Saturday, September 29, 2012

നൊസ്റ്റാള്‍ജിയ :- ഓര്‍മ്മകളിലേക്ക് ഒരു യാത്ര....കുട്ടന്‍റെ 'ഉസ്കൂള്‍""' കാലം.







 ദാ..വലതു വശത്തു നിന്നും ആറാമത് നില്ക്കുന്നതാണ്  ഞാന്‍. 

കണ്ണംപരിയാരം എന്ന എന്‍റെ പ്രകൃതിസുന്ദര ഗ്രാമത്തിലൂടെ നല്ലതും ചീത്തയുമായ ഒരായിരം ഓര്‍മ്മകളിലേക്ക് ഒരു യാത്ര.

സ്കൂളില്‍ പോകുന്നതിനു ഞങ്ങള്‍ അന്ന് പറഞ്ഞിരുന്ന പേരാണ് "ഉസ്കൂളില്‍ പോവുക" എന്നാണ്.

മറക്കില്ല ഒരിക്കലും മറക്കാനാവില്ല  നല്ല നല്ല 'കുരുത്തക്കേടുകള്‍’ നിറഞ്ഞ അന്തരീഷം .സ്നേഹനിധികളായ എന്‍റെ  എല്ലാ അധ്യാപകരെയും ഞാന്‍ ഈ നിമിഷം‍ സ്മരിക്കുന്നു. ലോകത്തിന്‍റെ  ഏതു കോണില്‍‍ ആണെങ്കിലും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
എന്‍റെ സ്കൂള്‍ ജീവിതം തുടങ്ങുന്നത് ബാലന്മാഷ് എന്ന നന്മ നിറഞ്ഞ പ്രധാനാധ്യാപകനില്‍ നിന്നുമാണ്.എന്നെ  രി ശ്രീ കുറിപ്പിച്ചത് അദ്ദേഹമാണ്.ബാലന്മാഷിന്‍റെ  ഉടമസ്ഥതയിലുളള   കണ്ണംപരിയാരം സ്കൂളില്‍തന്നെയായിരുന്നു എന്‍റെ നാലാം ക്ലാസ്സ്‌ വരെയുള്ള പഠനം. എന്‍റെ അമ്മവീടിനടുത്തായതുകൊണ്ട് നടന്നായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയികൊണ്ടിരുന്നത്.  നടത്തം ഒരു രസം തന്നെ ആയിരുന്നു.  സ്ലയ്റ്റും കല്ലുപെന്‍സിലും പുസ്തകങ്ങളും സഞ്ചിയിലിട്ട് കൂട്ടുകാരോട്കളിപറഞ്ഞും വഴക്കുണ്ടാക്കിയും  മാങ്ങയെറിഞ്ഞും  ഞാവല്‍പഴം പെറുക്കിയും അങ്ങനെ  എല്ലാമായിരുന്നു ആ പോക്കുവരവ്...


കുറച്ചു പടികള്‍ കയറിവേണമായിരുന്നു സ്കൂള്‍ അങ്കണത്തിലെത്താന്‍.., പക്ഷെ സ്കൂളിന്‍റെ പടി കയറുമ്പോള്‍ ആ രസം ഒക്കെപോകും. പെട്ടെന്ന് വൈകുന്നേരം ആകണേ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ് ക്ലാസ്സ്‌മുറിയിലെത്തുക. ക്ലാസ്സ്മുറിയിലെത്തിയാലും ബഹളത്തിന് കുറവൊന്നുമില്ല, ക്ലാസ്സ്ടീച്ചര്‍ വരുന്നത് വരെ ബഹളം തന്നെ.പഠിക്കണം എന്ന വിചാരം തീരെയില്ലാ.....പക്ഷെ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും തരം തിരിച്ച് ചോദ്യം ചോദിപ്പിക്കുന്ന പിരീയഡുകളില്‍ മാത്രം പഠിക്കാനുള്ള ഉത്സാഹം കാണിച്ചിരുന്നു.  കാരണം അവര്‍ ഉത്തരം 
പറഞ്ഞില്ലെങ്കില്‍ അവരെ ബഞ്ചില്‍ കേറ്റി നിര്‍ത്താന്‍ പറയാം അല്ലെങ്കില്‍ അടി കൊടുക്കാന്‍ പറയാം.... അതുപോലെ തിരിച്ചുമുണ്ട് കേട്ടോ. ഞങ്ങള്‍ ഉത്തരം പറയാതിരുന്നാല്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ട് ഇരുത്തും, അടി കിട്ടും. അന്ന് പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയാല്‍ വലിയ നാണക്കേടാണ്.
             
             "പക്ഷെ ഇന്നത്തെ തലമുറ എന്നുവച്ചാല്‍ യു. പി തലം മുതല്‍ക്കേ ഇടയിലും മടിയിലും എവിടെയും ഒരു നാണക്കേടും കൂടാതെ  ഇരിക്കുവാന്‍ സന്നദ്ധരാണ് " ഈ സന്നദ്ധത എനിക്ക് എല്‍.. പി തലത്തിലേ കൈവന്നു...പക്ഷേ അത് ശരിക്കും നാണംകെട്ട് വിഷമിച്ചുകൊണ്ടായിരുന്നു.. 

ഒരു ദിവസം ക്ലാസ്സില്‍ ചോദ്യം ചോദിച്ചത് ഞാനായിരുന്നു, പക്ഷേ ആ കുട്ടി ഉത്തരം പറഞ്ഞില്ല... ഞാന്‍ സന്തോഷിച്ചു. ആ  സന്തോഷം അധികസമയം നീണ്ടു നിന്നില്ല. "എന്നാല്‍ അതിന്‍റെ ഉത്തരം വിജീഷ് തന്നെ പറഞ്ഞു കൊടുക്കൂ" എന്ന് ക്ലാസ്സ്ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്‍റെ നല്ല ജീവന്‍ പോയി. കാരണം, അതിന്‍റെ  ഉത്തരം എനിക്കറിയില്ല..
അതുതന്നെ. അടിയുടെ ചൂടുംപേറി ഞാന്‍ പെണ്‍കുട്ടികളുടെ ഇടയിലേക്ക്.ആ രംഗം ദാ ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

                              ഇന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു വളരെ പോക്ഷകമൂല്യം ഉള്ളതാണ് എന്ന കേട്ടറിവ് എത്രത്തോളം ശരിയാണ് എന്നെനിക്ക് അറിയില്ല. എന്‍റെ സ്കൂളില്‍ ഉച്ചഭക്ഷണം എന്നത് ഉച്ചകഞ്ഞിയും പയറും ആയിരുന്നു.

വേണ്ടവരുടെ പേര് വിവരങ്ങള്‍ നേരത്തെ പറയണം...  കുറച്ചു കുട്ടികള്‍  ചോറ് കൊണ്ടുവരുമാ യിരുന്നു....വീട് അടുത്തായതിനാല്‍ ഞാന്‍ പോയി കഴിച്ചിട്ട് വരുകയാണ് പതിവ്...കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും ചോറ് കൊണ്ട് പോകണം എന്ന് അമ്മൂമ്മയോട് പറഞ്ഞു..ആദ്യമൊക്കെ വഴക്ക് പറഞ്ഞു..പിന്നീട് ചെറിയ ചോറ്റുപാത്രത്തില്‍ എനിക്കിഷ്ടമുള്ള പരിപ്പുകറിയുമോക്കെയായി ഞാനും സ്കൂളില്‍ എത്തിത്തുടങ്ങി. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന്‍റെ തൊട്ടടുത്തായിട്ടാണ് കഞ്ഞിയും പയറും കൊടുക്കുന്നത്. 
കഞ്ഞി വേണ്ടെന്നു വെക്കാം,കുറച്ചു പയര്‍ കിട്ടാന്‍ എന്താ വഴി എന്നായി ചിന്ത. പാറുചേച്ചീയാണ് ഉച്ചകഞ്ഞിയും പയറും ഉണ്ടാക്കുന്നത്..ഞങ്ങളുടെ അടുത്ത വീടാണ്...പക്ഷേ
ചോദിച്ചാല്‍ വീട്ടില്‍ പോയി പറഞ്ഞുകൊടുക്കും അതുകൊണ്ട് വേണ്ട, കഞ്ഞി ക്യുവില്‍ നില്ക്കാന്‍ തീരുമാനിച്ചു.
                                ഞാന്‍ പാറുചേച്ചീ കണ്ടുപിടിക്കാതിരിക്കാന്‍ ചോറ്റുപാത്രത്തിന്‍റെ
മൂടി കാണിച്ചും തല താഴ്ത്തിയും പാറുയേച്ചിയുടെ അടുത്തേക്ക്.... പാറുചേച്ചീയുടെ അടുത്തെത്തിയതും 'അവന്‍ കഞ്ഞി ലിസ്റ്റില്‍ ഇല്ലത്തവനാണേ എന്നൊരുത്തന്‍' ചേച്ചി എന്നെ ഒന്ന് നോക്കി എന്നിട്ട് വാരസ്യാര്‍കുട്ടിയോ?? എന്‍റെ ദയനീയ ഭാവം കണ്ടിട്ടാണോ അതോ ഞാന്‍ ആ അലറിയവന്‍ പറഞ്ഞപോലെ ശരിക്കും "കഞ്ഞി" എന്ന ലിസ്റ്റില്‍ പെടാത്തതിനാലാണോ .... എന്തായാലും പയര്‍ 
കിട്ടി.  ചക്രശ്വാസം വലിച്ചുകൊണ്ടുള്ള ആ പോക്കും ചോറ് കൊണ്ടുവരലും അന്നത്തത് കൊണ്ട് നിര്‍ത്തി. എന്തുതന്നെ ആയാലും ഇപ്പോഴും വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് കഞ്ഞി, അതിന്‍റെ കൂടെ പയറും ചുട്ട പപ്പടവും പിന്നെ ഒരുപ്പിലിട്ടതും ഉണ്ടങ്കില്‍ കുശാലായി അല്ലേ ???

കൂട്ടുകാരുമൊത്ത്…..കൂട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അനൂപ്‌, രാഗേഷ്, സുജീഷ്, മുകുന്ദന്‍, സുഭാഷ് അങ്ങനെ..ചില പേരൊക്കെ മറന്നിരിക്കുന്നു. 
പി.ടി(പ്ലേ ടൈം) പിരീയഡിലും 
ഇന്‍റര്‍വെല്‍ സമയത്തും ഇവരുമായി എന്തൊക്കെ കളികളായിരുന്നു.വണ്ടിയോടിക്കല്‍, സാറ്റ്, കള്ളനും പോലീസും അങ്ങനെ അങ്ങനെ ഒത്തിരി... 
                                      ഇന്നത്തെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍  എന്ന ലോകം ആണ് എല്ലാം.
കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഏറെ സമയവും അതിന്‍റെ മുന്നിലാണ്.. എല്ലാം ആവശ്യമാണ്... ശരിയും തെറ്റും അറിഞ്ഞ് ഉപയോഗിക്കണം എന്നതാണ് പ്രധാനം..
ഫിലോസഫി വേണ്ടേ!! (എന്നോട് തന്നെ ഹ..ഹ..ഹാ) കാരണം  ദേ..ഈ കുന്ത്രാണ്ടം ഉള്ളതുകൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ കുത്തിക്കുറി ക്കുവാന്‍ പറ്റുന്നത് അല്ലേ??

സ്കൂള്‍ വിട്ടാല്‍ ഒരോട്ടമാണ്......
ആദ്യമെത്തിയാല്‍ സന്തോഷം അല്ലെങ്കില്‍ വാശി കൂടും..നാളെ സ്പീഡ് കൂട്ടണം എന്നൊക്കെ വിചാരിച്ചു കൊണ്ട് വീട്ടിലേക്കു ഓടിക്കയറും...എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി അനൂപിന്‍റെ വീട്ടിലേക്കു പോകും... കുട്ടിയും കോലും, കള്ളനും പോലീസും, സാറ്റ്, ചക്ക്, സെവെന്‍ പീസ്, തായം, ഇട്ടൂലി, കുന്നിക്കുരു ശേഖരിക്കുക, ചോറും കറിയും വക്കുക, തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിക്കുക, ഈര്‍ക്കില്‍ കൊണ്ടുള്ള കളികള്‍, ഉജാലകുപ്പിയും ചെരിപ്പും ഉപയോഗിച്ച് അല്ലെങ്കില്‍ പനംകായ് ഉപയോഗിച്ച് വണ്ടി ഉണ്ടാക്കല്‍, ടയര്‍ ഉരുട്ടല്‍, ബള്‍ബില്‍ വെള്ളം നിറച്ചു ഫിലിം റോള്‍ ശേഖരിച്ച്  സിനിമാപ്രദര്‍ശനം....അങ്ങനെ ഓടിയും, ഇരുന്നും ഉള്ള പല പല നാടന്‍ കളികളായിരുന്നു ഞങ്ങള്‍ കൂടുതലും കളിച്ചിരുന്നത്. ഫുട്ബോളും ക്രിക്കറ്റും ഒക്കെ കുറച്ചു കഴിഞ്ഞാണ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്.  
       'ഉണ്ണി' എന്‍റെ അനിയന്‍ കോട്ടയത്തുനിന്നും വന്നതിനു ശേഷമാണ് പുറത്തുപോയി കളിയ്ക്കാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല കൂട്ടിനു ആളുണ്ടല്ലോ എന്ന് തോന്നിത്തുടങ്ങിയത്.പക്ഷേ പിന്നീട് ഞങ്ങള്‍ രണ്ടും പല കള്ളങ്ങളും പറഞ്ഞു  പുറത്തു പോയി കളിക്കാന്‍ തുടങ്ങി.ഞാന്‍ കുറച്ചു വര്‍ഷം അമ്മയും, അച്ഛനും, ഉണ്ണിയും കൂടെയില്ലാതെ അമ്മൂമ്മയുടെയും അമ്മാവന്‍റെയും കൂടെ നിന്നിരുന്നു. ഞാന്‍ മൂന്നില്‍ പഠിക്കുന്ന സമയത്താണ് അവര്‍ തിരികെ വന്നത് എന്നാണ് എന്‍റെ ഓര്‍മ. 

     ഞായറാഴ്ചകളില്‍ അന്ന് ദൂരദര്‍ശന്‍ ചാനലില്‍ ചന്ദ്രകാന്ത, പിന്നെ സിനിമ അതിനു ശേഷം ഡെന്‍വര്‍ ദി ലാസ്റ്റ് ദിനോസര്‍ എന്ന കാര്‍ട്ടൂണ്‍, വീട്ടില്‍ ടി.വി ഇല്ലാത്തതുകൊണ്ട് സിനിമ അനൂപിന്‍റെ ഒരു ബന്ധു വീട്ടിലും അതിനുശേഷമുള്ള കാര്‍ട്ടൂണ്‍ അവിടെ വെക്കാത്തതിനാല്‍ മണി മേമയുടെ വീട്ടിലുമായിട്ടാണ് കണ്ടുകൊണ്ടിരുന്നത്‌.., മണിമേമക്ക് കുട്ടികളില്ല. നല്ല സ്നേഹമായിരുന്നു  ഞങ്ങളോട്. 
സിനിമ കാണുമ്പോള്‍ ഇടിയൊക്കെ വന്നാല്‍ നിരങ്ങി നിരങ്ങി ടി.വിയുടെ അടുത്തെത്തുമായിരുന്നു...ചിരി വരുന്നു... ആ കാലഘട്ടം എത്ര മനോഹരമായിരുന്നു.

  
എന്‍റെ അമ്മാവനടക്കമുള്ള അന്നത്തെ കണ്ണംപരിയാരം യുവത്വനിര വാര്യത്തെ പടിക്കലായിരുന്നു വൈകുന്നേരങ്ങളില്‍ ഒത്തുകൂടുക.. ചില സമയങ്ങളില്‍ ഞാനും ഉണ്ണിയും അവിടെ പോയി നില്‍ക്കും, പഠിക്കാനോന്നുമില്ലേടാ എന്ന് ചോദിച്ചുകൊണ്ട്  ഇവരൊക്കെ ഞങ്ങളെ അവിടെനിന്നും ഓടിക്കും. ഉണ്ണിമാമ, കണ്ണന്‍കുട്ടിമാമ, ജയന്‍ചേട്ടന്‍, ഗോകുലേട്ടന്‍, പപ്പേട്ടന്‍ അങ്ങനെ ഒരു നിര തന്നെ ഉണ്ടാവും പടിക്കല്‍..   ജയന്‍ചേട്ടനെ കാണുമ്പോഴേ ഞങ്ങള്‍ 
ഓടുമായിരുന്നു. കണ്ണുരുട്ടി ഒരു ചോദ്യമുണ്ട് അത് ഭയന്നിട്ടാണ് ആ ഓട്ടം.
അവരുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാതിരിക്കനാണോ അതോ ഞങ്ങള്‍ പഠിച്ചു മിടുക്കരാവാനാണോ? രണ്ടിനും ഭംഗം വരാതിരിക്കാന്‍  വേണ്ടി യാവും ഞങ്ങളെ ഓടിക്കുന്നത്..അതെ.. അതു തന്നെയാണ് സത്യം.
അമ്മാവന്‍ മാങ്കുറുശ്ശി സ്കൂളില്‍ മാഷായിരുന്നു ഇപ്പോള്‍ പ്രധാനാധ്യാപകനായി. അമ്മാവനും  ശിങ്കിടികളും ചില വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിയുണ്ടായിരുന്നു, കാളികാവ് പോകുന്ന വഴിയിലെ പറമ്പില്‍..... ചിലപ്പോഴൊക്കെ ഞങ്ങളും പോകാറുണ്ട്...ക്രിക്കറ്റ് ജ്വരം ഞങ്ങളുടെ തലയ്ക്കു 
പിടിച്ചത് ഇങ്ങനെയാണ്..ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.....

വിളക്ക് വെക്കുന്ന സമയത്തും ഞങ്ങള്‍ കളിയാണ്‌.. അമ്മൂമ്മയും അമ്മയും മാറി മാറി വഴക്ക് പറയുന്നുണ്ടെങ്കിലും, അമ്മാവന്‍ കളി കഴിഞ്ഞു വരാത്തതിനാല്‍  ഞങ്ങള്‍ കളി തുടര്‍ന്നുകൊണ്ടിരുന്നു.. മഴ പെയ്തു വഴുക്കലുള്ള മുറ്റത്ത്‌ ഞാന്‍ വീണു... വലതു കാല്‍മുട്ടില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.. അമ്മാവന്‍ വരുന്നത് വരെ വേദന കടിച്ചു പിടിച്ചുകൊണ്ടിരുന്നു. അമ്മാവന്‍റെ വഴക്കൊക്കെ കേട്ടുകൊണ്ട്, 
അമ്മാവന്‍റെ ഹെര്‍ക്കുലീസ് സൈക്കിളില്‍ ഡോക്ടറെ കാണാന്‍ പോയി...ആറ് തുന്നിക്കെട്ടുണ്ടായിരുന്നു..ആ പാട് ഇപ്പോഴും വലതു കാല്‍മുട്ടിലുണ്ട്...സന്ധ്യാ സമയത്തുള്ള കളി അങ്ങനെ അങ്ങ് നിന്നു...നിര്‍ത്തി.

          കളി എന്നത് ഒരു തരം ഭ്രാന്തായിരുന്നു ഞങ്ങള്‍ക്ക്, മഴയത്തും വെയിലത്തും  ഒരുപോലെ..ഒരു നിമിഷം അടങ്ങിയിരിക്കില്ല..എന്ത്  കള്ളം പറഞ്ഞു ഞങ്ങള്‍ അതിനു വഴി കണ്ടെത്തുമായിരുന്നുകളിയില്ലാത്ത സമയത്ത് ചുമ്മാ  പടിക്കലിരുന്നുകൊണ്ട് റോഡിലൂടെ പോകുന്നവണ്ടികള്‍ ഏതൊക്കെ എന്ന് നോക്കുക, എണ്ണമെടുക്കുക. അതുമായി ബന്ധപെട്ട്പറഞ്ഞ അംബാസിഡര് ശത്രുവിനെപറ്റിയുള്ള പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമല്ലോ???

അങ്ങനെ..അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര..കാക്കത്തൊള്ളായിരം കാര്യങ്ങള്‍.സ്കൂള്‍ കാലഘട്ടത്തിലെ വിട്ടുപോയ കുറെ കുരുത്തക്കേടുകള്‍ ഇനിയുമുണ്ട്...എല്ലാം ഓര്‍ത്തെടുത്ത് വീണ്ടും നിങ്ങളെ ബോറടിപ്പിക്കാം ..ഇപ്പോഴല്ല ....പക്ഷെ അധികം താമസിപ്പിക്കില്ല  കേട്ടോ.

നിങ്ങള്‍ക്കുമുണ്ടാകാം ഇതിലും എത്രയോ രസകരവും സങ്കടകരവുമൊക്കെ ആയ അനുഭവങ്ങള്‍..ഇല്ലേ?? എല്ലാം  ഒന്നോര്‍ത്തെടുത്തു നോക്കൂ ..