Friday, March 20, 2015

"ഓർമ്മകൾ" മധുരവും കയ്പ്പും നിറഞ്ഞത്. സ്കൂൾ കാലഘട്ടത്തിലൂടെ..

അപ്പർ പ്രൈമറിയിലേക്ക്....പുത്തൻ പ്രതീഷകളും പുതു പുത്തൻ കൂട്ടുകാരെയും തേടി എന്ന ബ്ലോഗിന്റെ തുടർച്ചയാണ്. കുസൃതിത്തരങ്ങളും കുഞ്ഞുകുഞ്ഞു ഓർമ്മകളിൽ ചിലതുമെല്ലാം കഴിഞ്ഞ ബ്ലോഗിൽ പങ്കുവെച്ചിരുന്നു. പ്രണയത്തെപ്പറ്റി മ്മടെ ലാലേട്ടൻ കാസിനോവയിൽ പറയുന്ന വാക്കുകൾ ഞാൻ ഒന്നൂടെ കേട്ടു. കാരണം ഞാൻ പറയാൻ പോകുന്നത് ആറാം ക്ലാസ്സിലെ എന്റെ ഇഷ്ടത്തെപ്പറ്റിയാണ്‌. അതുകഴിഞ്ഞും ഇഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ മങ്കര സ്കൂളിലെ ആ സുന്ദരിപ്പെണ്ണ്‍ കുറച്ചൊന്നുമല്ല എന്നെ മോഹിപ്പിച്ചത്. പ്രണയം എന്നതെന്തെന്ന് അറിയാതെയുള്ള ആ മോഹം ഇഷ്ടമായ് വളർന്നു. മഞ്ചാടിക്കുരു എന്ന സിനിമ ശരിക്കും എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. പല രംഗങ്ങളിലും ഞാൻ എന്നെ കണ്ടു. കളിചിരിയും കുസൃതിയുമായി തികഞ്ഞ സ്വാതന്ത്രത്തോടെ ആണ് ഞാൻ എന്റെ കൂട്ടുകാരുമായി ഗ്രാമത്തിൽ പാറി നടന്നത്. അതുപോലെ 1983 എന്ന സിനിമയിലെ സ്കൂൾ കാലഘട്ടം മങ്കര സ്കൂളിലേക്കും കോട്ടയത്തെ ചിന്മയാ വിജ്ഞാന മന്ദിർ സ്കൂളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു..കളി, ചിരി, കുസൃതികൾക്കിടയിൽ പ്രണയവും വന്നുകൂടി. ഇഷ്ടങ്ങളുടെ പേരൊന്നും ഞാൻ പറയുന്നില്ല അത് അനിഷ്ടങ്ങൾക്ക് വഴിയൊരുക്കിയാലോ..

അപ്പോൾ മ്മടെ മങ്കര സ്കൂളിൽ നിന്ന് തന്നെ തുടങ്ങാം. സർ.ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ഗവണ്‍മെന്റ് ഹൈസ്കൂൾ. ആറാം ക്ലാസ്സിൽ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ആ കുട്ടി.. പച്ചപ്പാവാടയും വെള്ള ഷർട്ടും ധരിച്ചു വന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടി ആയിരുന്നു എന്റെ എല്ലാം. ആ ഇഷ്ടം എന്റെ മാത്രം എന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. അത്രക്കും നിഷ്കളങ്കമായിരുന്നു അവളുടെ പ്രവർത്തികൾ, ചലനങ്ങൾ. പക്ഷേ, എല്ലാം എനിക്ക് മാത്രമേ തോന്നിയിരുന്നുള്ളൂ.. ഇങ്ങോട്ട് ഒന്നും ഇല്ലായിരുന്നു എന്ന നഗ്ന സത്യം വൈകാതെ തിരിച്ചറിഞ്ഞു. വിലങ്ങുതടിയായി വന്ന അവളുടെ മുൻ സഹപാഠി എന്റെ എല്ലാ മോഹവും തച്ചുടച്ചു. അവളെപ്പോലെ അവനും പഠിപ്പിസ്റ്റ്.. അപ്പോപ്പിന്നെ പറയണ്ടല്ലോ. എന്തായാലും അവനോട് അടികൂടി സ്വയം നാണം കെടാൻ എന്റെ ആരോഗ്യം എന്നെ അനുവദിക്കില്ല എന്നറിയാവുന്നതിനാൽ കുരുട്ട് ബുദ്ധി ഉപയോഗിക്കാൻ തീരുമാനിച്ചു. ഒരു നെടുനീളൻ ഭീഷണിക്കത്തെഴുതാൻ സഹപാഠിയായ കണ്ണൻ എന്നെ നിർബന്ധിച്ചു. അവനല്ല അവൾക്ക്..കത്തിന്റെ ഏകദേശരൂപം ദോണ്ടേ...

'എന്റെ' അല്ലേൽ വേണ്ട എന്ന് ഞാൻ ഇരുന്നോട്ടെ എന്ന് കണ്ണൻ. അങ്ങനെ എന്റെ എന്നെഴുതിയതിന് ശേഷം കുട്ടിയുടെ പേരെഴുതി. വേണ്ട വേണ്ട എന്ന് വിചാരിച്ചപ്പോ ആഹാ ഇനി മുതൽ നീ എന്നോട് മാത്രം മിണ്ടിയാൽ മതി ട്ടോ..അവനോട് കൂട്ട് വേണ്ട....അവൻ നല്ലതല്ല.. മിണ്ടിയാൽ ...ശരിയാക്കും രണ്ടിനേം ഞാൻ. നിന്നെ എനിക്കിഷ്ടാ അപ്പോ പറഞ്ഞപോലെ എന്നെ മാത്രം ട്ടോ.
അന്നത്തെ ആ ഭീഷണിക്കത്ത് എങ്ങനെയുണ്ട്?? ഹി..ഹി

കത്ത് ചുരുട്ടി അവളിലേക്ക്‌ എറിഞ്ഞതും അവളുടെ ഉറ്റസുഹൃത്തായ തടിച്ചിപ്പാറു തിരിഞ്ഞ് നോക്കിയതും ഒരേ സമയത്ത്... തീർന്നെടാ എന്ന് കണ്ണൻ. നിലത്ത് വീണ കത്തെടുത്ത് ഞങ്ങൾ എഴുതിയ അക്ഷരക്കൂട്ടുകൾ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും 'ഉണ്ട' വായിച്ചു. എന്റെ പെണ്ണടക്കമുള്ള ഫസ്റ്റ്ബെഞ്ചെഴ്സ് എല്ലാം കേട്ടിരുന്നു. അവനാടി എറിഞ്ഞതെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് തടിച്ചിപ്പാറു എന്റെ നേരെ കൈ ചൂണ്ടി. ഞാൻ ഇതാ വിറ. കുറച്ച് കഴിഞ്ഞപ്പോൾ ആ കത്തും പിടിച്ച് എല്ലാം കൂടെ സ്റ്റാഫ് റൂമിലേക്ക്‌ പോയി.. എനിക്കുള്ള വിളി വന്നു..പേടിച്ച് വിറച്ച് ഞാൻ ക്ലാസ്സ് ടീച്ചറുടെ മുന്നിൽ ചെന്ന് നിന്നു. കിട്ടി ചൂടോടെ 2 എണ്ണം. നല്ല ചൂരൽ കഷായം. ദേഷ്യം എല്ലാം തടിച്ചിയോടായിരുന്നു. എറിഞ്ഞ ടൈമിംഗ് തെറ്റിയെങ്കിലും അവളാണല്ലോ ഇവിടം വരെ എത്തിച്ചത്. ഹോ എന്തൊരു നീറ്റൽ.. കൈ കുടഞ്ഞുള്ള എന്റെ വരവ് കണ്ട് തടിച്ചിപ്പാറു അടക്കം ഏവരും ചിരിച്ചു...മന്ദസ്മിതം എന്റെ പെണ്ണിലും ഞാൻ കണ്ടു. പിറ്റേ ദിവസം മുതൽ ഇന്റർവെൽ സമയത്തും മറ്റും ഈ പെണ്‍ഗ്യാങ്ങിനെ ക്ലാസ്സിന് വെളിയിലിറക്കാതെ തടഞ്ഞ് നിർത്തും. സത്യത്തിൽ ഒന്നിന് പോകാൻ പോലും വിടില്ലായിരുന്നു. പക്ഷേ കയ്യൂക്കിന്റെ (തടിച്ചിപ്പാറൂന്റെ) ബലത്തിൽ ഞങ്ങളെ തട്ടിമാറ്റി അവർ മുന്നോട്ട്.. അതുപോലെ അവധി ദിനങ്ങളിൽ വല്ലപ്പോഴും അവളുടെ വീടിന് മുന്നിലൂടെ കൂട്ടുകാരുടെ കൂടെ ഒരു സൈക്കിൾ സവാരി . കുരുത്തക്കേടിന്റെ അങ്ങേയറ്റം. എല്ലാം വീണ്ടും പ്രശ്നമാകും എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് പെണ്ണിന് ഇഷ്ടക്കേടുണ്ടാകും എന്ന് മുൻകൂട്ടിക്കണ്ട് അങ്ങ് നിർത്തി.

ദേഷ്യം എന്ന വികാരത്താൽ ആരെയും നശിപ്പിക്കാൻ സാധിക്കില്ല പക്ഷേ അത് സ്വയം നമ്മളെ നശിപ്പിക്കും എന്ന വാക്യം ദിലീപ് സാർ ഒരു ക്ലാസ്സിൽ പറഞ്ഞതും ഞാൻ ഓർത്തു....ഇന്നും ഓർക്കുന്നു.. അതിനാൽ....ദേഷ്യം നിയന്ത്രിക്കുന്നുണ്ട് എങ്കിലും എന്നിലെ ക്ഷമ നിയന്ത്രണാതീതം എന്നാണ് ഇപ്പോഴത്തെ ഒരു അപശ്രുതി. അത് കുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടത്രെ .. സാരമില്ല..അതങ്ങനെ തന്നെ പോട്ടെ .ഏവരോടും കൂട്ട് കൂടാൻ തുടങ്ങി. പക്ഷേ ഇഷ്ടത്തെ ഇഷ്ടമായ് തന്നെ മനസ്സിൽ നിർത്തി. ഹൈസ്കൂളിലെത്തി ക്രിക്കറ്റ് കളിയാൽ പഠനം കുറച്ച് ഉഴപ്പി... അവധി ദിവസങ്ങൾ എല്ലാം വെള്ളറോട്ടെ ചെക്കന്മാരുമായ് മാച്ചുണ്ടാവും. ഒരു നോട്ട്ബുക്ക് ഞങ്ങൾ അതിനുവേണ്ടി തയ്യാറാക്കുമായിരുന്നു. ആരൊക്കെ ഓപ്പണിംഗ് ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡിങ് പോയിന്റ്‌, സ്കോർ കാർഡ് അങ്ങനെ എല്ലാം അതിലുണ്ടാകും. ഫീൽഡിങ് അത്രയേറെ ഇഷ്ട്ടമായിരുന്ന എനിക്ക് പ്രചോദനം അസ്സഹ്റുദ്ദീനും ജോണ്ടിറോഡ്സ്സും ആയിരുന്നു. കളിയും ചിരിയും പഠനവുമായ് ദിനങ്ങൾ കടന്ന് പോയ്‌. എട്ടാം ക്ലാസ്സിലെ വിജയത്തിന് "വി ഗൈഡിന്" നന്ദി പറയുന്നു. അത് നോക്കിയുള്ള കോപ്പിയടിയും കൂട്ടുകാരുടെ സഹായവും ഇല്ലായിരുന്നേൽ എട്ടിൽ എട്ടു നിലയിൽ പൊട്ടിയേന്നെ.

പെട്ടെന്നൊരു ദിവസം ഞാനറിഞ്ഞു ഞങ്ങളെ ഏവരെയും അച്ഛൻ കോട്ടയത്തേക്ക് കൊണ്ടുപോവുകയാണെന്ന്. ആ ഒരു പറിച്ചുനടൽ ഉള്ള് വേദനിപ്പിച്ചു.. കൂട്ടുകാരെയും സ്വന്തം ഇഷ്ടത്തെയും,അമ്മൂമ്മ, അമ്മാവൻ, അമ്മായി അങ്ങനെ എല്ലാവരെയും പിരിഞ്ഞ്...

ഏവരോടും യാത്ര പറയാൻ സ്കൂൾ അങ്കണത്തിൽ..എന്റെ ക്ലാസ്സ് മുറിയിൽ. എല്ലാവരുടേയും നോട്ടത്തിനിടയിൽ എന്റെ ഇഷ്ടത്തിന്റെ കണ്ണ് ഇടറുന്നത് കണ്ടു. തലയാട്ടി ശരി എന്ന് സമ്മതം തന്നു. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ആ സമ്മതം എനിക്ക് സന്തോഷം നൽകി. യാത്ര പറഞ്ഞിറങ്ങി. എന്റെ മാത്രം ആകും എന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ..എന്തോ പിന്നീട് ആ ഇഷ്ടത്തെ കണ്ടുമുട്ടാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു കല്യാണമൊക്കെ കഴിഞ്ഞ് കുഞ്ഞുകുട്ടി കുടുംബമായ് സുഖമായി ജീവിക്കുന്നൂന്ന്.നല്ലത്.

അച്ഛന്റെ പ്രിയസുഹൃത്ത് കൊച്ചാരി മാമൻ കാറുമായ്‌ വന്നു. പിറ്റേദിവസം ഞങ്ങൾ യാത്ര തിരിച്ചു അക്ഷരനഗരിയായ കോട്ടയത്തേക്ക്...

Friday, March 13, 2015

ബഡ്ജറ്റേയ്...ബഡ്ജറ്റേയ്


ഹി..ഹി അടി..പിടി, കടി, ഉന്ത്...തള്ള്, ബോധക്ഷയം, വസ്ത്രാക്ഷേപം അങ്ങനെ ആകെ മൊത്തത്തിൽ ജഗപൊക. ഈ പൊകപടലങ്ങൾക്കിടയിൽ നിന്നുകൊണ്ട് മ്മടെ മാണി സാറ് ബഡ്ജറ്റ് അവതരിപ്പിച്ചു...ആറ് മിനിട്ട് കൊണ്ട് അവതരണം കഴിഞ്ഞ് ലഡ്ഡു വിതരണവും നടത്തി. ഗണേഷ് അടക്കമുള്ള ഏതാനും ചിലർ രംഗങ്ങൾ കാണികളായ് നോക്കി കണ്ടു. കഴിഞ്ഞ പല പ്രഖ്യാപനങ്ങളും പാതിവഴിയിൽ...അതിനിടയിൽ കോടികളുടെ പ്രഖ്യാപനത്തോടെ പുതിയ ബഡ്ജറ്റ്. വർഷാവർഷം ബഡ്ജറ്റ് അവതരിപ്പിക്കണം എന്നത് നിർബന്ധമാണ്‌ അല്ലയോ?? അല്ലാ, കഴിഞ്ഞകാല പ്രഖ്യാപനങ്ങളിൽ പലതും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങി നിൽക്കുന്നത് കൊണ്ട് ചോദിച്ചതാ.

പാവം വാർഡൻമാർ.. അവരെ സമ്മതിക്കണം കേട്ടോ. അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കേണ്ട ഗതികേടുള്ളതിനാൽ ഭരണപ്രതിപക്ഷങ്ങളുടെ ഉന്തും തള്ളും ചവിട്ടും തൊഴിയും എല്ലാം ക്ഷമയോടെ സ്വീകരിച്ചു. കഷ്ടം. ഇനി കുറച്ച് ദിവസം മാദ്ധ്യമങ്ങൾ നിയമസഭയുടെ ഈ കറുത്തദിനം. പാടിപ്പാടി നടക്കും. ഈ നടക്കുന്ന നാടകങ്ങൾ കണ്ടും കേട്ടും ഇരിക്കുക എന്നല്ലാതെ നാമടക്കമുള്ള സമ്മതിദാനക്കഴുതകൾക്ക് ഒന്നും ചെയ്യാനില്ല.

മാദ്ധ്യമങ്ങളുടെ താളത്തിന് തുള്ളി ചോദിക്കുന്നതിനൊക്കെ കാരണം നിരത്തി ഫെമിനിസ്റ്റുകൾ ഉറപ്പിച്ചു പറയുവാ നിയമസഭക്കുള്ളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്ന്... മ്മടെ മുഖ്യന്റെയും ബഡ്ജറ്റ് ഏമാന്റെയും നേരെ ചാടിത്തുള്ളി വന്നാൽ പിന്നെ സ്ത്രീ പുരുഷ സമത്വം നോക്കാൻ പറ്റുമോന്ന് വലംകൈ കൂട്ടാളികൾ.

കഥ പോയ പോക്ക് നോക്കണേ . എല്ലാം കണ്ടും കേട്ടുമിരിക്കാൻ വിധിക്കപ്പെട്ടവരായ് സമ്മതിദാനക്കഴുതകളുടെ ജീവിതം ഇനിയും ബാക്കി. "നാടകമേ ഉലകം".

Tuesday, March 10, 2015

"നാടും നാട്ടാരും നീണാൾ വാഴട്ടെ"

സഹകരിച്ചിരുന്നെങ്കിൽ കൊല്ലില്ലായിരുന്നത്രേ. മൃഗീയമായി കൊലപ്പെടുത്തിയവന്റെ വാക്കുകളാണിത്.ലോകത്തിന് മുമ്പാകെ ഇങ്ങനെ 'നിർഭയ' ത്തോടെ പുലമ്പിയ ഇവന് മാപ്പില്ല. ഇത്തരം വൈകൃതങ്ങൾ കാണിക്കുന്നവരെ മൃഗീയമായി തന്നെ ശിക്ഷിക്കണം. എല്ലാം കണ്ടും കേട്ടും നിയമം വെറുതെയിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും ഇത്തരം വൈകൃതങ്ങൾ തുടർക്കഥയാകുന്നു. ജനങ്ങൾക്ക്‌ പ്രതീക്ഷ ഇല്ലാതാകുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലും നടന്നു ഒരു അരുംകൊല... കാപ്പ ചുമത്തിയത്രേ..കാപ്പ. ഒരു കോപ്പും നടക്കാൻ പോകുന്നില്ല. അവന്റെ 'ചന്തി' കഴുകാൻ കോപ്പയുമായ് നടക്കുന്ന രാഷ്ട്രീയക്കാരുടെ ഈ കാപ്പ ചുമത്തൽ വെറും പ്രഹസ്സനം.അവൻ ഇനിയും നെഞ്ച് വിരിച്ച് ഇവിടെ തോന്ന്യാവാസം നടത്തും. നിയമവും ഭരണകർത്താക്കളും കൂട്ടും നിൽക്കും. നഷ്ടത്തിൻ വേദന നഷ്ടപ്പെട്ടവർക്ക് മാത്രം സ്വന്തം. ഭരണ സിരാകേന്ദ്രങ്ങളിൽ ഇരിക്കുന്നവർ ലക്ഷങ്ങൾ കൊടുത്ത് ഉറ്റവരുടെ വായടപ്പിച്ചു. കൊലപാതകിയുമായി സുഖലോലുപരായ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ. കഷ്ടം. എല്ലാം കണ്ടും കേട്ടും ഇരിക്കുക എന്നല്ലാതെ ഈ സമ്മതിദാന കഴുതകൾക്ക് ഒന്നും ചെയ്യാനില്ല...പക്ഷേ, നോക്കുകുത്തിയായ് കൊല നോക്കി കണ്ട് ഗംഭീര മാദ്ധ്യമവിവരണം നടത്തി സാക്ഷികൾ..ത്ഫൂ. നട്ടെല്ലില്ലാത്ത സാക്ഷികൾ.

ആഴ്ചയിൽ ഒന്നരാടം ഉള്ള രാഷ്ട്രീയ പക പോക്കലുകൾ..ആർക്കും ആരെയും കൊല്ലാം, ബന്ധത്തിന് വിലകൊടുക്കാതെ പീഡിപ്പിക്കാം, തെരുവിലെറിയാം ആരും ചോദിക്കില്ല..ഒന്നോ രണ്ടോ ദിവസം എല്ലാം വാർത്തകളിൽ നിറയും..മാദ്ധ്യമങ്ങൾ അവരുടെ തനിനിറം ജനങ്ങളിൽ കുത്തിനിറയ്ക്കും. അടുത്ത ഹോട്ട് ന്യൂസ്‌ വരുമ്പോൾ വാല് മുതൽ തല വരെ അതിന്റെ പുറകേ പോകും. ഈ ഗ്യാപ്പിൽ കഥയിലെ നായകന്മാർ/ നായികമാർ പണമെറിഞ്ഞ് പുറത്തിറങ്ങും...അടുത്ത അങ്കം കുറിക്കും. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കുറ്റകൃത്യങ്ങൾ....എല്ലാ അന്വേഷണ പരമ്പരകളിലും കൃത്രിമത്വം. ജനങ്ങളെ വഞ്ചിച്ച് പൊറാട്ടുനാടകം നടത്തുന്ന ഭരണ പ്രതിപക്ഷ കൂട്ടാളികൾ. എന്നെ തല്ലണ്ടാ നാന്നാവൂല്ല എന്ന ലൈൻ..കഷ്ടം തന്നെ.

നമ്മുടെ നിയമം/ ഭരണ വ്യവസ്ഥ തന്നെ ആണ് ഇത്തരം വൃത്തികേടുകൾക്ക് കൂട്ട് നിൽക്കുന്നത് എന്നത് ദു:ഖകരം. തീർപ്പ് കൽപ്പിക്കാൻ ഭരണകർത്താക്കൾക്കും താൽപ്പര്യമില്ല. ഭരണഘടന ഭരണകർത്താക്കൾക്ക്‌ മാത്രം ഉണ്ടാക്കപ്പെട്ടതാണോ? അതോ ജനങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതോ?

ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കുന്നില്ല എങ്കിൽ നിയമസംഹിതയും ഭരണസംവിധാനവും എല്ലാം പോളിച്ചെഴുതണം. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ഭരണകർത്താക്കൾ ഒന്നടങ്കം അതിനുവേണ്ടി പ്രവർത്തിക്കണം. സമ്മതിദായകർ വെറും കഴുതകളല്ല എന്നത് മനസ്സിലാക്കി, മാറി മാറി ഭരിച്ച് സ്വന്തം കീശ വീർപ്പിക്കാതെ നാടിനേയും നാട്ടാരെയും നന്നാക്കുകയാണ് വേണ്ടത്.

ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും. ഹായ്...ഹായ്


ഞാൻ ബീഫ് വല്ലപ്പോഴും കഴിക്കുന്ന ആളാണ്‌. 'പൂർണ്ണമായ നിരോധനം' എന്നതിനെ ഞാൻ പിന്തുണക്കുന്നില്ല. കേന്ദ്രസർക്കാർ നിരോധനവുമായി വന്നു എന്നത് ശരി തന്നെ... പക്ഷേ, ഈ മിണ്ടാപ്രാണികളെ കെട്ടിവലിച്ച് ക്രൂരമായി ലോറികളിലും മറ്റും തിരുകികയറ്റി കൊണ്ടുപോകുന്നതും, കണ്ണിൽ ചോരയില്ലാതെ കൊല്ലുന്നതും എല്ലാം, എതിരഭിപ്രായം പറയുന്ന ഈ ജനങ്ങളും, മാദ്ധ്യമപ്പടയും, രാഷ്ട്രീയകോമരങ്ങളും കാണുന്നില്ലേ?? എല്ലാം അറിയാം.. എന്നിട്ടും അതിനെതിരെ വാദിച്ച് നല്ല ഒരു വ്യവസ്ഥ എന്തേ ഉണ്ടാക്കിയില്ല?? അതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമായിരുന്നോ? ചുമ്മാ ചർച്ച നടത്തി ആളുകളെ ഊശി ആക്കുക എന്നല്ലാതെ ഇവിടെ ഒരു മാറ്റവും മാറി മാറി വരുന്ന സർക്കാരുകൾ നടത്തുന്നില്ല.

എന്തെങ്കിലുമൊക്കെ കിട്ടുമ്പോൾ വാദിക്കാൻ കുറേ പേർ ചാനലുകളിൽ.. എന്തിന് നിങ്ങൾ ചർച്ചിക്കുന്നു..ഇഷ്ടഭക്ഷണം എന്നത് ഒരു പൌരന്റെ അവകാശമാണ്. അത് നല്ല രീതിയിൽ കൊടുക്കുക എന്നത് ഒരു സർക്കാരിന്റെ ചുമതലയും. കോഴയിൽ മുങ്ങാതെ അതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കൂ. കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കൂ. നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ബോധിപ്പിക്കൂ...അല്ലാതെ ചുമ്മാ ചർദ്ദിച്ചിട്ട് ഒരു കാര്യവുമില്ല.

*********************************************************************************
പിന്നെ കഴിക്കരുത് എന്ന് ഞാൻ പറഞ്ഞില്ല പൂർണ്ണമായ നിരോധനവും പറഞ്ഞില്ല. നിയന്ത്രണം വേണം എന്ന് പറഞ്ഞു. അത് എനിക്ക് ഈ മാംസം കഴിക്കാനുള്ള ആഗ്രഹം കൊണ്ടല്ല. ഒരു നിയമം നടപ്പാക്കുമ്പോൾ ഏവരെയും ഉൾക്കൊള്ളണം എന്ന പൊതുതത്വം മനസ്സിൽ വന്നു അതിനാലാണ് നിയന്ത്രണം മതി എന്ന് പറഞ്ഞത്. നുമ്മ ജന്മം കൊണ്ടേ സസ്യാഹാരി ആണ്..പിന്നെ എന്റെ കൂട്ട് ആണ് എന്നെ മാംസാഹാരത്തിലേക്ക് എത്തിച്ചത്. അത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നുമില്ല. എന്ന് പറഞ്ഞ് അതില്ലാതെ ഊണും ഉറക്കവും പറ്റില്ല എന്നൊന്നുമില്ല താനും. വെറും മോരും ചോറും ഇത്തിരി ചമ്മന്തിയും ഉണ്ടെങ്കിൽ ധാരാളം. ദേവേട്ടൻ പറഞ്ഞത് പോലെ ബീഫില്ലാതെയും ജീവിക്കാം. അവയെ കൊല്ലാൻ കൊണ്ടുപോകുന്നത്, കൊല്ലുന്ന രീതി , വൃത്തിയോടെ അത് ആവശ്യക്കാർക്ക് എത്തിക്കൽ എന്നതിലൊക്കെ പിഴവ് വരുത്തുന്നത് അതത് സംസ്ഥാനങ്ങൾ ആണ് അതിൽ കേന്ദ്രത്തിന് പങ്കില്ല. ചാനലുകളിൽ നിരോധനം വേണ്ടാ എന്ന് മാത്രം വാദിക്കുന്നവർ, ഭരണ പ്രതിപക്ഷവും, "തമ്പാട്ടിയെ"പ്പോലുള്ള ഗവേഷകയും ആദ്യം മേൽപ്പറഞ്ഞതാണ് ഉറപ്പ് വരുത്തേണ്ടത്.

പിന്നെ പട്ടിണിപ്പാവങ്ങളായ ജനങ്ങൾ വല്ലതും കഴിക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്തേണ്ടത്, വ്യക്തമായ ഉത്തരം ബോധിപ്പിക്കേണ്ടത് അതത് സംസ്ഥാന ഭരണകർത്താക്കൾ ആണ് അല്ലാതെ കേന്ദ്രമല്ല. ഫെസ്റ്റിവെൽ നടത്തി, വിരോധിച്ച് നടന്ന്, വോട്ട് മാത്രം മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് പകരം പട്ടിണിപ്പാവങ്ങളുടെ വയർ നിറക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യൂ.

കൊല്ലാക്കൊല ചെയ്യുന്നതിലെ പിഴവ് തുടർന്ന് പോയാൽ നിയന്ത്രണത്തിന് പകരം "നിരോധനം" തന്നെ ആണ് നല്ലത്.

എന്ന്,

ജിസാനിലെ മീൻ മാർക്കറ്റിനടുത്തുള്ള മലയാളി ഹോട്ടലിൽ നിന്നും ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച് കൊണ്ട് ഞാനും എന്റെ കൂട്ടാളികളും (അഭിപ്രായം എന്റേത് മാത്രം)


Sunday, March 8, 2015

പെണ്‍ദിനം. എന്നും..എന്നെന്നും



സ്ത്രീയില്ലാതെ പുരുഷനില്ല അതുപോലെ തിരിച്ചും..അല്ലെ??. ലോകത്താകമാനമുള്ള സ്ത്രീ സമൂഹത്തെ ഓർക്കാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ?? എല്ലാ ദിവസവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീ എന്ന സുന്ദരസൃഷ്ടി നമ്മളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മുത്തശ്ശിയായും, അമ്മയായും, ഭാര്യയായും, ചേച്ചിയായും, അനിയത്തിയായും, പ്രണയിനിയായും, കൂട്ടുകാരിയായും പല തലങ്ങളിൽ അവർ നിറഞ്ഞു നിൽക്കുന്നു.. അനിർവചനീയമായ സ്നേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ജീവിതത്തിൽ മഴവില്ലഴകാകുന്നു.. വെളിച്ചമായ് മാറുന്നു.

"നിർഭയ"ത്തോടെ കാട്ടളത്തം അഴിഞ്ഞാടുന്ന ഈ കലികാലത്തിൽ ഈ സ്നേഹസൃഷ്ടിയെ സംരഷിക്കുക എന്നത് ലിംഗഭേദമന്യേ നാം ചെയ്യേണ്ട കർത്തവ്യം തന്നെ ആണ്. കൂടുതൽ ചിന്താശകലങ്ങൾ നിരത്തി അറുബോറാക്കുന്നില്ല.

ഏവരോടും സ്നേഹം..സ്നേഹം...സ്നേഹം..മാത്രം. heart emoticon heart emoticon