Friday, May 29, 2015

മരണമേ....നീ എന്ന സത്യം!!

മരണത്തെപ്പറ്റി ചിന്തിക്കാത്തവരുണ്ടോ? അവരവരുടേതായ രീതിയിൽ ഒന്നിരുത്തി അങ്ങട് ചിന്തിച്ചോള്യാ.

വെറുതെ ഇരിക്കുമ്പോളൊക്കെ ഞാനടക്കം ഏവരും മരണത്തെ ഓർക്കാറുണ്ട്‌ എന്നത് സത്യം. നമ്മുടെ അസാന്നിധ്യം ആരെയൊക്കെ വേദനിപ്പിക്കും എന്നത് ഓർത്ത് ആരും കാണാതെ കണ്ണീർ വാർത്തിട്ടുമുണ്ട്.

നമ്മുടെ വീട് കൂട്ടുകാരെയും, ബന്ധുജനങ്ങളേയും കൊണ്ട് നിറയും.... പ്രാർത്ഥനാ നിർഭരമായ അന്തരീഷം....
നമ്മെ നോക്കി, നമ്മളെ ഓർത്ത് കണ്ണീർ വാർക്കുന്ന അമ്മയുടെ, ഉറ്റവരുടെ വ(സ്തം ആ ഉപ്പുനീരാൽ നനഞ്ഞ്‌ കുതിരുന്ന ദിനം...
ഉറ്റ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം....
ഉറക്കമൊളിച്ച് കട്ടൻകാപ്പി മൊത്തിക്കുടിച്ചും ചിലയിടങ്ങളിൽ വെള്ളമടിച്ചും തള്ളി നീക്കുന്ന ദിനം..
നമ്മുടെ ശരീരം പൊതിയാൻ വെള്ളക്കോടി തിരയുന്ന ദിവസം...
ഞാൻ നിത്യം ഉപയോഗിക്കുന്ന ഫോൺ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം....
ഞാൻ ഇടക്ക്‌ മാത്രം ഉപയോഗിക്കുന്ന "പ്രാർത്ഥനാ ഗ്രന്ഥങ്ങൾ " മാത്രം എന്നോട്‌ പരിചയം നടിക്കുന്ന ദിവസം....
നാം വാങ്ങിയ പുതു വസ്ത്രങ്ങൾ ഹാങ്ങറിൽ ഞാണ് കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം...
നമ്മെ കാണാൻ ഏവരും തിക്കും തിരക്കും കൂട്ടുന്ന ദിവസം....
നാമേവരെയും വെറും ജഡമെന്ന് എന്ന് പറയുന്ന ദിവസം....
ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തിൽ ഗരന്റിയും വാറന്റിയും ഉള്ള വസ്തുക്കൾ മാത്രം വാങ്ങിക്കൂട്ടി ഒടുവിൽ നമ്മുടെ ഗാരന്റി തീർന്ന ദിവസം.....

ഒടുവിൽ....

നിത്യം ഉപയോഗിക്കുന്ന സോപ്പ്‌ കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്‌... മുടി ചീകാതെ... പൊതിഞ്ഞു കെട്ടി വയ്ക്കുന്ന ദിനം.
വായ്ക്കരിയിടൽ...പട്ടുപുതക്കൽ.... കർമ്മകോലാഹലങ്ങൾ അരങ്ങേറും ദിനം...
വീട്ടുവളപ്പിൽ കത്തിയെരിയാൻ കൊതിച്ച നമ്മെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോകും ദിനം...
സ്വന്തം വാഹനത്തിലേറുന്നതിന് പകരം നിലവിളി ശബ്ദ ശകടത്തിലേറും ദിനം....
വീട്ടിനുള്ളിൽ നിലവിളിയുടെ തേങ്ങലുകൾ അലയടിക്കുന്ന വല്ലാത്ത നിമിഷം....

പിന്നെ....

പിന്നെ ആ എരിഞ്ഞടങ്ങൽ.. ഹോ.
ഏ സി ഉള്ള റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മെ തീച്ചൂളയിലേക്ക് തള്ളി വിടും ദിനം ...

കഴിഞ്ഞില്ലെ എല്ലാം??
മിനിട്ടുകൾക്കകം വെറും ചാരമായ് മാറും നാം.... പുണ്യനദികളിലലിഞ്ഞു ചേരും.

പിന്നെ...പതിയെ ഏവരും മറക്കും...
ഏവർക്കും നാം ഓർമ്മ മാത്രമാകും, ചുമരിൽ തൂങ്ങിയാടും വെറും ചിത്രമായ്‌ മാറും.

ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടിയെത്തുന്ന സത്യമാണ് മരണം. ആ സത്യത്തിലേക്കുള്ള യാത്രയാണ് ജീവിതം.
നന്മ ചെയ്യുക...നല്ല സൗഹൃദങ്ങൾ നിലനിർത്തുക.
ഏവരേയും സ്നേഹിക്കുക...
ആരേയും വേദനിപ്പിക്കാതിരിക്കുക...
കാരണം ആ വല്ലാത്ത ദിവസം വന്നാൽ ഒന്ന് മാപ്പ്‌ ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞൂന്ന് വരില്ല.....

ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച്‌ നോക്കൂ....
കഴിയുന്നില്ലേ നമുക്ക്‌... ആ ദിവസത്തിന്റെ മണം നുകരാൻ....
ഇല്ലേൽ കഴിയണം.

കടപ്പാട്: കണ്ണൻ പുത്തൻപറമ്പിൽ 

Tuesday, May 26, 2015

ഐ സ്സ് എന്ന നരഭോജികൾ


ശിരസ്സറ്റു വീഴും രംഗങ്ങൾ കണ്ടു രസിക്കുകയാണോ നിങ്ങൾ.

ലോകരാജ്യങ്ങളോട് എല്ലാം പുച്ഛം. ഏവരേയും വെല്ലുന്ന ആയുധശേഖരങ്ങളാണത്രേ ഇസ്ലാമിക് സ്റ്റേറ്റിനുള്ളതെന്ന് വാർത്തകൾ. നടേശാ കൊല്ലണ്ടാ എന്ന ഒരു ലൈനിൽ അമേരിക്കയടക്കം ലോകരാജ്യങ്ങൾ... ഈ ശവദാഹികളെ പിഴുതെറിയാൻ എത്ര തന്നെ നിമിഷം വേണം നമുക്ക്. ഇതിപ്പോ എല്ലാവരും കൂടി പനപോലെ വളർത്തിക്കൊണ്ടിരിക്കുന്നു.

ഒന്നും രണ്ടുമല്ല ലോകപൈതൃകപ്പട്ടികയിലുള്ള സിറിയയിലെ പാൽമിറയിൽ നൂറുകണക്കിന് ആളുകളെ കൊന്നുതള്ളി നരഭോജികൾ. കഴിഞ്ഞ ദിവസം ഇങ്ങ് സൗദിയിലും ചാവേർ കളി നടത്തി ഐ സ്സ്. സ്വന്തം കുടുംബത്തെ ആക്രമിച്ച് തന്നെ തുടങ്ങണം നരഹത്യകൾ എന്നാണ് സൗദിയിൽ ആഹ്വാനം ചെയ്തതെന്ന് വാർത്തകൾ. ആളെ ചേർക്കൽ പ്രക്രിയ അനസ്യൂതം നടന്നുകൊണ്ടേയിരിക്കുന്നു.

നമ്മുടെ കഴുത്തിനും കത്തി വെക്കുന്ന ദിനം വിദൂരമല്ലെന്നറിയുക.

ലോകമേ എന്തിന് മടിച്ചു നിൽക്കുന്നു. വേരോടെ പിഴുതെറിയുക. ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കൂക.


"ലോകത്തിലുള്ള ജനതകളിൽവച്ച് നാം അന്യരെ കീഴടക്കി ഭരിച്ചിട്ടില്ല. ആ ഒരു സുഭാഗ്യം നമുക്കുള്ളതാണ്. അതുകൊണ്ട് നാം ഇന്നും ജീവിക്കുന്നു" - സ്വാമി വിവേകാനന്ദൻ

Wednesday, May 13, 2015

ചുമ്മാതല്ല പഹയാ.. അന്തസ്സായി നോക്കിനിന്നിട്ടാ !!


തല്ലാൻ കൂലിക്ക് ആളെ കിട്ടും പക്ഷേ, കൂലിക്ക് ചുമ്മാ കയ്യും മടക്കി നോക്കി നിൽക്കാനോ ?? റെഡി. ഒരാളല്ല ഒരു പ്രസ്ഥാനം തന്നെ.

സംഭവം മ്മടെ പാലക്കാടിനടുത്ത് കുഴൽമന്ദത്ത് മ്മടെ ഒരു സുഹൃത്തിന് നേരിട്ട അനുഭവം.. ചെറുതായി തോന്നാം എങ്കിലും കാശിന്റെ വില അറിയുന്നവനെ സംബന്ധിച്ച് ഇരുട്ടടി തന്നെ എന്ന് പറയാം. ആറ്റുനോറ്റ് ഒരു വീട് പണിതു ചങ്ങായി, അവസാന മിനുക്കുപണിയെന്നോണം മേസ്തിരി മൂപ്പൻ പറഞ്ഞ പ്രകാരം കാർ പോർച്ചിലേ ക്ക് കുറച്ചു ടൈൽസ്സ് വാങ്ങി തന്റെ സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് വരുകയാണ്. വീടിനടുത്തുള്ള ജങ്ങ്ഷൻ കഴിഞ്ഞപ്പോൾ മുതൽ കുറച്ച് യൂണിഫോം ധാരികളായ (വിത്ത്‌ തോർത്ത്) തടാതടിയന്മാർ ബൈക്കിൽ പുറകേ..അവരെ ശ്രദ്ധിക്കാതെ കൊണ്ടുവന്ന ടൈൽ ബോക്സെല്ലാം അവൻ ഒറ്റക്കിറക്കി.. പതുക്കെ വീടിനകത്ത് കയറാൻ ശ്രമിക്കവേ തുരുതുരാ ഹോണടി... നോക്കിനിൽപ്പുകാരുടെ വിഷമം എന്തെന്ന് അവന് മനസ്സിലായി. 500 എടുത്തോ എന്ന മട്ടിൽ അവർ ആംഗ്യം കാണിച്ചു. "എന്റെ ചേട്ടന്മാരെ ന്യായം ഉണ്ടെങ്കിൽ തന്നേനെ ഇത് എന്നാ കൂത്താ .. ചുമ്മാ പിള്ളേര് കളിക്കുവാണോ". ആ ചോദ്യം ചോദിച്ചു തീർന്നില്ല എന്റെ ചങ്ങായിയുടെ ഓട്ടോക്കിട്ടൊരു തൊഴി, അടുത്തു കിടന്ന കമ്പിപ്പാര എടുത്ത് ഓട്ടോയുടെ ചില്ല് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു...തനി ഗുണ്ടായിസം. 

"We are not beggars" എന്ന മ്മടെ ജയേട്ടന്റെ ആ വാക്കുകളെ, തന്റെ തൊഴിലിനെ ഒട്ടും വിലവെക്കാതെ മാന്യത കൊടുക്കാതെയുള്ള ഗുണ്ടായിസം. 
കാശ് തന്നില്ലെങ്കിൽ നീ അനുഭവിക്കും എന്നൊക്കെ ഭീഷണി...പ്രശ്നം വഷളാവണ്ടാന്ന് കരുതി മ്മടെ ചങ്ങായി പോക്കറ്റിൽ ആകെയുണ്ടായിരുന്ന 700 രൂപയിൽ നിന്നും 500 കൊടുത്തു. അപ്പോ ശരി ഏട്ടാ പിന്നെ കാണാമെന്ന് പറഞ്ഞ് നോക്കുകൂലികൾ സ്ഥലം വിട്ടു.നാം തന്നെ കഷ്ടപെടുക കൈയ്യും കെട്ടി നോക്കി നിൽക്കുന്നവന് കൂലി കൊടുക്കേണ്ടി വരുക എന്തൊരു അവസ്ഥ.  എല്ലാ ചുമട്ട് തൊഴിലാളികളേയും കാടടച്ച്‌ കരിവാരി തേച്ചതല്ല...എന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചൂന്ന് മാത്രം.
"ജനങ്ങളെ മൊത്തം വിറ്റ് കാശാക്കുന്ന പടുമരങ്ങൾ ഭരണസിരാകേന്ദ്രത്തിൽ വിലസ്സുമ്പോൾ ഈ പാവം ചോട്ടാ ഗുണ്ടകളെ എന്നാ പറയാൻ??? പറഞ്ഞതിന് കിട്ടി... അതുകൊണ്ട് കൊടുത്തോഴിവാക്കീന്ന്" ചങ്ങായിയുടെ ആത്മഗതം!!




Sunday, May 10, 2015

എല്ലാം കണ്ടും കേട്ടും മണ്ടകായണെന്റെ കോയാ :(


ഇപ്പോഴത്തെ "നിതഖാത്" ഞങ്ങൾക്ക് ഇശ്ശി വിഷയമാണ് എന്നത് അറിയാവുന്നത് കൊണ്ടാവും ഞങ്ങൾ ഇരിക്കുന്ന ഓഫീസിന് മുന്നിലെ ഡോർ നുമ്മടെ മുദീർ അങ്ങ് പൂട്ടിത്. ആരെങ്കിലും ഇങ്ങ് ഹോട്ടലിൽ അരിച്ചുപെറുക്കാൻ വന്നൂന്നറിഞ്ഞാൽ പെട്ടെന്ന് തന്നെ ദോണ്ടേ ഈ ഡോർ വഴി പുറത്തേക്ക്.. എന്നൊക്കെ പറഞ്ഞ് ഞങ്ങ ഇറങ്ങി പോകേണ്ട വിധം പുള്ളിക്കാരൻ പാത്തും പതുങ്ങിയും ഒക്കെ കാണിച്ചു തന്നു..പാവം  മുദീറിന്റെ സ്നേഹം കണ്ട് സത്യത്തിൽ ഒരു നിമിഷം ഞാനടക്കമുള്ള ആശ്രിതജോലിക്കാർ വികാരാധീരരായ്..

പതുക്കെയാണ് വിഷയത്തിന്റെ ഗൌരവം ഞങ്ങൾ തിരിച്ചറിഞ്ഞത് നുമ്മളെ പിടിച്ചാൽ അതുവഴി മുദീറിനും ഭീമമായ തുക നഷ്ടമാകും കൂടാതെ നോട്ടപ്പുള്ളിയായ് മാറുകയും ചെയ്യും. അത് മുന്നിൽ കണ്ടുള്ള പൂട്ടലായിരുന്നു അത്.  അമ്പട മുദീറേ....

നുമ്മളെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ശരി ഇതിപ്പോ പിടിവീണാൽ കുടുംബമടക്കം നാട്ടിലെത്തും. എന്തൊക്കെ ആയാലും വിഷയം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു എന്ന് സാരം. ആയതിനാൽ കൂടിയിരുന്ന് ഞങ്ങൾ ആശ്രിതർ ചെയ്ത ചർച്ചയിൽ പലതരം ചിന്തകൾ പൊന്തി വന്നൂട്ടോ..എന്തായാലും പേടിച്ചരണ്ട ഈ യാത്രക്ക് ഒരു മുക്തി വേണം കാരണം "എത്രകാലം ജീവിച്ചു എന്നതിനേക്കാൾ എങ്ങനെ ജീവിച്ചു" എന്നതിനല്ലേ പ്രസക്തി.

ദാസനും വിജയനും പറയുന്നപോൽ ഇന്നില്ല സാർ ഞങ്ങൾ ഇന്നില്ല സാർ. അതെ നാളേക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ഇന്നിനെ മറക്കുന്നു...പേടിക്കുന്നു. ഇന്നിനെ ആസ്വദിക്കാതെ രാവിലെ മുതൽ അന്തി വരെ ഓടടാ ഓട്ടം. ഈ ഓട്ടപ്പാച്ചിൽ എന്നവസാനിക്കും എന്റെ ദേവ്യേ? ചോദ്യം അവസാനിക്കുന്നതിന് മുൻപേ 'അവസാനിക്കില്ല എന്റെ കുട്ട്യേന്ന്' ഒരശരീരി വന്നപോലെ ഒരു തോന്നൽ....

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നവർ (ദാസ് & വിജയൻ) പറഞ്ഞപോൽ നാളെ എന്ന വിശ്വാസം നിലനിർത്തുന്നുണ്ട് പക്ഷേ അപ്പോഴേക്കും ആറടി മണ്ണ് നമ്മളെ കൈനീട്ടി വിളിക്കുമോ??.... കൂടിവന്നാൽ 3 ലക്ഷം മണിക്കൂർ അത്രയൊക്കയേ ആ സത്യത്തിലേക്ക് വേണ്ടി ചിത്രഗുപ്തൻ നമുക്കായ് നീക്കിവെച്ചിട്ടുണ്ടാകൂ.

എന്തായാലും പ്രതീക്ഷയുടെ പുൽനാമ്പുപോൽ പോവുക തന്നെ ധീര ധീരം മുന്നോട്ട്.