Saturday, February 14, 2015

ഓടെടാ ഓട്ടം...തുട്ടിന് പുറകേ.....




"കാശ്..പണം..തുട്ട്..മണി.. മണി" പാട്ട് തകർക്കുന്നു. തുട്ടിനു വേണ്ടി അലയുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്. ഹ...ഹ.

"മക്കൾക്ക്‌ വേണ്ടി എന്തെങ്കിലും ഉണ്ടാക്കി ഇട്ടിരുന്നേൽ ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നോ". അച്ഛനോട് എന്റെ ചോദ്യം??? ഒരു തരത്തിലും ഞാൻ അർഹനല്ല ആ ചോദ്യം ഉന്നയിക്കുവാൻ. പലയിടത്തുനിന്നുമുള്ള ചോദ്യ ശരങ്ങൾ, സ്വയം ഉയർന്ന് പോകാനുള്ള വഴികൾ അടുത്ത് വന്നിട്ടും കൈവെള്ളയിൽ തട്ടി അകന്നുപോകുമ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് മനസ്സ് പ്രക്ഷുബ്ദമായപ്പോൾ വായിൽ നിന്നും അറിയാതെ വന്നു പോയതാണ്. പക്ഷേ എന്റെ ആ ചോദ്യം അച്ഛനെ ഒരു നിമിഷം കണ്ണ് നനയിച്ചു. ആ വിഷമം ഒരു ഉമിനീരിലിറക്കി ഞങ്ങളെ നോക്കി നടന്നകന്നു. എന്നിൽ നിന്നും ഉതിർന്നു വീണ ആ വാക്കുകൾക്ക് മാപ്പില്ല..അതുറപ്പ്‌.

പലരുടെ ജീവിതത്തിലും ഈ രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകാം. മക്കളെ നല്ല രീതിയിൽ വളർത്തി..വലുതാക്കി.... അതിനിടയിൽ സമ്പാദിച്ചു കൂട്ടിയില്ല. അതിനുതക്കവണ്ണം വരുമാനം ഇല്ലായിരുന്നു എന്റെ അച്ഛന്.... അതു തന്നെ യാഥാർത്ഥ്യം. ഒൻപത് വർഷമായി ഈ ഞാൻ ജോലി ചെയ്യുന്നു. എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് തന്നെ പറയേണ്ടി വരും. സന്തോഷത്തേക്കാൾ ഏറെ ദു:ഖം മാത്രമേ മിക്ക മക്കളും അച്ഛനമ്മമാർക്ക് കൊടുത്തിട്ടുള്ളൂ. "കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണത്രേ മക്കൾ ആയി പിറവിയെടുക്കുന്നതെന്ന്" അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. അത് ശരി തന്നെ ആണ്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ സ്വന്തം മക്കളിൽ നിന്നും അനുഭവിക്കുന്ന എത്ര എത്ര സംഭവങ്ങൾ നാം കാണുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതെല്ലാം മക്കൾ പിന്നീട് അനുഭവിക്കും എന്നത് പ്രപഞ്ച സത്യം. ജീവൻ നിലനിൽക്കുന്ന സമയത്ത് നല്ലത് പ്രവർത്തിക്കാതെ നമ്മിൽ നിന്നും വിട്ടു പോയതിനു ശേഷം അവരെ ഓർത്ത്‌ വിഷമിക്കുന്നതിൽ, കുറ്റങ്ങൾ ഏറ്റുപറയുന്നതിൽ എന്തർത്ഥമാണുള്ളത്.

വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വിഷമിപ്പിക്കാതെ ഏവരോടും സഹാനുഭൂതിയോടെ പെരുമാറി നല്ല രീതിയിൽ ജീവിതം നയിക്കുക. അതുകണ്ട് ജീവിക്കുന്നതും അങ്ങ് സ്വർഗ്ഗവാതിലിൽ എത്തിയവരുടെയും മനസ്സ് നിറയും. അനുഗ്രഹാശിസ്സുകൾ ചൊരിയും. നിശ്ചയം. അപ്പോൾ ഞാൻ എന്റെ ഓട്ടം തുടരട്ടെ..എങ്ങോട്ട്?? തുട്ടിന് പുറകേ തന്നെ. എന്റെ ആവശ്യം പലർക്കും അനാവശ്യമായിരിക്കും പക്ഷേ അതുപറഞ്ഞ് എനിക്ക് വെറുതെ ഇരിക്കാൻ പറ്റുമോ. ഓടണ്ടടാ ഉവ്വേ എന്ന് പറയാൻ ആരുണ്ട്‌. ഓട്ടം എന്നിൽ നിക്ഷിപ്തം. അപ്പോൾ ഓടിയേ മതിയാവൂ.

No comments:

Post a Comment