട് ആ മുട്ടായി കഴിച്ചുകൊണ്ട് പേടിയോടെ വീണ്ടും അത് താണിറങ്ങി. ഇന്നല്ലെങ്കിൽ നാളെകിട്ടുന്ന വിസയിൽ മറ്റൊരു ലോകത്തേക്ക് പറക്കും നമ്മളേവരും. ആരുടേയും സഹായമില്ലാതെയുള്ള ജീവിതം നശ്വരം തന്നെ ആണ്. നല്ല രീതിയിലുള്ള സഹവർത്തിത്വം അവശ്യം തന്നെ.

സന്ധ്യയായ്...മനുവിന്റെ വിളി വന്നു.. ചായ അടിക്കണ്ടേ എന്ന് ചോദിച്ചു. ബൈക്കിൽ കേറി പാലക്കാടൻ ചന്തയിലൂടെ ... വഴിനീളെ അമ്പലങ്ങളിലെ പാട്ടുകളും ഭജനകളും കേട്ട് ഗീതം ബേക്കറിക്ക് തൊട്ടടുത്തുള്ള ചായക്കടയിലെത്തി സ്ട്രോങ്ങ്‌ ചായയുടെ കൂടെ ചൂടോടെ പരിപ്പുവടയും, മുളക്ബജ്ജിയും ഒരു മുട്ടബജ്ജിയും അകത്താക്കി.. എന്താ സ്വാദ്. heart emoticon

മനുവിന്റെ കടയിലൊന്ന് കേറി...വണ്ടി പിന്നെ വീട്ടിലേക്ക് വിട്ടു... കുളി കഴിഞ്ഞ് കഞ്ഞിയും പയറും മാങ്ങാ അച്ചാറും പപ്പടവും കൂട്ടി ഭക്ഷണം കഴിച്ചു...കുറച്ച് നേരം TV കണ്ടു.കിടന്നപ്പോൾ എന്റെ ചിന്ത ആ കാക്കയിലേക്കും ആ കുട്ടികളിലേക്കും നീണ്ടു...ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറങ്ങി. ശുഭരാത്രി.

Thursday, January 29, 2015

"കാഴ്ചകൾ" - ശരിയും തെറ്റും




കോയമ്പത്തൂരിൽ നിന്നും പാലക്കാടേക്ക്.....തീവണ്ടിയ
ിലാണ് യാത്ര.

ഈ കൂകിപ്പായും തീവണ്ടിയിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെനിക്ക്. എത്ര സുന്ദരമാണ് പാലക്കാടൻ കാറ്റേറ്റ് സഹ്യപർവ്വത നിരകളേയും കരിമ്പനക്കൂട്ടങ്ങളേയും കണ്ടുകൊണ്ടുള്ള യാത്ര....ഇളംവെയിൽ, പ്രകൃതിയെ ഒന്നുകൂടി മനോഹരിയാക്കിയിരിക്കുന്നു. heart emoticon heart emoticon

ആസ്വാദനത്തിന് വിരാമം ഇട്ട് "ടി ടി ർ" എത്തി.. ചിരി ഒട്ടുമില്ല മുഖത്ത്. മൊബൈൽ ചാർജ്ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു മദ്ധ്യവയസ്കൻ... അതിനൊരുത്തരം കൊടുക്കാതെ ഇവിടെ ടിക്കറ്റ് നോക്കിയോ? അവിടെ ടിക്കറ്റ് നോക്കിയോ? എന്നൊക്കെ ചോദിച്ച് ധൃതിയിൽ എല്ലാം ഒന്ന് നോക്കി എന്ന് വരുത്തി അടുത്ത ബോഗിയിലേക്ക് നടന്ന് നീങ്ങി. ശരിയോ തെറ്റോ എന്നറിയില്ല എന്തായാലും ജോലിസ്ഥിരതയാവാം ചില ഉദ്യോഗസ്ഥരെ ചിരി എന്ന വികാരത്തിൽ നിന്നും, സഹായ മനോഭാവത്തിൽ നിന്നും അകറ്റിനിർത്തുന്നത്.

സ്വകാര്യസ്ഥാപനങ്ങളിലെപ്പോലെ 'PERFORMANCE EVALUATION' ഗവണ്‍മെൻറ് സ്ഥാപനങ്ങളിലും നടപ്പിലാക്കണം ..ജനങ്ങൾ ആയിരിക്കണം അതിന് വിധി എഴുതുന്നത്.

Monday, January 26, 2015

"ബന്ധങ്ങൾ"


ആനന്ദ് പറഞ്ഞപോലെ ഞാൻ സാജ് എർത്ത് റിസോർട്ടിൽ എത്തി. വളരെ മനോഹരം രണ്ട് സുന്ദരിപെണ്‍കുട്ടികൾ സ്വാഗതം ചെയ്തു. എന്നെ കസേരയിൽ ഇരുത്തി. ചറപറ ചോദ്യം ഒഴിവാക്കനായ് ഇന്റർവ്യൂന് വന്നതാണെന്ന് പറഞ്ഞു. ഉടനെ തന്നെ HR മാനേജരെ വിളിച്ചു. നേരെ മാനേജരുടെ കാബിനിലേക്ക്‌. ഇന്റർവ്യൂ ഉഷാറായിരുന്നു. എന്റെ ഇപ്പോഴത്തെ ബോസ്സായ സയീദിന് ആയിരമായിരം നന്ദി പറഞ്ഞു.. കാരണം ആശ്രിത വിസയായാലും HR Officer പോസ്റ്റ്‌ എനിക്ക് തന്നത് കൊണ്ടാണല്ലോ ഇപ്പോൾ ഈ Asst.HR പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചത്. രണ്ടാമതും ഒരു ഇന്റർവ്യൂ ഉണ്ടാകും എന്ന് പറഞ്ഞ് 'ആൾ ദി ബെസ്റ്റ്' അടിച്ചു സാജിലെ HR Manager.

സാജ് എർത്ത് റിസോർട്ടിൽ നിന്നും ഇന്റർവ്യൂ കഴിഞ്ഞിറങ്ങി അയല വറത്തതും കൂട്ടി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചോറുണ്ടു. അവിടെ നിന്നും ട്രെയിൻ തേടി അങ്കമാലിയിലേക്ക് ബസ്സിൽ...യാത്രക്കിടയിലെ കുശലസംഭാഷണത്തിൽ വി എം സുബ്രമണ്യൻ എന്ന റിട്ടയേർഡ് കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ പരിചയപെട്ടു. പഴയകാല കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഞാൻ കമ്മ്യൂണിസ്റ്റല്ല എന്ന് പറഞ്ഞിട്ടും പുള്ളിക്കാരൻ സ്വതസിദ്ധമായ ശൈലിയിൽ സംസാരം തുടർന്നു. അദ്ദേഹം പറഞ്ഞത് കമ്മ്യൂണിസമല്ല ട്ടോ

അദ്ദേഹം ഏറ്റവും കൂടുതൽ ആരാദിക്കുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരെ പറ്റി... നേരിട്ട് കണ്ടിട്ടുണ്ടത്രേ ആ മഹാനുഭാവനെ.. കുറച്ച് കീർത്തനശകലങ്ങളും പാടി.അതുപോലെ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെപറ്റിയും സംസാരിച്ചു... ഇപ്പോഴും ചുറുചുറുക്കോടെ ഞാൻ ഇരിക്കുന്നതിന്റെ രഹസ്യം വൈദ്യമഠം തന്നെ.

സാദാരണ വിശന്ന് ഇരിക്കാറില്ലാ ട്ടോ..അത്യാവശ്യമായി ഒരു കല്യാണവീട്ടിൽ പോകേണ്ടിവന്നു..നാളെയാണ് കല്യാണം പക്ഷെ അവിടെ ആവശ്യം ഇന്നാണ്. കുറച്ചു രൂപ കൊടുത്തു..ഇങ്ങു പോന്നു. വൈകിയിരിക്കുന്നു.. വിശപ്പിനെ അടക്കിയിരിത്തിരിക്കുകയാണ്.. അദ്ദേഹത്തിന്റെയും ഭാര്യയുടെയും നാൽപ്പതാം വിവാഹ വാർഷികമാണിന്ന്...കുടുംബക്കാരും ഒരു മകനും കുടുംബവും ഉണ്ടാകും. അവരുടെയെല്ലാം കൂടെയിരുന്നാണ് ഇന്നൂണ്‌. ഇതൊക്കെ അല്ലേ ജീവിതത്തിൽ സന്തോഷം നൽകുന്നത് അല്ലേ? ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക ഏത് കാലത്തും അച്ഛൻ, അമ്മ, ഭാര്യ, മക്കൾ അവിടെ മാത്രം ഒതുങ്ങുകയുമരുത് ബന്ധങ്ങൾ..കൂട്ടുകാർ നാട്ടുകാർ അങ്ങനെ വളരണം..നമ്മളെ അറിയണം ഏവരും. കഴിവുണ്ടെങ്കിൽ അത് സാമ്പത്തികം മാത്രമല്ല ട്ടോ.. നമ്മളാൽ കഴിവത് ആവശ്യക്കാർക്ക് ചെയ്യണം. വീട്ടിലേക്ക് എന്നെയും ക്ഷണിച്ചു.. പിന്നീടൊരിക്കൽ തീർച്ചയായും വരുമെന്ന് പറഞ്ഞു ഞാൻ...അദ്ദേഹം ഫോണ്‍ നമ്പർ തന്നു...വീടെത്തിയതും വിളിക്കണം.. ഒന്നിനുമല്ല എന്റെ ഒരു സമാധാനത്തിന്. കുറേനേരം ഒരുമിച്ചിരുന്ന് യാത്ര ചെയ്തതല്ലേ..പുതിയ ബന്ധത്തിന് തിരികൊളുത്തിയില്ലേ.. വിളിക്കുക. അങ്ങനെ നല്ല കുറേ വാക്കുകളുടെ പെരുമഴക്കാലം സമ്മാനിച്ച്‌ അടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങി...കൈവീശി യാത്ര പറഞ്ഞു.

അങ്കമാലിയിൽ നിന്നും ട്രെയിൻ കയറി വീടെത്തിയതും അദ്ദേഹത്തെ വിളിച്ചു..വളരെ സന്തോഷം എന്ന് പറഞ്ഞു...എല്ലാവരോടും അന്വേഷണം പറയണം... കുഞ്ഞൂസിന് ചക്കരയുമ്മയും കൊടുക്കണം എന്ന് പറഞ്ഞു...നല്ലത് വരട്ടെ..വീണ്ടും വിളിക്കുക എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

Wednesday, December 31, 2014

'പുതുവർഷം' ഒരു ചെറു വിലയിരുത്തൽ.


ഒരസാധാരണ സംഭവമായിട്ട് ഈ പുതുവർഷത്തെ കാണാൻ ഞാൻ ഒരുക്കമല്ല. പുതുവർഷത്തിലേക്കുള്ള കാൽവെപ്പ്‌ എന്നത് എന്നത്തേയും പോലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ സാദാരണ കാണുന്ന ഒരു പുതുദിനം അത്ര മാത്രം... അതുകൊണ്ട് തന്നെ കഴിഞ്ഞ കാലത്തെ മറന്നുകൊണ്ട് ഒരു വരവേൽപ്പ് പുതുവർഷത്തിന് കൊടുക്കുന്നില്ല ഞാൻ. ഇന്ന് ഈ നിമിഷം വരെ ഞാൻ എന്ന വ്യക്തി എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിക്കും എന്നിലെ വ്യക്തിത്വം നാളെയും പ്രതിഫലിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് ചുറ്റുപാടുകൾ മാറുമായിരിക്കും പക്ഷേ അതിനോട് ചേർന്ന് നിൽക്കാൻ ഞാൻ എന്ന വ്യക്തിയിൽ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തില്ല.

കഴിഞ്ഞകാലത്തെ മറന്നുകൊണ്ട് ഒരു പ്രതീക്ഷയും പുതു പുതു വിശ്വാസങ്ങളും ഒന്നും ഈ പുതുവർഷത്തിൽ എനിക്ക് വേണ്ട. മനസ്സുഖം അത് കുറച്ച് കൂടുതലായിക്കോട്ടേ എന്ന പ്രാർത്ഥന മാത്രം.

അപ്പോ ഏവർക്കും മനസന്തുഷ്ടിനിറഞ്ഞ ആരോഗ്യപൂർണ്ണമായ പുതുവർഷാശംസകൾ നേരുന്നു.

Wednesday, December 24, 2014

ഏവരിലും *നന്മ* ജനിക്കട്ടെ...



"ജിങ്കിൾ ബെൽസ്സ് ...ജിങ്കിൾ ബെൽസ്സ്" ലോകമെങ്ങും *ക്രിസ്തുമസ്സ്* ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്.

*ക്രിസ്തുമസ്സ്*, ഒരു വർഷത്തെ ആഘോഷങ്ങളോടെ ആകെ മൊത്തം പടിയിറക്കമാണ്. 'ക്രിസ്തുമസ്സ്' ആഘോഷിക്കു ന്നതിനെപറ്റി പലതരം വാദഗതികൾ നിലനിൽക്കുന്നുണ്ടെങ്കിലും നല്ലതിനെ മാത്രം നമുക്ക് സ്വീകരിക്കാം. അണുകുടുംബ വ്യവസ്ഥിതി ആണെങ്കിൽപ്പോലും കഴിവതും കുടുംബത്തിലുള്ളവരെല്ലാം ഒത്തുകൂടുന്നു.നാടിൻ ഓർമ്മ തത്തിക്കളിച്ചു വരുമെങ്കിലും പ്രവാസികളും അവരവരുടെ സാഹചര്യത്തിനനുസരിച്ച് എല്ലാം മറന്ന് ക്രിസ്തുമസ്സ് അടക്കം നല്ല ദിനങ്ങളെല്ലാം നല്ല രീതിയിൽ കൊണ്ടാടുന്നു. കരോൾ ഗാനങ്ങളും, ക്രിസ്തുമസ്സ് ട്രീയും, നക്ഷത്രക്കൂട്ടങ്ങളും, ക്രിസ്തുമസ്സ് അപ്പൂപ്പനും നിറഞ്ഞ് നിൽക്കുന്ന രാവുകൾ. പുതുവർഷത്തെ സ്വീകരിക്കുന്നതിന് മുൻപേ, ശാന്തിയും സമാധാനവും നിലനിർത്തിക്കൊണ്ടുള്ള ആഘോഷം.

ആഘോഷങ്ങളിൽ മാത്രമൊതുങ്ങാതെ, ചുമ്മാ കാണിച്ചുകൂട്ടലുകൾ മാത്രം ആകാതെ പരസ്പരം സ്നേഹിക്കാൻ, മനസ്സിലാക്കാൻ കഴിയുന്ന മനസ്സുകളുടെ ദിനമായ് മാറട്ടെ ഏവരിലും ഈ *ക്രിസ്തുമസ്സ്*

Sunday, December 21, 2014

രോദനം...ആശ്രിത രോദനം.


ഏവർക്കും നാട് തന്നെ ആണ് ഇഷ്ടം. പക്ഷേ ഞാനടക്കം ലോകമെമ്പാടുമുള്ള പ്രവാസികൾ ഇവിടെ എത്തിയത് പിറന്ന നാടിനോട് സ്നേഹമില്ലാത്തത് കൊണ്ടല്ല. ഇവിടം ഇഷ്ടപ്പെട്ട് വന്നു നിൽക്കുന്നതുമല്ല. പലർക്കും പലതാണ്കാരണങ്ങൾ. സാമ്പത്തികം, ജോലി അതൊക്കെത്തന്നെയാണ്‌ പ്രധാന കാരണങ്ങൾ. അവനവന്റെ മേഖലക്ക് ഇണങ്ങിയതും അല്ലാത്തതുമായ തൊഴിലായിരിക്കാം ഇവിടെ ചെയ്യേണ്ടി വരുന്നത്. നാടിനെ അപേഷിച്ച് കുറച്ചെങ്കിൽ കുറച്ച് കൂടുതൽ ഇവിടെ ലഭിക്കും എന്നതിനാലാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്. പിന്നീട് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായ് പോരുത്തപെട്ട് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കി തിരികെ നാട്ടിലെത്തണം എന്ന് വിചാരിക്കുന്നു.. പക്ഷേ സാഹചര്യങ്ങൾ തിരിച്ചു പോക്ക് കുറച്ച് കഠിനമാക്കി മാറ്റുന്നു ... വെറുതെ പറയുന്നതല്ല...കാരണം പലതുണ്ട്. ഉദാഹരണം എന്നിൽ നിന്ന് തന്നെ തുടങ്ങാം.

ഞാൻ, ഒരു 4 സ്റ്റാർ ഹോട്ടലിന്റെ " HR " വിഭാഗം കൈകാര്യം ചെയ്യുന്ന മുദീർ ആണ്. ചൊള പറയത്തക്ക ഇല്ലെങ്കിലും ജോലി ഉഷാർ . വെറുതെ വീട്ടിൽ ചൊറിയും കുത്തി ഇരുന്ന് ശീലമില്ലാത്തത് കൊണ്ടാണ് കിട്ടിയ ജോലി നിയമം അനുവദിക്കുന്നില്ല എങ്കിലും 1 വർഷമായി ചെയ്തോണ്ടിരിക്കുന്നത്. പക്ഷേ ആ ഇരിപ്പിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഞാൻ ഓടി.....എന്നെ അടക്കം ന്റെ ഭാര്യയേയും സംരഷിക്കാൻ. "അലി..അലി കല്ലിം വിജീഷ്.. റോ ഫോഗ്" ഹോട്ടൽ മുതലാളിയുടെ ശബ്ദം മുഴങ്ങുന്നു. "ഓടിക്കോ വിജീഷേ.... മക്തബ് അമൽ വന്നിട്ടുണ്ട്" എന്ന് അലിഭായ്. അങ്ങനെ ഞാനും കൂടെ അലിഭായിയും പോരാത്തതിന് സിൻജോയും മുകളിൽ കഫെറ്റീരിയയി ലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പ്രസാദും. ( സിൻജോക്കും പ്രസാദിനും ഓടേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് അറിഞ്ഞത് ) . പറയത്തക്ക ചെക്കിംഗ് ഒന്നും ഉണ്ടായില്ല എന്നാലും ഒന്നൊന്നര മണിക്കൂർ 'ഗോലി' കളിച്ച് ഞങ്ങൾ സമയം കളഞ്ഞു. തിരിച്ചിറങ്ങി വന്നപ്പോൾ മുദീർ ചോദിക്കുവാ എന്തിനാണ് ഓടിയതെന്ന്..ഹും.. നല്ല കഥ...ഞാൻ ഓടിയില്ലെങ്കിൽ കാണാമായിരുന്നു..അടുത്ത ദിവസം തന്നെ കുടുംബം അടക്കം നാട്ടിൽ എത്തിയേന്നെ. അപ്പോ ജോലി ചെയ്തതിന് കുറ്റം പറയാൻ നൂറാളുകൾ നിരന്ന് നിൽക്കും...ജോലി എടുക്കാതെ ഇരുന്നാൽ അതിനു വേറെ ഭാഷ്യവും ഉണ്ടാകും. എന്തായാലും പേടിച്ചു വിറച്ച് തന്നെ ആണ് ആശ്രിതർ ദേ ഇതുപോലെ ആസനം ഊന്നി ജോലി എടുക്കുന്നത്.

എല്ലാവരും പറയുന്നു ഓടി ഇങ്ങു പോരേ ജോലി ഒക്കെ നമുക്കിവിടെ നോക്കാം എന്ന്... കേൾക്കുമ്പോൾ സന്തോഷമുള്ള കാര്യം തന്നെ. smile emoticon : D പലരോടും പറഞ്ഞിരുന്നു വാക്കാലേ കൂടാതെ നുമ്മടെ എട്ട് പത്ത് വർഷത്തെ പ്രവർത്തനപരിചയ കടലാസുകളും അയച്ചു കൊടുത്തിരുന്നു. പക്ഷേ...എന്താന്നറിയില്ല. എന്റെ സുഹൃത്തായ അനൂപ്‌ മാത്രം ഉടനടി മറുപടി തന്നു....പക്ഷേ ശമ്പളക്കുറവ് അയതിനാൽ പുറകോട്ട് വലിഞ്ഞു. ചുമ്മാ വന്ന് നിന്നാൽ ജോലി കിട്ടുന്ന കാലമൊക്കെ കഴിഞ്ഞു അതുകൊണ്ട് ഒന്ന് മുട്ടിച്ച് കൊടുക്കാൻ ആളുണ്ടെങ്കിലേ കാര്യമുള്ളൂ.

അതുകൊണ്ട് ആയിരത്തിൽ അധികം വരുന്ന എന്റെ എല്ലാ മുഖപുസ്തക കൂട്ടുകാരോടും മനസ്സ് തുറന്ന് വീണ്ടും ഒരു കാര്യം അങ്ങ് തീർത്ത്‌ പറഞ്ഞേക്കാം. ഏവരും മനസ്സ് വെച്ച് ഞാനടക്കമുള്ള ആശ്രിതർക്ക് നല്ലൊരു ജോലി നമ്മുടെ നാട്ടിൽ തന്നെ ശരിയാക്കിത്തരുക. പലരും മടിക്കും പറയാൻ..പക്ഷേ എനിക്ക് മടിയില്ല ചോദിക്കാൻ. അപ്പോൾ എല്ലാം പറഞ്ഞപോലെ ..രോദനത്തിന് ശമനം ഉടനടി ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസം നിലനിർത്തിക്കൊണ്ട് തൽക്കാലം നിർത്തുന്നു. 

Sunday, December 14, 2014

കല്ല്യാണം - ന്യൂ ജനറേഷൻ ടോക്ഷോ


ഇന്നലത്തെ ഒരു ടോക്ഷോയിൽ ഒരു ന്യൂ ജനറേഷൻ 'കുരു' പറയുവാ കല്ല്യാണം എന്ന് പറയുന്നത് ഒരു അഡ്ജസ്റ്റ്മെന്റാണെന്ന്. വേറൊരു ന്യൂ ജനറേഷൻ 'കെളവി' പറയുവാ താലി എന്നത് അറപ്പാണ്.. പെണ്ണുകാണൽ ചടങ്ങ് അരോചകമാണെന്ന്. എന്താല്ലേ???

ഈ പൊട്ടിക്കാളീകളും കാളന്മാരും എന്തിന് വേണ്ടിയാണോ ഈ കൊലവെറി നടത്തുന്നത്. അഴിഞ്ഞാടാനുള്ള ലൈസൻസ് നേടാനോ? എന്തായാലും അഡ്ജസ്റ്റ്മെന്റാണെന്ന് പറഞ്ഞ കുരുവിന്റെയും അതിനെ താങ്ങിയവരുടെയും, താലി, പെണ്ണ് കാണൽ ഇവക്കെല്ലാം എതിര് നിന്നവരുടെയും അച്ഛനമ്മമാരുടെയും ബന്ധുമിത്രാദിക ളുടെയും സുഹൃത്തുക്കളുടെയും എല്ലാം മനസ്സ് ഒന്ന്പെടച്ചിട്ടു ണ്ടാവും. ഇല്ലെങ്കിൽ ഒരേ തൊഴുത്തിൽ കെട്ടാം ഏവരെയും..

നാലാളറിഞ്ഞുള്ള കല്ല്യാണം പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം അങ്ങനെ വേണംഎന്നതാണ് എന്റെ ഒരു ഇത്.. നിങ്ങളുടെയോ??

Thursday, December 11, 2014

പ്രണാമം ഭാരത്തിന്റെ ധീരജവാന്മാർക്ക്...


അവരുടെ കണ്ണുനീർ തോരില്ല എന്നറിയാം...നഷ്ടം നഷ്ടം തന്നെയാണ്.. എങ്കിലും ആവശ്യമില്ലാത്ത വാർത്തകൾക്ക് പുറകെ പായാതെ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം രാജ്യത്തിന്‌ വേണ്ടി ജീവൻ ത്യജിച്ചവരെ ഒന്നോർക്കാം അവരുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കാം.

എന്തും നേരിടാൻ സുസജ്ജവും സാമ്പത്തിക ശക്തിയുമായ ഭാരതം എന്തിന് മടി കാണിക്കുന്നു...ക്ഷമയുടെ നെല്ലിപ്പലകയെല്ലാം ദ്രവിച്ച് ഇല്ലാതായിരിക്കുന്നു. ശക്തമായി നേരിടണം....പ്രസ്താവനകൾ വെറും വാക്കുകളായ് ഒതുക്കരുത്.. ഒരു ജവാന്റെ പോലും ജീവൻ ഇനി നമുക്ക് നഷ്ടമാവരുത്...ആ വിധത്തിൽ ധീരമായ നിലപാട് കൈക്കൊളേളണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രണാമം ഭാരത്തിന്റെ ധീരജവാന്മാർക്ക്...

Wednesday, December 3, 2014

വേദനയുടെ "ക്വാക്ക് ക്വാക്ക്" ശബ്ദം


വല്ലപ്പോഴും കോഴിയും മീനും താറാവും ഒക്കെ കഴിക്കുന്ന ആളാണ് ഞാൻ. ആരെങ്കിലും പാകം ചെയ്ത് വെച്ച് വിളമ്പിയാൽ സ്വാദുണ്ടെങ്കിൽ നല്ല പോലെ ആസ്വദിച്ച് കഴിക്കും. കൊന്ന പാപം തിന്നാൽ തീരും എന്നാണല്ലോ പക്ഷേ ഒന്നിനെയും ഞാൻ കൊന്നിട്ടില്ല അപ്പോൾ എന്റെ പാപം ഏതിൽപ്പെടും അതെന്നിൽ തന്നെ നിൽക്കുമോ അതോ തീരുമോ? ഓ അതെന്തെങ്കിലും ആകട്ടെ.

കപ്പയും കോഴിക്കറിയും മതി...ഞങ്ങളെല്ലാം അങ്ങനെ ബിജുഎട്ടന്റെ വീട്ടിൽ ഒത്തുകൂടി...ഞായറാഴ്ചകളിൽ അധിക സമയവും ബിജുഎട്ടന്റെയും സുശാന്തിന്റെയും വീട്ടിൽ ആയിരിക്കും..കപ്പ പാകമായിക്കൊണ്ടിരിക്കുന്നു.. പപ്പും പൂടയുമെല്ലാം മാറ്റി വൃത്തിയാക്കി വെച്ചിരിക്കുന്ന കോഴിയെ ബിജുഏട്ടൻ കയ്യിലെടുത്തു എന്നിട്ടെന്നെ നോക്കി "ഡോ ഡബിളേ ദേ ഈ കോഴിയെ ഒന്ന് നേരെയാക്കാൻ കൂടിക്കേ" ബിജു ഏട്ടന്റെ നീട്ടിയുള്ള ആ പറച്ചിലിന് വല്ലാത്ത ഒരറപ്പ് കാണിച്ച് കൊണ്ട് 'അയ്യേ...എനിക്ക് വയ്യ' എന്ന് ഞാൻ. "പെട്ടെന്ന് വെച്ച് വിളമ്പി തന്നാൽ ഞണ്ണാമല്ലോ അല്ലേ" ആരാദ് എന്ന് നോക്കുമ്പോൾ മ്മടെ രാജീവേട്ടൻ.. ഒരിളിഭ്യച്ചിരിയോടെ "പിന്നെന്താ" എന്ന് പറഞ്ഞ് വെട്ടി വിഴുങ്ങാൻ റെഡി ആയി ഞാനിരുന്നു. പറയുന്നതൊന്നും കേൾക്കാതെ സ്വാദോടുകൂടി കിട്ടിയതങ്ങ് കഴിച്ചു തീർത്തു.


സഹതാപം, അറപ്പ് ഇവയൊന്നും കഴിക്കുമ്പോൾ തോന്നിയിട്ടില്ല അന്നും ഇന്നും പക്ഷെ ചില രംഗങ്ങൾ നമ്മളിലേവരിലും വേദന സൃഷ്ടിക്കാറുണ്ട് ഈയിടെ നടന്ന പക്ഷിപ്പനിനിവാരണം ഒരുദാഹരണം. കൊല്ലുകയാണെങ്കിൽ അങ്ങ് തീർത്തേക്കണം അല്ലാതെ ഇത് ചുമ്മാ പാതി വെന്ത ശരീരവുമായി നീന്തിത്തുടിക്കാൻ വിട്ടത് കുറച്ച് കൂടിപ്പോയി. ചത്ത് വീഴുന്നതും തീനാളം വഹിച്ചോണ്ട് നീന്തുന്നതുമെല്ലാം എടുത്തെടുത്ത് കാട്ടിയുള്ള മാധ്യമങ്ങളുടെ ക്രൂരത അതിലും ഭയങ്കരം. വേദനയുടെ ക്വാക്ക് ക്വാക്ക് ശബ്ദം ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

Friday, November 7, 2014

കുട്ടനും കുട്ടേട്ടന്റെ 'ചക്ര'ക്കടയും.


അമ്പലത്തിൽ നിന്നും വന്ന ഉടൻ അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ടു .. കുട്ടൻ എന്തിയേ എന്ന്. റൂമിൽ നിന്നും ഞാൻ വെളിയിലേക്ക് വന്നു. കുട്ടാ, താഴത്തെ രവി നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു..എന്തോ ഒരു ജോലിക്കാര്യം പറയാനാണത്രേ. ബിരുദം കഴിഞ്ഞ് വീണ്ടും പഠനം എന്നുള്ളത് എന്റെ മനസ്സിൽ ഇല്ലായിരുന്നു. അത്യാവശ്യം ജോലി തന്നെ ആണ് എന്ന ബോധ്യം എന്നിലുണ്ടായിരുന്നു. അച്ഛൻ പറഞ്ഞതനുസരിച്ച് രവിയേട്ടനെ പോയി കണ്ടു. "ആ വിജീഷ്... ആശാൻ എല്ലാം പറഞ്ഞില്ലേ? നാളെത്തന്നെ നമുക്ക് പോകാം. ബാക്കിയുള്ള കാര്യമൊക്കെ അവിടെ ചെന്നിട്ട് സംസാരിക്കാം എന്താ?" ഞാൻ തലയാട്ടി യാത്ര പറഞ്ഞിറങ്ങി. അച്ഛനെ അവിടെ എല്ലാവരും ആശാൻ എന്നാണ് വിളിച്ചിരുന്നത്. ചിലയിടങ്ങളിൽ അമ്പലത്തിൽ കഴകം ചെയ്യുന്നവരെ ആശാൻ, ആശാട്ടി എന്നൊക്കെയാണ് സംബോധന ചെയ്യുക.

തലേന്ന് തന്നെ ഉടുതുണിയെല്ലാം എല്ലാം ഇസ്തിരിയിട്ട് വെടിപ്പാക്കി വെച്ചു. എന്തൊക്കെ ആയിരിക്കും ഇന്റർവ്യുന് ചോദിക്കുക എന്നൊക്കെ ആലോചിച്ച് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ഞാൻ റെഡി ആയി. ഷർട്ട് എല്ലാം ഇൻ ചെയ്ത് അസ്സൽ എക്സിക്യൂട്ടീവ് ലുക്കിൽ (സ്വയം വിലയിരുത്തൽ) വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. രവിയേട്ടന്റെ വീടിനടുത്താണ് അച്ഛൻ ജോലി ചെയ്യുന്ന അമ്പലം.. അച്ഛനോടും യാത്ര പറഞ്ഞു. എന്നും രാവിലെ 8.30 കഴിയുമ്പോഴാണ് രവിയേട്ടൻ വീട്ടില് നിന്നുമിറങ്ങുക. അതിനാൽ 8.25ന് തന്നെ ഞാൻ രവിയേട്ടന്റെ വീട്ടിൽ എത്തി. അങ്ങനെ പുള്ളിയുടെ കൂടെ ബൈക്കിൽ കയറി യാത്രയായി. "ആ വിജീഷേ കുട്ടേട്ടൻ എന്ന് വിളിക്കുന്ന ഒരാളുടെ അടുത്തേക്കാണ് നമ്മളിപ്പോൾ പോകുന്നത്. പുള്ളിക്ക് ഒരു ടയർ റീട്രേഡിംഗ് ഷോപ്പുണ്ട് സ്റ്റാർ ജങ്ഷനിൽ..അവിടെയാണ് ജോലി പറഞ്ഞിരിക്കുന്നത്. എല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കുക" എന്നൊക്കെ രവിയേട്ടൻ എന്നോട് പറഞ്ഞു. സ്റ്റാർ ജങ്ഷൻ കഴിഞ്ഞു കുറച്ച് മുന്നോട്ട് വരുമ്പോൾ വലതുവശത്ത് കുറേ കടകളുണ്ട്. മ്മടെ "കൈലാസം രാജേഷേട്ട"ന്റെ കടയും ആ വരിയിലാണ്. എല്ലാ കെട്ടിടങ്ങൾക്കും ഏകദേശം നല്ല പഴക്കം ഉണ്ടായിരുന്നു. അതിലൊന്നിലേക്ക് രവിയേട്ടൻ എന്നെ കൊണ്ടുപോയി. മുറിക്കുള്ളിൽ അധികം വെളിച്ചമുണ്ടായിരുന്നില്ല. കുട്ടേട്ടാ...കുട്ടേട്ടാ എന്ന് നീട്ടിവിളിച്ചു. കണ്ണാടിവെച്ച് വെള്ളമുണ്ടും വെള്ളഷർട്ടുമിട്ട കറുത്തുതടിച്ച ഒരാൾ കരകര ശബ്ദത്തോടെ ആരാ എന്ന് ചോദിച്ചുകൊണ്ട് മുറിയിലേക്ക് വന്നു. "കുട്ടേട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ..ഡിഗ്രി കഴിഞ്ഞതെ ഉള്ളൂ....ഉഷാറാണ്". ഇത്രയും പറഞ്ഞ് എന്റെ തോളിൽ തട്ടി കുട്ടേട്ടനോട് യാത്ര പറഞ്ഞ് രവിയേട്ടൻ ഇറങ്ങി.

"ആ പിന്നെ, എന്താ പേര് പറഞ്ഞത്? കുട്ടേട്ടൻ കുറച്ച് കടുപ്പത്തിൽ എന്നോട് ചോദിച്ചു ..ഞാൻ പേര് പറഞ്ഞു. "ആ വിജീഷേ, ജോലി അധികം ഒന്നും ഇല്ല ഇവിടെ. ടയർ റീട്രേഡിംഗ് ആണ് ഇവിടെ നടക്കുന്നത്. കുറച്ചപ്പുറത്തുമാറി നമുക്ക് വേരൊരു ഷോപ്പുണ്ട്. നാളെ നേരിട്ട് അങ്ങോട്ട് പോയാൽ മതി. അപ്പോ വിജീഷേ, 500 രൂപ ശമ്പളം..ചിലപ്പോൾ കാശ് മേടിക്കാനും മറ്റും ചില സ്ഥലങ്ങളിൽ പോകേണ്ടി വരും അതിനുള്ള അലവൻസ് അവിടെ ഷോപ്പിൽ നിന്നും മേടിച്ചോ..എന്താ. കുറച്ച് കൂടുതൽ സ്വപ്നം കണ്ട ഞാൻ മിണിങ്ങസ്യനായ്..... കുട്ടേട്ടൻ പറഞ്ഞത് കേട്ട് തലയാട്ടി സമ്മതം മൂളി. എന്നെയും കൂട്ടി ഷോപ്പിലേക്ക് നടന്നു. അവിടെ ഉള്ളവർക്ക് എന്നെ പരിചയപ്പെടുത്തി. എന്റെ ലുക്ക് കണ്ടു അവരെല്ലാം ഒരു വളിപ്പൻ ചിരി പാസാക്കി. എല്ലാം കണ്ടും കേട്ടും കാര്യങ്ങൾ ഒരുവിധം മനസ്സിലാക്കി. അന്ന് കുറച്ച് നേരത്തെ ഇറങ്ങി. ബസ്സുപിടിച്ച് വീട്ടിലെത്തി...എല്ലാവരോടും കുഴപ്പമില്ല.. നാളെ മുതൽ 9 ആകുമ്പോൾ കടയിൽ എത്തണം എന്ന് പറഞ്ഞു. അന്ന് കടയിൽ ചെന്നപ്പോൾ സ്റ്റാഫിലൊരാൾ കടയ്ക്കുള്ളിൽ ഇത്തരം നല്ല ഉടുപ്പ് വേണ്ടാന്ന് പറഞ്ഞിരുന്നു. കാരണം ടയറിന്റെ സോൾ ആവശ്യക്കാർക്കും അവിടെ കടയിലേക്കും മുറിച്ച് കൊടുക്കണമായിരുന്നു.....നല്ലരീതിയിൽ അഴുക്കുപുരളും. അതിനാൽ കടയിൽ ചെന്നാൽ പഴകിയ ഒരു ഡ്രസ്സ് ആണ് ഇടുക. എല്ലാം റെക്കോർഡ് ആക്കണമായിരുന്നു. കത്തിയും പേനയുമായ് ദിവസങ്ങൾ.

ഒരാഴ്ച കഴിഞ്ഞപ്പോൾ പണി തുടങ്ങി..."വിജീഷേ, ഉച്ചക്ക് 1.30 ആകുമ്പോൾ നാഗമ്പടം ബസ്റ്റാൻഡ് വരെ പോണം പാലായിൽ നിന്നും ഒരു ടയർ കൊടുത്ത് വിട്ടിട്ടുണ്ട് അത് ഇങ്ങ് കടയിലേക്ക് കൊണ്ടുവരണം". 1.30 ക്ക് മുൻപ് തന്നെ സ്റ്റാൻഡിലെത്തി. ബസ്സ് വന്നു കിളിയോട് ചോദിച്ചു പാലയിൽ നിന്നും തന്നുവിട്ട സാധനം... ദേ മുകളിൽ കിടപ്പുണ്ട് എടുത്തോ. നന്നായി ഞാനിപ്പോ ഇത് എങ്ങനെ രണ്ടും കൽപ്പിച്ച് ബസ്സിന്റെ കോണിപ്പടി കയറി മുകളിലെത്തി യമണ്ടൻ ഒരു ടയർ കിടക്കുന്നു. ഞാൻ താഴെ നിൽക്കുന്ന കിളിയോട് പറഞ്ഞു ഉരുട്ടിയിടാം ഒന്ന് തടഞ്ഞോ.. ഞാൻ ഉരുട്ടി ബ്രേക്കില്ലാത്ത വണ്ടി പോലെ സാധനം താഴോട്ട് ഒരുവിധേന മ്മടെ കിളി അത് തടഞ്ഞു. ഒരു 10 രൂപയും മേടിച്ചു. "തട"കൂലിയാണത്രേ.എന്താല്ലേ? ബസ്റ്റാൻഡിന് വെളിയിൽ ആയിരുന്നു ഓട്ടോസ്റ്റാൻഡ്. സ്റ്റാൻഡിനുള്ളിലോട്ടു ഓട്ടോ വരില്ല. പണിപെട്ട് ടയറുരുട്ടി വെളിയിലേക്ക്...ഓട്ടോ പിടിച്ച് കടയിലേക്ക്... അങ്ങനെ ഇരിക്കെ ഒരുദിവസം...ടയർ ഓട്ടോയിൽ കയറ്റുന്ന സമയത്ത് അറിയാതെ പുറത്തേക്ക് പാളി നോക്കിയപ്പോൾ എന്നെ തൊട്ടുരുമ്മി കടന്നുപോയ ബസ്സിൽ നിന്നും ഒരു തല നീളുന്നത് കണ്ടു..വിജയലക്ഷ്മി ടീച്ചർ. ടീച്ചറുടെ നോട്ടത്താൽ ഞാനാകെ വല്ലാണ്ടായി. പെട്ടെന്ന് ഓട്ടോയിൽ വലിഞ്ഞ് കയറി...കടയിലെത്തി. അവിടെയുള്ള സ്റ്റാഫിനോട് കാര്യം പറഞ്ഞു. "ഹേ സാരമില്ല നിന്റെ ജോലി അതാണ് നീ ചെയ്തത് അതിന് ഒരു കുഴപ്പവുമില്ല...പിന്നെ ഈ ജോലി താൽക്കാലികം മാത്രം. നല്ലൊരു ജോലി കിട്ടാനുള്ള യോഗ്യത ഉണ്ട് നിനക്ക് പിന്നെന്തിനാടോ വിഷമം. ടീച്ചർ ചോദിച്ചാൽ ഞാൻ പറഞ്ഞ ഈ ഡയലോഗ് അങ്ങ് കാച്ചിയേര്". ഞാൻ മൂളി എങ്കിലും എന്റെ മനസ്സ് നിറയെ ടീച്ചറുടെ ആ നോട്ടം ആയിരുന്നു. ബസ്സിന്റെ മുകളിൽ കേറിയതു മുതലുള്ള എന്റെ ചെയ്തികൾ എല്ലാം കണ്ടു കാണുമല്ലോ...അമ്പലത്തിൽ പോകുമ്പോൾ അച്ഛനോടിതെല്ലാം പറയുമല്ലോ അങ്ങനെ അങ്ങനെ അനാവശ്യ ചിന്തകൾ.


കുറേയേറെ ചിന്തകൾ തലയിലേറ്റി വൈകുന്നേരം വീട്ടിലെത്തി... വീട്ടിൽ അന്നും ഇന്നും എല്ലാവരും ഒരുമിച്ചിരുന്നാണ് ആഹാരം കഴിക്കുക... അമ്മയെ സംബന്ധിച്ച്, കൈകൊണ്ട് വിളമ്പി തന്നില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല. ചിലപ്പോൾ കുറച്ച് താമസിക്കും ഞങ്ങളുടെ കൂടെയിരുന്ന് ആഹാരം കഴിക്കാൻ..ഇടക്ക് "ഒറ്റപൂരാടം" എന്ന് വിളിച്ച് അച്ഛൻ അമ്മയെ കളിയാക്കും. ആഹാരം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല എന്ന് പറയുമെങ്കിലും പല കാര്യങ്ങളും സംസാരിക്കും....ഊണ് എല്ലാം കഴിഞ്ഞ് ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ ഇന്ന് നടന്ന സംഭവം അറിഞ്ഞിട്ടോ അതോ.... അച്ഛൻ എന്നോട് ചോദിച്ചു "വേറെ നല്ലൊരു ജോലി നോക്കിക്കൂടെ കുട്ടാ നിനക്ക്". ആ ചോദ്യത്തിൽ വിഷമം തങ്ങി നിന്നിരുന്നു. ഞാനും വല്ലാതെയായി. "അടുത്ത ആഴ്ച ഒരു ഇന്റർവ്യൂ ഉണ്ട്. അതുകൊണ്ട് ഈ ആഴ്ച ഇങ്ങനെ അങ്ങ് പോട്ടെ പെട്ടെന്ന് ഞാൻ ജോലി നിർത്തിയാൽ രവിയേട്ടൻ എന്ത് വിചാരിക്കും". ഞാൻ പറഞ്ഞതെല്ലാം കള്ളം. എല്ലാം കേട്ട് ഒരു നെടുവീർപ്പോടെ സിഗരറ്റ് വലി പാതി വഴിയിൽ നിർത്തി അച്ഛൻ മുറിയിൽ പോയി കിടന്നു.

താമസിയാതെ "ഐ സി ഐ സി ഐ" ബാങ്കിൽ മ്മടെ പ്രമോദേട്ടൻ വഴി സെയിൽസ് ഡിവിഷനിൽ ഒരു ജോലി റെഡി ആയി. ജോലി കിട്ടിയതിൽ അച്ഛനടക്കം ഏവരും സന്തോഷരായിരുന്നു.രവിയേട്ടനോട് കാര്യം പറഞ്ഞു... "ആൾ ദി ബെസ്റ്റ്" അടിച്ചു. മാസം തീരാൻ 2 ദിവസം കൂടി ഉണ്ടായിരുന്നു. കുട്ടേട്ടൻ 800 രൂപ കയ്യിൽ വെച്ച് തന്നു. പറഞ്ഞതിലും 300 രൂപ കൂടുതൽ. സന്തോഷമായി. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും ആത്മാർത്ഥതക്ക് അംഗീകാരം ലഭിക്കുമെന്നും ഞാൻ മനസ്സിലാക്കി. കുട്ടേട്ടനോടും സ്റ്റാഫിനോടെല്ലാം യാത്ര പറഞ്ഞിറങ്ങി.

800, 5000 ആയി 5000, 10000 ആയി പിന്നീട് പൂജ്യങ്ങളുടെ എണ്ണം കൂടിയില്ലെങ്കിലും മുന്നിലെ അക്കങ്ങൾക്ക് അൽപസ്വൽപം വ്യത്യാസം വന്നുകൊണ്ടിരുന്നു..

ജീവിതത്തിന്റെ ഉയർച്ച താഴ്ച്ച മനസ്സിലാക്കിത്തന്നുകൊണ്ട് ആ ചക്രം ഇന്നും എന്നിൽ ഉരുളുന്നു. ജീവിതത്തിൽ നാം ഓരോ പടി കയറുമ്പോഴും കൈ പിടിച്ച് ഉയർത്തിയവരെ അതിന് കാരണക്കരായവരെ ഓർക്കുക. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. സ്വയം, സ്വന്തം കുടുംബം നന്നാവാൻ പ്രാർത്ഥിക്കേണ്ട കാര്യമില്ല. നമ്മുടെ നല്ല പ്രവർത്തി നമുക്ക് നല്ലത് വരുത്തും.

Friday, October 24, 2014

സന്തോഷം കൊണ്ടിരിക്കാൻ വയ്യേ.....കുട്ടിച്ചോറായ് മ്മടെ ലോകം, താമസിയാതെ രാജ്യവും.

സൗദി രാജാവിന് മ്മടെ രാജ്യ"കു" തന്ത്രജ്ഞരുടെ നേതൃത്വത്തിൽ ഒരു തുറന്ന കത്ത്.

രാജാവേ......രാജാവേ എത്ര പേടിപ്പിച്ചാലും ഞങ്ങൾ അനങ്ങൂല്ല ട്ടോ. ഞങ്ങടെ അന്നം മുട്ടിക്കാനുള്ള പണി ...അവരില്ലെങ്കിൽ ഞങ്ങളില്ലാ എന്നറിഞ്ഞൂടെ.. എന്നിട്ടാണോ നിങ്ങളീ ചതി ചെയ്യാൻ പോണത്.തിരിച്ചയച്ചാൽ ഞങ്ങൾ എവിടുന്ന് എടുത്ത് കൊടുക്കും നിങ്ങള് കൊടുക്കുന്ന റുപ്പിക അല്ല..അല്ല റിയാലുകൾ. കൈയ്യിട്ട് വാരാൻ പോലും ഞങ്ങൾക്കിവിടെ തികയുന്നില്ല അപ്പോഴാ വെറുതെ ജനസംഖ്യ കൂട്ടാം എന്നല്ലാതെ ജോലിയും അതിനനുസരിച്ച് കൂലിയും കൊടുക്കാൻ സത്യത്തിൽ മ്മടെ രാജ്യത്ത് ശേഷിയില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സ്വദേശ വിദേശ ജനങ്ങളിൽ നിന്നും വെറുതെ കിട്ടി ബോധിച്ച്, തിന്നു മുടിക്കുന്നതുകൊണ്ട് മെനക്കെടാൻ പോകുന്നുമില്ല. അതുകൊണ്ട് ദയവുചെയ്ത് ആരെയും കേറ്റി അയക്കരുത്. ഇറാഖും, ലിബിയയും പോലെ നിങ്ങളും തുടങ്ങിയാൽ, ആ മാലാഖമാരുടെ പ്രശ്നങ്ങളിൽ പലതും ഞങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കി നിർത്തിയി രിക്കുകയാണ്..പത്ര, ദൃശ്യ മാധ്യമങ്ങളെല്ലാം ആദ്യതിരി കൊളുത്തി കൊട്ടിപ്പാടുമെങ്കിലും പിന്നീട് ചിലക്കാറില്ല. "മാധ്യമ ധർമ്മം"

സാഹചര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി എന്ന വിശ്വാസത്താൽ ഈ കത്ത് ചുരുക്കുന്നു. വേണമെങ്കിൽ ജനങ്ങളെ ഒന്ന് ബോധിപ്പി ക്കാൻ "മന്തി"ക്ക് മുന്നിൽ ഇരുന്ന് സംഭാഷണം ആവാം. എന്ത് തന്നെ ആയാലും ഞങ്ങളുടെ നല്ല കാലം ഓർത്ത് ഈ നിയമം നടപ്പിൽ വരുത്തരുത് കരടുരേഖ ചുവപ്പ്നാടയിൽ വളരെ ഭദ്രമായി ഒരിക്കലും അഴിയാതെ മ്മടെ രാജ്യത്തെ വ്യവസ്ഥിതി പോലെ അങ്ങനെ ഇരിക്കട്ടെ. എന്തേയ്.

രാഷ്ട്രീയ "കു"തന്ത്രികളുടെ പരസ്പര ആത്മഗതം:- സൂക്ഷിക്കുക ആരും പേടിക്കണ്ട..ഒന്നും സംഭവിക്കില്ല...ഇനി വല്ലോക്കെ സംഭവിച്ചാൽ തന്നെ വേറെ രാജ്യത്തോട്ട് പോകാൻ പറയാം അല്ലാതെ എല്ലാം ഇങ്ങോട്ട് കെട്ടിയെടുത്താൽ "പ്ലിംഗ്" ആവും നമ്മ. അതുകൊണ്ട് ജാഗ്രത.

എന്താല്ലേ???  മ്മടെ രാജ്യം ജനങ്ങൾക്ക്‌ നേരെ ഒന്നാകെ മുഖം തിരിക്കു മ്പോൾ സ്വന്തം ജനത എല്ലാ മേഖലയിലും മുൻനിരയിൽ വരണം എന്നാഗ്രഹിക്കുന്ന രാജ്യത്തെയും അവിടുത്തെ നിയമവ്യവസ്ഥ യെയും മാനിക്കുക എന്നല്ലാതെ തെറ്റ് കാണുന്നതിൽ എന്ത് ശരിയാനുള്ളത്
http://www.ndtv.com/world-news/saudi-arabia-may-restrict-expats-stay-to-eight-years-547071

Wednesday, October 22, 2014

അയ്യപ്പഹൃദയം നിലച്ചു .. പ്രണാമം


"അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി"
---------------------------------------------------------------------------------------------

ഒക്ടോബർ 21:- പ്രിയപ്പെട്ട തെരുവിനെ തന്നെ മരണസന്നിധി ആക്കി തെരുവിന്റെ കവി യാത്രയായ ദിനം. കവി ശരീരം ആരാലും തിരിച്ചറിയപ്പെടാതെ തെരുവിൽ പിന്നെ മോർച്ചറിയിൽ. കവിഹൃദയത്തിന് അന്ത്യപ്രണാമം കൊടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആളുകൾ ഓടിയെത്തി.

മരണത്തെ പൂകിയപ്പോൾ ആണ് പലരും "അയ്യപ്പൻ" എന്ന തെരുവിന്റെ കവിയെ ഓർത്തെടുക്കാൻ ശ്രമിച്ചത്‌. എന്തൊരു വിരോധാഭാസം അല്ലെ.

Sunday, October 19, 2014

ഒരു ചെറു നൊസ്റ്റാൾജിയ


കണ്ണിന് വല്ലാത്ത കിരുകിരുപ്പ്‌ വല്ല കണ്ണ് സൂക്കേടും (ചെങ്കണ്ണ്‍) ആണോ??

ഹും.. എങ്ങനെ വരാതിരിക്കും വെളുപ്പാൻ കാലം തൊട്ട് പാതിരാ വരെ എഫ് ബി പണി അല്ലേ? പക്ഷേ ഈ കിരുകിരുപ്പ്‌ എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി ട്ടാ . അന്ന് എൻ കണ്ണിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നു തുള്ളികൾ ആയിരുന്നില്ല, "നന്ത്യാർവട്ടപ്പൂവിൻ നീരും / ദേവയാനിയുടെ മുലപ്പാലും". ശരിക്കും ദിവ്യമായ ഔഷധങ്ങൾ.

ഇന്ന് നന്ത്യാർവട്ടപ്പൂവുകൾ കാണ്മാനില്ല ഉണ്ടെങ്കിൽ തന്നെ മരുന്നുതുള്ളികൾ മതി എല്ലാവർക്കും. പിന്നെ മുലപ്പാൽ, കുഞ്ഞുങ്ങൾക്ക്‌ നേരാവണ്ണം മുലയൂട്ടാത്ത അമ്മമാരുടെ നാടാണ് പിന്നെയാ കണ്ണിൽക്കടി മാറ്റാൻ മുലപ്പാൽ ഇറ്റിക്കുന്നത്? നല്ല കാര്യായി.

സരിതാഷോ..മറക്കാതെ കാണുക ...ഇതാ ഇന്ന് മുതൽ ഇതാ നാളെ മുതൽ


ഞാനും ന്റെ ഒരു സുഹൃത്ത്‌ വഴി കണ്ടു "സരിതേച്ചി" യുടെ ഒരു ചിത്രം അല്ല ചിത്രങ്ങൾ . ഏഷ്യാനെറ്റിന്റെ ആ ഷോയിൽ പങ്കെടുക്കാൻ പറ്റിയിരുന്നെങ്കിൽ നേരിട്ട് ചോദിച്ചറിയാമായിരുന്നു ഈ വാട്സ്അപ്പ്‌ വഴി ഒക്കെ പ്രചരിക്കുന്ന ചിത്രങ്ങളിൽ വല്ല കഴമ്പുണ്ടോ എന്ന്..മറുപടി ന്റെ ചെവിയിൽ പറയുമായിരിക്കും ഇല്ലേ? .. 
യഥാർഥത്തിൽ നമ്മളേവരും മാധ്യമത്തിലൂടെ മാത്രമല്ലേ സരിതേച്ചിയെ അറിഞ്ഞിട്ടുള്ളു. പ്രേഷകരുടെ കണ്ണിന് വിരുന്നൊരുക്കി മാധ്യമങ്ങളിൽ സരിതേച്ചി നിറഞ്ഞു നിന്നു കുറച്ചുകാലം..എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. ദേ... പെട്ടെന്ന് എല്ലാം തന്നെ എവിടെ നിന്നോ വന്ന മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി എന്ന മട്ടിൽ ചേച്ചി മാറി കളത്തിൽ "രുക്സാന ബിന്ധ്യാ" തരോദായങ്ങൾ... അതും മാധ്യമങ്ങൾ പാടി നടന്നു. എല്ലാം ഒന്നാറി തണുത്തപ്പോൾ വീണ്ടും വിരുന്നൊരുക്കി മ്മടെ ചാനൽ .ഡാൻസും പാട്ടും തമാശയും ഒക്കെ ഇടകലർത്തി വാട്സ്അപ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ചേച്ചിയെ ടോക്ക്ഷോയിലൂടെ പ്രേക്ഷകർക്ക്‌ മുന്നിലേക്ക്.. എന്തൊക്കെ ആഭാസത്തരങ്ങൾ കാണണം ന്റെ ദേവി.....  
മാധ്യമധർമ്മം എന്നത് എന്തെന്നറിയാതെ എത്രയെത്ര ചാനലുകളാണ് ദിവസം തോറും മുളച്ച് പൊന്തുന്നത്‌. പുതു പുത്തൻ അനുഭവങ്ങൾ (#$%&*@#^> ..തേങ്ങാക്കൊല ) പ്രേഷകർക്ക് സമ്മാനിച്ചുകൊണ്ടേ ഇരിക്കുന്നു. മാധ്യമങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയല്ല. അധപ്പതനത്തിന്റെ പാതയിൽ സഞ്ചരിച്ച് സമൂഹത്തെ തലകീഴായ് മറിച്ചുകൊണ്ടേ ഇരിക്കുന്നു. അതിന് തെളിവ് നിരത്തേണ്ട ഒരാവശ്യവും ഇല്ല. നല്ലത് എന്ന് പറഞ്ഞ് പരത്തുന്നത് എല്ലാം വെറും പ്രഹസ്സനം. രാഷ്ട്രീയക്കാര് പോലും അടിമകൾ ആയി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ. എതിർത്താൽ പണി എവിടെ നിന്ന് വരും എന്നറിയില്ല. അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും പാലം വലിച്ചുകൊണ്ട് കുതിരകയറ്റം ജനങ്ങളുടെ മണ്ടക്ക്.  
ഇതെല്ലാം കണ്ടും കേട്ടും കോമാളിക്ക് തുല്യരായി പ്രേഷകലക്ഷങ്ങൾ, അതിൽ പിഞ്ചുകുരുന്നുകൾ മുതൽ വയസ്സായവർ വരെ. അടച്ചാക്ഷേ പിക്കുകയല്ല നഗ്നസത്യം പറഞ്ഞു എന്ന് മാത്രം.