Tuesday, February 17, 2015

പാലക്കാട്ടങ്ങാടിയിലെ "യമ്മി ടിഫിൻ"

വിനായക ടിഫിൻ സ്റ്റാൾ
*************************
അങ്ങാടിയിലെ നോർത്ത് പോലീസ്റ്റേഷന് സമീപത്തെ ഏകദേശം 10 പേർക്ക് തികച്ചിരിക്കാവുന്ന വൃത്തിയുള്ള ഒരു കൊച്ചു ടിഫിൻ കട. മനുവും ഞാനും 7 മണിയോടെ അവിടെത്തി സേവയും 2 നൈസ്സ് ദോശയും ഓർഡർ ചെയ്തു.ചട്ണി സാമ്പാർ കട്ടചമ്മന്തി മുളക് ചമ്മന്തി എന്നിവയോടെ ആവി പറക്കുന്ന സേവയും ദോശയും ദേ മുന്നിലെത്തി... മണമാസ്വദിച്ചുകൊണ്ട് ഇത്തിരി നേരം ഇരുന്നു. വിജീഷേട്ടാ നിങ്ങള് നോക്കിയിരിക്കാതെ കഴിക്കീന്ന്.. മനുവിന്റെ കമന്റ്‌.... അങ്ങനെ ടിഫിൻ ഉഷാർ.

മനുവിന്റെ ഫോണിൽ നിന്നും കഴിക്കുന്നതിന്റെ സെൽഫി എടുക്കണം എന്നാഗ്രഹിച്ചിരുന്നതാ പക്ഷേ പോളിങ്ങിനിടയിൽ അത് നടന്നില്ലാ അതുകൊണ്ട് കടയുടെ ഫോട്ടം പിടിച്ച് തൃപ്തിയടഞ്ഞു.



നട്ടെല്ലില്ലാത്ത സാക്ഷികൾ


നിസ്സാമിന്റെ ക്രൂരകൃത്യത്തെപ്പറ്റിയുള്ള മാധ്യമപ്പടയുടെ വിവരണം അസ്സലായി. സാക്ഷികൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വിവരണം ആയിരുന്നു അത്. അല്ലാ അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ ഈ സാക്ഷികൾക്കെന്താ കൊമ്പുള്ളത് കൊണ്ടാണോ എല്ലാം കണ്ട് നിന്നത്?? ഒരൊറ്റ ആണൊരുത്താനും ഇല്ലായിരുന്നോ ഇവന്റെ തണ്ടെല്ല് തകർക്കാൻ??? കാഴ്ചക്കാരായ് മാധ്യമപ്പടക്ക് മുന്നിൽ നിന്നുകൊണ്ട് ഒരു പാവം മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നത് നല്ല വൃത്തിയായ് വിവരിച്ചുകൊടുത്തു. എന്താല്ലേ??

പടച്ചോന് നിരക്കാത്ത മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവർത്തികൾ ചെയ്യുന്ന ഇവൻ ഐ എസ്സ് തീവ്രവാദിക്ക് തുല്യം. നിയമത്തെ കബളിപ്പിച്ച്‌ പോലീസും ഗവണ്‍മെന്റും പരസ്പരം കൈകോർത്ത് ഇത്രയും കാലം ഇവനെ സംരക്ഷിച്ചു. മതി.. ഇനി തൂക്കുകയർ. ദൈവസന്നിധിയിൽ അതിനുമപ്പുറമുള്ള ശിക്ഷ നിന്നെ കാത്തിരിക്കുന്നു.

വേദന ശമിക്കാനായ് മുട്ടിക്കുളങ്ങരയിലേക്ക്


ആദ്യം തോന്നിയ പോലെയല്ലാ ട്ടോ....ഫിസിയോ ആൾ പുപ്പുലി ആണെങ്കിലും തുട്ട് കൊടുത്ത് മുതലാവില്ല.. വേദന കുറച്ച് കൂടുകയും ചെയ്തു. വിജിത്തേട്ടൻ പറഞ്ഞതനുസരിച്ച്, പുള്ളിയും ഞാനും ചന്ദ്രനഗർ കഴിഞ്ഞ് കോയമ്പത്തൂർ ഹൈവേയിലേക്ക് കേറുന്നതിന് മുൻപ് ഇടതുവശത്തുള്ള 'മുട്ടിക്കുളങ്ങര എണ്ണ' ലഭിക്കുന്ന വൈദ്യൻ കൈലാസ്നാഥന്റെ അടുക്കലേക്ക്‌ പാഞ്ഞു. എന്റെ കൈ കണ്ടപാടെ പുള്ളി പറഞ്ഞു "ഒന്നുമെനിക്ക് ചെയ്യാനില്ല..ഉഴിഞ്ഞിട്ട് കാര്യമില്ല...വേണച്ചാ നേരെ കോയമ്പത്തൂർ ഗംഗയിലേക്ക് പൊക്കോളൂ" എന്ന് പറഞ്ഞു. കൈ ഒന്ന് നിവർത്തി പിടിക്കാൻ പറഞ്ഞിട്ട് ചെവിക്ക് തൊട്ടുതാഴെ ഒന്നമർത്തി വേദന കുറവുണ്ടോ എന്ന് ചോദിച്ചു. "ഇല്ലാ".. എന്ന് എന്റെ മറുപടി. വേദന ഇല്ലാച്ചാ ഉഴിഞ്ഞ് ശരിയാക്കാമായിരുന്നൂത്രേ. "കൈക്കുഴയിലെ ഫ്ലൂയിഡ് കട്ട പിടിച്ചിട്ടുണ്ട്. തനിക്ക് വളക്കണം..തിരിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെമെങ്കിൽ ഗംഗയിൽ ചെല്ലുക കീറിമുറിക്കുക". ഫിസിയോ എന്നോട് പറഞ്ഞത് താമസിയാതെ കൈമുട്ടിലേക്ക് വേദന വരും അവസാനം ഇടതുകൈക്ക് പ്രവർത്തനശേഷിയേ ഉണ്ടാവില്ല എന്നാണ്. "പോകാൻ പറ അയാളോട് തനിക്ക് ഒരു കുഴപ്പവും വരില്ല" എത്ര ഭാരം വേണമെങ്കിലും എടുത്തുയർത്താം..പക്ഷേ വലതു കൈക്കുഴപോലെ ഒരൊഴുക്കു വരില്ല എന്ന് വൈദ്യൻ പറഞ്ഞു. വേണമെങ്കിൽ തനിക്ക് ഞാൻ എണ്ണ തരാം..ചെവിക്കു താഴെ നിന്ന് ഇടുപ്പ് വരെ ഇടുക..ഒരുമണിക്കൂർ കഴിഞ്ഞ് ചെറിയ രീതിയിൽ കൈക്കുഴ തിരിക്കാൻ ശ്രമിക്കുക.. പച്ചവെള്ളത്തിൽ കുളിക്കുക. കുറച്ച് നാൾ കഴിയുമ്പോൾ വേദന നിശേഷം മാറും.. കൈക്കുഴ പഴയപടി ആവണമെങ്കിൽ സർജറി അവശ്യം തന്നെ എന്ന് വീണ്ടും പുള്ളി പറഞ്ഞു. എണ്ണ വാങ്ങി..ദിവസം രണ്ട് നേരം തേച്ചുകുളി ഭേഷായി നടക്കുന്നു.

ഒരു കച്ചവട തന്ത്രവും അവിടെ കണ്ടില്ല ഞാൻ. വൈദ്യന്റെ നർമ്മത്തിൽ ചാലിച്ച പെരുമാറ്റം ഒരുണർവ് സമ്മാനിച്ചു. യൂസഫ്‌ പറഞ്ഞപോലെ അതുകൊണ്ടായിരിക്കും വർഷങ്ങളായി ഈ സ്ഥാപനം ഇതേപോലെ പഴഞ്ചൻ ആയി തന്നെ ഇവിടുള്ളത്. അറിവ് അതിന്റേതായ രീതിയിൽ വൈദ്യർ ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്ന് ഫലം കാണുന്നവർ ധാരാളം.

Saturday, February 14, 2015

ഓടെടാ ഓട്ടം...തുട്ടിന് പുറകേ.....




"കാശ്..പണം..തുട്ട്..മണി.. മണി" പാട്ട് തകർക്കുന്നു. തുട്ടിനു വേണ്ടി അലയുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്. ഹ...ഹ.

"മക്കൾക്ക്‌ വേണ്ടി എന്തെങ്കിലും ഉണ്ടാക്കി ഇട്ടിരുന്നേൽ ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നോ". അച്ഛനോട് എന്റെ ചോദ്യം??? ഒരു തരത്തിലും ഞാൻ അർഹനല്ല ആ ചോദ്യം ഉന്നയിക്കുവാൻ. പലയിടത്തുനിന്നുമുള്ള ചോദ്യ ശരങ്ങൾ, സ്വയം ഉയർന്ന് പോകാനുള്ള വഴികൾ അടുത്ത് വന്നിട്ടും കൈവെള്ളയിൽ തട്ടി അകന്നുപോകുമ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് മനസ്സ് പ്രക്ഷുബ്ദമായപ്പോൾ വായിൽ നിന്നും അറിയാതെ വന്നു പോയതാണ്. പക്ഷേ എന്റെ ആ ചോദ്യം അച്ഛനെ ഒരു നിമിഷം കണ്ണ് നനയിച്ചു. ആ വിഷമം ഒരു ഉമിനീരിലിറക്കി ഞങ്ങളെ നോക്കി നടന്നകന്നു. എന്നിൽ നിന്നും ഉതിർന്നു വീണ ആ വാക്കുകൾക്ക് മാപ്പില്ല..അതുറപ്പ്‌.

പലരുടെ ജീവിതത്തിലും ഈ രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകാം. മക്കളെ നല്ല രീതിയിൽ വളർത്തി..വലുതാക്കി.... അതിനിടയിൽ സമ്പാദിച്ചു കൂട്ടിയില്ല. അതിനുതക്കവണ്ണം വരുമാനം ഇല്ലായിരുന്നു എന്റെ അച്ഛന്.... അതു തന്നെ യാഥാർത്ഥ്യം. ഒൻപത് വർഷമായി ഈ ഞാൻ ജോലി ചെയ്യുന്നു. എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് തന്നെ പറയേണ്ടി വരും. സന്തോഷത്തേക്കാൾ ഏറെ ദു:ഖം മാത്രമേ മിക്ക മക്കളും അച്ഛനമ്മമാർക്ക് കൊടുത്തിട്ടുള്ളൂ. "കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണത്രേ മക്കൾ ആയി പിറവിയെടുക്കുന്നതെന്ന്" അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. അത് ശരി തന്നെ ആണ്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ സ്വന്തം മക്കളിൽ നിന്നും അനുഭവിക്കുന്ന എത്ര എത്ര സംഭവങ്ങൾ നാം കാണുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതെല്ലാം മക്കൾ പിന്നീട് അനുഭവിക്കും എന്നത് പ്രപഞ്ച സത്യം. ജീവൻ നിലനിൽക്കുന്ന സമയത്ത് നല്ലത് പ്രവർത്തിക്കാതെ നമ്മിൽ നിന്നും വിട്ടു പോയതിനു ശേഷം അവരെ ഓർത്ത്‌ വിഷമിക്കുന്നതിൽ, കുറ്റങ്ങൾ ഏറ്റുപറയുന്നതിൽ എന്തർത്ഥമാണുള്ളത്.

വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വിഷമിപ്പിക്കാതെ ഏവരോടും സഹാനുഭൂതിയോടെ പെരുമാറി നല്ല രീതിയിൽ ജീവിതം നയിക്കുക. അതുകണ്ട് ജീവിക്കുന്നതും അങ്ങ് സ്വർഗ്ഗവാതിലിൽ എത്തിയവരുടെയും മനസ്സ് നിറയും. അനുഗ്രഹാശിസ്സുകൾ ചൊരിയും. നിശ്ചയം. അപ്പോൾ ഞാൻ എന്റെ ഓട്ടം തുടരട്ടെ..എങ്ങോട്ട്?? തുട്ടിന് പുറകേ തന്നെ. എന്റെ ആവശ്യം പലർക്കും അനാവശ്യമായിരിക്കും പക്ഷേ അതുപറഞ്ഞ് എനിക്ക് വെറുതെ ഇരിക്കാൻ പറ്റുമോ. ഓടണ്ടടാ ഉവ്വേ എന്ന് പറയാൻ ആരുണ്ട്‌. ഓട്ടം എന്നിൽ നിക്ഷിപ്തം. അപ്പോൾ ഓടിയേ മതിയാവൂ.

Sunday, February 8, 2015

വേദന...വേദന...വേദന മാത്രം.


സമയം 3.15 അച്ഛനെ അമ്പലത്തിൽ എത്തിക്കണമല്ലോ?? പെട്ടെന്ന് തന്നെ ഏതൻസ് നെറ്റ് കഫേയിൽ നിന്നിറങ്ങി വീട്ടിലേക്ക്.. മേർസി കോളേജ് ജങ്ങ്ഷൻ കഴിഞ്ഞതും അച്ഛനെ കണ്ടു. 'ബസ്സിന് പൊക്കോളാം നീ വീട്ടിലേക്ക് പൊക്കോ' എന്ന് പറഞ്ഞു. അങ്ങനെ വീട്ടിലേക്ക്.. സൂര്യ ക്ലിനിക്കിന്റെ അടുത്തെത്തിയതും ഒരു കന്യാസ്ത്രീ വട്ടം ചാടി ഓടി ഓപ്പോസിറ്റ് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കേറി. വട്ടം ചാടിയ അവരെ ഇടിക്കാതിരിക്കാൻ ബൈക്ക് ഒന്ന് വെട്ടിച്ച ഞാൻ ദോണ്ടെ പൊത്തോന്ന് താഴെ. തല അടുത്തുള്ള പോസ്റ്റിലിടിച്ചാലും വേണ്ടില്ല്യാ എന്റെ ഇടതുകൈ കുത്തി വീഴാൻ ഇട വരരുതേ എന്ന് ഒരു നിമിഷം ഞാൻ എന്നോട് പറഞ്ഞു. പക്ഷേ ഇടത് കൈ കുത്തി തന്നെ താഴെ വീണു. ഷോക്കടിച്ച ഒരവസ്ഥ...ഒന്നൊന്നര വർഷമായ് അനുഭവിച്ചു കൊണ്ടിരിക്കുന്ന കൈക്കുഴയിലെ വേദന അസ്സഹനീയമായി. വീണിടത്ത് നിന്നും ഒന്ന് പാളി നോക്കുമ്പോൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി അകന്ന് പോകുന്ന കന്യാസ്ത്രീയെ കണ്ടു.

കഴിഞ്ഞ വർഷം സ്വന്തം ഭാര്യയടക്കം നമ്മുടെ ഫിസിയോ സജാദിക്കയും ഉനൈസിക്കയും കൂടെ ജിനുഏട്ടനും പറഞ്ഞതാണ്‌ നാട്ടിലെത്തുമ്പോൾ നല്ലൊരു ഡോക്ടറെ കാണിക്കാൻ..പക്ഷേ ഇന്നേവരെ മെനകെട്ടില്ല. എന്തായാലും ഇന്ന് അത് നടത്തേണ്ടി വരും എന്ന് 'വേദന' എന്നെ ബോധ്യപ്പെടുത്തി. ഓടി വന്ന രണ്ടു ചേട്ടന്മാർ വീണുകിടക്കുന്ന എന്നെയും ബൈക്കിനേയും സൈഡാക്കി. നേരെ സൂര്യാ ക്ലിനിക്കിലേക്ക്.. ഭാഗ്യത്തിന് ഡോക്ടർ അവിടെ ഉണ്ടായിരുന്നു. ഡോക്ടർ മുത്തുകുമാർ പുള്ളിക്കാരനെ നേരത്തേ അറിയാം. ആളൊരു പുപ്പുലി ആണ് ട്ടോ മ്മടെ ലാലേട്ടന്റെ കേരളാസ്ട്രൈക്കേഴ്സിന്റെ ഫിസിയോ ആണ്. ഒന്നര വർഷമായി വേദന കൊണ്ട് നടന്നു എന്നതിന് ആദ്യമേ കിട്ടി. പ്രാഥമിക ചികിത്സകൾ തുടങ്ങി ഒരു കുന്ത്രാണ്ടം ഓണ്‍ ചെയ്ത് കൈക്കുഴയെ ഒന്ന് ചൂട് പിടിപ്പിക്കാൻ തുടങ്ങി... അതിനു ശേഷം കൈപ്പത്തി തിരിച്ചും മറിച്ചുമുള്ള ക്രിയകൾ. വീട്ടിൽ പോയി ഇതുപോലെ തന്നെ ചെയ്യണം കൈക്കുഴക്ക് ചൂട് കൊടുക്കണം എന്ന് പറഞ്ഞു. തോളിൽ തട്ടിക്കൊണ്ട് വിജീഷേ അപ്പൊ നാളെക്കാണാം ട്ടോ.. ഒരു 500 അടച്ചോളൂ എന്നും പറഞ്ഞു. ഓ..എന്ന് മൂളി 500 അടച്ചു വേദന സഹിച്ചുകൊണ്ട് വീണ്ടും ബൈക്കിലേറി വീട്ടിലേക്ക് പാഞ്ഞു..

ചുമ്മാ സമയത്തെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം..നല്ല സമയം ചീത്ത സമയം എന്നൊന്നുമില്ല എന്ന് നമ്മുടെ മമ്മൂട്ടി അണ്ണൻ നേരത്തെ 'മുന്നറിയിപ്പ്' തന്നിട്ടുള്ളതിനാൽ മുത്തു ഡോക്ടർ പറഞ്ഞതിനനുസരിച്ചുള്ള കൈ ക്രിയകൾ ചെയ്ത് കൈക്കുഴ നേരെയാക്കാനുള്ള ശ്രമം തുടങ്ങി...