Friday, October 24, 2014

സന്തോഷം കൊണ്ടിരിക്കാൻ വയ്യേ.....കുട്ടിച്ചോറായ് മ്മടെ ലോകം, താമസിയാതെ രാജ്യവും.

സൗദി രാജാവിന് മ്മടെ രാജ്യ"കു" തന്ത്രജ്ഞരുടെ നേതൃത്വത്തിൽ ഒരു തുറന്ന കത്ത്.

രാജാവേ......രാജാവേ എത്ര പേടിപ്പിച്ചാലും ഞങ്ങൾ അനങ്ങൂല്ല ട്ടോ. ഞങ്ങടെ അന്നം മുട്ടിക്കാനുള്ള പണി ...അവരില്ലെങ്കിൽ ഞങ്ങളില്ലാ എന്നറിഞ്ഞൂടെ.. എന്നിട്ടാണോ നിങ്ങളീ ചതി ചെയ്യാൻ പോണത്.തിരിച്ചയച്ചാൽ ഞങ്ങൾ എവിടുന്ന് എടുത്ത് കൊടുക്കും നിങ്ങള് കൊടുക്കുന്ന റുപ്പിക അല്ല..അല്ല റിയാലുകൾ. കൈയ്യിട്ട് വാരാൻ പോലും ഞങ്ങൾക്കിവിടെ തികയുന്നില്ല അപ്പോഴാ വെറുതെ ജനസംഖ്യ കൂട്ടാം എന്നല്ലാതെ ജോലിയും അതിനനുസരിച്ച് കൂലിയും കൊടുക്കാൻ സത്യത്തിൽ മ്മടെ രാജ്യത്ത് ശേഷിയില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സ്വദേശ വിദേശ ജനങ്ങളിൽ നിന്നും വെറുതെ കിട്ടി ബോധിച്ച്, തിന്നു മുടിക്കുന്നതുകൊണ്ട് മെനക്കെടാൻ പോകുന്നുമില്ല. അതുകൊണ്ട് ദയവുചെയ്ത് ആരെയും കേറ്റി അയക്കരുത്. ഇറാഖും, ലിബിയയും പോലെ നിങ്ങളും തുടങ്ങിയാൽ, ആ മാലാഖമാരുടെ പ്രശ്നങ്ങളിൽ പലതും ഞങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കി നിർത്തിയി രിക്കുകയാണ്..പത്ര, ദൃശ്യ മാധ്യമങ്ങളെല്ലാം ആദ്യതിരി കൊളുത്തി കൊട്ടിപ്പാടുമെങ്കിലും പിന്നീട് ചിലക്കാറില്ല. "മാധ്യമ ധർമ്മം"

സാഹചര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി എന്ന വിശ്വാസത്താൽ ഈ കത്ത് ചുരുക്കുന്നു. വേണമെങ്കിൽ ജനങ്ങളെ ഒന്ന് ബോധിപ്പി ക്കാൻ "മന്തി"ക്ക് മുന്നിൽ ഇരുന്ന് സംഭാഷണം ആവാം. എന്ത് തന്നെ ആയാലും ഞങ്ങളുടെ നല്ല കാലം ഓർത്ത് ഈ നിയമം നടപ്പിൽ വരുത്തരുത് കരടുരേഖ ചുവപ്പ്നാടയിൽ വളരെ ഭദ്രമായി ഒരിക്കലും അഴിയാതെ മ്മടെ രാജ്യത്തെ വ്യവസ്ഥിതി പോലെ അങ്ങനെ ഇരിക്കട്ടെ. എന്തേയ്.

രാഷ്ട്രീയ "കു"തന്ത്രികളുടെ പരസ്പര ആത്മഗതം:- സൂക്ഷിക്കുക ആരും പേടിക്കണ്ട..ഒന്നും സംഭവിക്കില്ല...ഇനി വല്ലോക്കെ സംഭവിച്ചാൽ തന്നെ വേറെ രാജ്യത്തോട്ട് പോകാൻ പറയാം അല്ലാതെ എല്ലാം ഇങ്ങോട്ട് കെട്ടിയെടുത്താൽ "പ്ലിംഗ്" ആവും നമ്മ. അതുകൊണ്ട് ജാഗ്രത.

എന്താല്ലേ???  മ്മടെ രാജ്യം ജനങ്ങൾക്ക്‌ നേരെ ഒന്നാകെ മുഖം തിരിക്കു മ്പോൾ സ്വന്തം ജനത എല്ലാ മേഖലയിലും മുൻനിരയിൽ വരണം എന്നാഗ്രഹിക്കുന്ന രാജ്യത്തെയും അവിടുത്തെ നിയമവ്യവസ്ഥ യെയും മാനിക്കുക എന്നല്ലാതെ തെറ്റ് കാണുന്നതിൽ എന്ത് ശരിയാനുള്ളത്
http://www.ndtv.com/world-news/saudi-arabia-may-restrict-expats-stay-to-eight-years-547071

Wednesday, October 22, 2014

അയ്യപ്പഹൃദയം നിലച്ചു .. പ്രണാമം


"അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി"
---------------------------------------------------------------------------------------------

ഒക്ടോബർ 21:- പ്രിയപ്പെട്ട തെരുവിനെ തന്നെ മരണസന്നിധി ആക്കി തെരുവിന്റെ കവി യാത്രയായ ദിനം. കവി ശരീരം ആരാലും തിരിച്ചറിയപ്പെടാതെ തെരുവിൽ പിന്നെ മോർച്ചറിയിൽ. കവിഹൃദയത്തിന് അന്ത്യപ്രണാമം കൊടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആളുകൾ ഓടിയെത്തി.

മരണത്തെ പൂകിയപ്പോൾ ആണ് പലരും "അയ്യപ്പൻ" എന്ന തെരുവിന്റെ കവിയെ ഓർത്തെടുക്കാൻ ശ്രമിച്ചത്‌. എന്തൊരു വിരോധാഭാസം അല്ലെ.

Sunday, October 19, 2014

ഒരു ചെറു നൊസ്റ്റാൾജിയ


കണ്ണിന് വല്ലാത്ത കിരുകിരുപ്പ്‌ വല്ല കണ്ണ് സൂക്കേടും (ചെങ്കണ്ണ്‍) ആണോ??

ഹും.. എങ്ങനെ വരാതിരിക്കും വെളുപ്പാൻ കാലം തൊട്ട് പാതിരാ വരെ എഫ് ബി പണി അല്ലേ? പക്ഷേ ഈ കിരുകിരുപ്പ്‌ എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി ട്ടാ . അന്ന് എൻ കണ്ണിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നു തുള്ളികൾ ആയിരുന്നില്ല, "നന്ത്യാർവട്ടപ്പൂവിൻ നീരും / ദേവയാനിയുടെ മുലപ്പാലും". ശരിക്കും ദിവ്യമായ ഔഷധങ്ങൾ.

ഇന്ന് നന്ത്യാർവട്ടപ്പൂവുകൾ കാണ്മാനില്ല ഉണ്ടെങ്കിൽ തന്നെ മരുന്നുതുള്ളികൾ മതി എല്ലാവർക്കും. പിന്നെ മുലപ്പാൽ, കുഞ്ഞുങ്ങൾക്ക്‌ നേരാവണ്ണം മുലയൂട്ടാത്ത അമ്മമാരുടെ നാടാണ് പിന്നെയാ കണ്ണിൽക്കടി മാറ്റാൻ മുലപ്പാൽ ഇറ്റിക്കുന്നത്? നല്ല കാര്യായി.

സരിതാഷോ..മറക്കാതെ കാണുക ...ഇതാ ഇന്ന് മുതൽ ഇതാ നാളെ മുതൽ


ഞാനും ന്റെ ഒരു സുഹൃത്ത്‌ വഴി കണ്ടു "സരിതേച്ചി" യുടെ ഒരു ചിത്രം അല്ല ചിത്രങ്ങൾ . ഏഷ്യാനെറ്റിന്റെ ആ ഷോയിൽ പങ്കെടുക്കാൻ പറ്റിയിരുന്നെങ്കിൽ നേരിട്ട് ചോദിച്ചറിയാമായിരുന്നു ഈ വാട്സ്അപ്പ്‌ വഴി ഒക്കെ പ്രചരിക്കുന്ന ചിത്രങ്ങളിൽ വല്ല കഴമ്പുണ്ടോ എന്ന്..മറുപടി ന്റെ ചെവിയിൽ പറയുമായിരിക്കും ഇല്ലേ? .. 
യഥാർഥത്തിൽ നമ്മളേവരും മാധ്യമത്തിലൂടെ മാത്രമല്ലേ സരിതേച്ചിയെ അറിഞ്ഞിട്ടുള്ളു. പ്രേഷകരുടെ കണ്ണിന് വിരുന്നൊരുക്കി മാധ്യമങ്ങളിൽ സരിതേച്ചി നിറഞ്ഞു നിന്നു കുറച്ചുകാലം..എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. ദേ... പെട്ടെന്ന് എല്ലാം തന്നെ എവിടെ നിന്നോ വന്ന മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി എന്ന മട്ടിൽ ചേച്ചി മാറി കളത്തിൽ "രുക്സാന ബിന്ധ്യാ" തരോദായങ്ങൾ... അതും മാധ്യമങ്ങൾ പാടി നടന്നു. എല്ലാം ഒന്നാറി തണുത്തപ്പോൾ വീണ്ടും വിരുന്നൊരുക്കി മ്മടെ ചാനൽ .ഡാൻസും പാട്ടും തമാശയും ഒക്കെ ഇടകലർത്തി വാട്സ്അപ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ചേച്ചിയെ ടോക്ക്ഷോയിലൂടെ പ്രേക്ഷകർക്ക്‌ മുന്നിലേക്ക്.. എന്തൊക്കെ ആഭാസത്തരങ്ങൾ കാണണം ന്റെ ദേവി.....  
മാധ്യമധർമ്മം എന്നത് എന്തെന്നറിയാതെ എത്രയെത്ര ചാനലുകളാണ് ദിവസം തോറും മുളച്ച് പൊന്തുന്നത്‌. പുതു പുത്തൻ അനുഭവങ്ങൾ (#$%&*@#^> ..തേങ്ങാക്കൊല ) പ്രേഷകർക്ക് സമ്മാനിച്ചുകൊണ്ടേ ഇരിക്കുന്നു. മാധ്യമങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയല്ല. അധപ്പതനത്തിന്റെ പാതയിൽ സഞ്ചരിച്ച് സമൂഹത്തെ തലകീഴായ് മറിച്ചുകൊണ്ടേ ഇരിക്കുന്നു. അതിന് തെളിവ് നിരത്തേണ്ട ഒരാവശ്യവും ഇല്ല. നല്ലത് എന്ന് പറഞ്ഞ് പരത്തുന്നത് എല്ലാം വെറും പ്രഹസ്സനം. രാഷ്ട്രീയക്കാര് പോലും അടിമകൾ ആയി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ. എതിർത്താൽ പണി എവിടെ നിന്ന് വരും എന്നറിയില്ല. അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും പാലം വലിച്ചുകൊണ്ട് കുതിരകയറ്റം ജനങ്ങളുടെ മണ്ടക്ക്.  
ഇതെല്ലാം കണ്ടും കേട്ടും കോമാളിക്ക് തുല്യരായി പ്രേഷകലക്ഷങ്ങൾ, അതിൽ പിഞ്ചുകുരുന്നുകൾ മുതൽ വയസ്സായവർ വരെ. അടച്ചാക്ഷേ പിക്കുകയല്ല നഗ്നസത്യം പറഞ്ഞു എന്ന് മാത്രം.

Saturday, October 18, 2014

അപ്പർ പ്രൈമറിയിലേക്ക്....പുത്തൻ പ്രതീഷകളും പുതു പുത്തൻ കൂട്ടുകാരെയും തേടി.


നാലാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു...ചെക്കൻ ജയിച്ചിരിക്കുണൂ....അഞ്ചാം ക്ലാസ്സ് മുതൽ മങ്കര സ്കൂളിൽ വിടണം എന്ന് അമ്മ അമ്മാവനുമായി സംസാരിക്കുന്നത് കേട്ടു.
ചെക്കൻ ബസ്സിൽ കേറി പോകുമോ? ശർധി ഒക്കെ ഉള്ളതല്ലേ? അമ്മൂമ്മയുടെ ചോദ്യം. കൂടെ വേറെ കുട്ടികൾ ഒക്കെ ഉണ്ടല്ലോ അമ്മേ എല്ലാം ശരിയാവും എന്ന് എന്റെ അമ്മ.

സ്ലേറ്റും, കല്ലുപെൻസിലും, തണ്ണീർ തണ്ടും(മഷി തണ്ട്), കഞ്ഞിയും പയറും അങ്ങനെ പലതും ഉപേഷിച്ച് അപ്പർ പ്രൈമറിയിലേക്ക്. ശരിക്കും വിഷമം വന്ന നിമിഷങ്ങൾ..പ്രിയപ്പെട്ട കണ്ണംപരിയാരം സ്കൂൾ വിട്ടു പോകുന്നതിലുള്ള സങ്കടം അതിലുപരി കൂടുതൽ പഠിക്കണമല്ലോ എന്ന ചിന്ത. അവസാനം സ്കൂളിൽ ചേരാൻ പോകുന്ന ആ ദിവസം വന്നെത്തി. 17 എന്ന് വിളിപ്പേരുള്ള ബസ്സിൽ ആണ് യാത്ര. 17 18 എന്നീ വിളിപ്പേരുള്ള 2 ബസ്സുകൾ മാത്രം ആയിരുന്നു മങ്കര സ്കൂളിലേക്ക് സർവീസ് നടത്തികൊണ്ടിരുന്നത്. രാവിലെ 8.45 ആകുമ്പോഴേക്കും ബസ്സ് നമ്പർ 17 വീടിന് മുന്നിൽ എത്തിയിരിക്കും. വൈകുന്നേരം സ്കൂളിൽ നിന്നും 18ൽ കേറി വീട്ടിലേക്ക്. ബസ്സിൽ കേറിയാൽ ശർദ്ധിക്കുമായിരുന്ന ഞാൻ അന്നെന്തോ മിടുക്കനായി ഇരുന്നു. ഏകദേശം 5/6 സ്റ്റോപ്പ് കഴിഞ്ഞായിരുന്നു സ്കൂൾ. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ഇന്ന് ഹയർ സെക്കണ്ടറി സ്കൂൾ. ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിനെ കുറച്ചു നേരം അങ്ങനെ നോക്കി നിന്നു. ഇനിയുള്ള 6 വർഷം ഇവിടെയാണല്ലോ ഞാൻ തള്ളി നീക്കേണ്ടത് എന്ന വിഷമചിന്തക്ക് നാലാം ക്ലാസിലെ കൂട്ടുകാരെല്ലാം ഉണ്ടാവുമല്ലോ എന്ന പ്രതീഷ കുറച്ച് ആശ്വാസം ഏകി. അങ്ങനെ എന്റെ പേര് അങ്ങനെ സ്കൂൾ രജിസ്ട്രറിൽ പതിപ്പിച്ചു.

അഞ്ചാം ക്ലാസ്സിലെ ആദ്യദിവസം പുത്തൻ യൂണിഫോമും, പുസ്തകങ്ങളും, ചോറ്റു പാത്രവും, വെള്ളവും ഏന്തി ബസ്റ്റോപ്പിലേക്ക്. എന്റെ കൂട്ടുകാരെ ആരെയും കണ്ടില്ല. നേരത്തെ സ്കൂളിൽ എത്തിക്കാണും എന്ന ചിന്തയിൽ 17 നേയും കാത്ത് നിന്നു. അമ്മൂമ്മയും അമ്മയും അമ്മാവനുമെല്ലാം എന്നെ നോക്കി നില്ക്കുന്നത് എനിക്ക് കാണാമായിരുന്നു. 17 വന്നു ഓടിച്ചാടി ഞാനും അതിനകത്തേക്ക് കേറി 20/25 പയിസ ആയിരുന്നു അന്ന്സ്റ്റുഡെൻസിന് വണ്ടിക്കൂലി. സ്കൂളിലെത്തി കൂട്ടുകാരെ കാണാനുള്ള ധൃതിയിൽ നേരെ അഞ്ചാം ക്ലാസ്സിലേക്ക്. ഓടി ക്ലാസ്സിൽ കയറിയതും എല്ലാ മുഖങ്ങളും എനിക്ക് അപരിചിതം. എന്റെ സകല സന്തോഷവും പോയി. എല്ലാവരും എന്നെ പറ്റിച്ചു. സത്യത്തിൽ കരച്ചിൽ വന്നു. നേരിട്ട് കാണുമ്പോൾ കണക്കിന് പറയണം. കുറച്ചു പേരൊക്കെ മറ്റു ഡിവിഷനിൽ ഉണ്ടെങ്കിലും ഉറ്റസുഹൃത്തുക്കൾ ആരും തന്നെ കൂടെയില്ല. ഹാജർ ബുക്കുമായി ക്ലാസ് ടീച്ചർ എത്തി. മനസ്സില്ലാ മനസ്സോടെ ഹാജർ പറഞ്ഞു. എല്ലാവരോടും പേര് പറഞ്ഞ് പരിചയപ്പെടാൻ പറഞ്ഞു. ക്ലാസ്സ് ടീച്ചറുടെ പേരൊക്കെ മറന്ന് പോയിരിക്കുന്നു. പരിചയപ്പെടലും കുറച്ച് ക്ലാസുകൾ ഒക്കെ ആയി ആ ദിവസം അങ്ങനെ അങ്ങ് തീർന്നു..

വൈകുന്നേരം വീട്ടിലെത്തി അനൂപിനെ കണ്ടപ്പോഴാണ് അറിയുന്നത് അവൻ പത്തിരിപ്പാലയിലുള്ള ഹൈസ്കൂളിൽ ചേർന്നു എന്ന്. മറ്റുള്ളവരിൽ ചിലർ അവിടെയും വേറെ സ്കൂളുകളിലും ഒക്കെ ആയി ചേർന്നു എന്നും അറിഞ്ഞു. മുകിൽ, സന്ദീപ്, അഭി, ഹരിഹരൻ, ശിവകുമാർ, സുരേഷ്ട് അങ്ങനെ അങ്ങനെ എണ്ണം വീണ്ടും കൂടിയെങ്കിലും നാലാം ക്ലാസ്സ് വരെ കൂടെയുണ്ടായിരുന്നവർ ഇനി മങ്കരസ്ക്കൂളിലേക്കില്ല എന്നറിഞ്ഞതിൽ വല്ലാത്തൊരു വിഷമം. പുതിയ കൂട്ടുകാർ എങ്ങനെ ആണോ ആവോ. എന്നേക്കാൾ ശക്തരോ അതോ..ഹും വെറും അശുവായ എന്റെ അന്നത്തെ അക്രമവാസന..ഹി..ഹി. ഉറ്റസുഹൃത്തുക്കൾ എല്ലാവരുമായും അടിപിടി നടത്തിയുള്ള പരിചയം എനിക്കുണ്ടായിരുന്നു അനൂപ് - ചെന്നെയിൽ ഒരു ഡിസൈൻ ഏജൻസിയിൽ, സുഭാഷ്, സുജീഷ് - 2 പേരും ഗൾഫിൽ . സുജീഷ് ഇപ്പോൾ നാട്ടിലുണ്ട് , മുകുന്ദനും നാട്ടിൽ... അങ്ങനെ പോകുന്നു ആ സുഹൃത്ത്നിര. രാഗേഷുമായി അടികൂടിയിട്ടുണ്ടോ? ഓർമ്മ എനിക്ക് വരുന്നില്ല ഉണ്ടോടാ? ഹി...ഹി.ആൾ എയർഫോഴ്സിൽ ആണ് ഇപ്പോൾ. അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് സാക്ഷാൽ മുകുന്ദനുമായി നടത്തിയതാണ് അടിച്ച് അടിച്ച് ഞങ്ങൾ ബഞ്ചിനടിയിലെത്തപ്പെട്ടു പിന്നെ അവിടെ കിടന്നും ഇരുന്നും അടിയോടടി. മുകുന്ദൻ ഇപ്പോൾ ചെറിയ ഒരു ജോലി ഒക്കെ ആയി നാട്ടിൽ തന്നെ. ഒരു ദിവസം സുഭാഷുമായും വഴക്കിട്ടു..അവസാനം അടിയിൽ ചെന്നെത്തി. അവൻ എന്നെ നഖശികാന്തം നേരിട്ടു...എന്ന് വെച്ചാൽ മാന്തിപ്പറിച്ചൂന്ന്. ആ ശീലം എനിക്കില്ലാത്തതിനാൽ നല്ല പെടകൊടുത്ത് ഒതുക്കി. അമ്മയോടും, മാഷ് അതായതു എന്റെ അമ്മാവനോടും പറയും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല.

മങ്കര സ്കൂളിലേക്ക്....ഹൈസ്കൂൾ തലത്തിലുള്ളവരായിരുന്നു സ്കൂളിലെ വലിയ ഗ്രൗണ്ട് ഭൂരിഭാഗവും കയ്യടക്കി ഇരുന്നത്. അവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ നല്ല പെട അല്ലെങ്കിൽ വഴക്ക് പറഞ്ഞ് ഞങ്ങളെ ഓടിക്കും പിന്നെ ചെറിയ ഗ്രൗണ്ടൊക്കെ ആയിരുന്നു ശരണം. സാദാസമയവും കളി തന്നെ മനസ്സിൽ. മറ്റു പല കളികൾക്ക് പുറമെ 2 രൂപക്കും 4 രൂപക്കും ഒക്കെ കിട്ടുന്ന റബ്ബർ പന്ത് കൊണ്ട് ഫുട്ബോൾ കളി. മധ്യഭാഗത്തുനിന്നും റബ്ബർ പന്തിൽ തൊടുത്തു വിട്ട ഒരു കിക്ക് ഇപ്പോഴും എന്റെ ഓർമയിലുണ്ട്.ആ ചൂട് ദാ ഇപ്പോഴും വലതു കാൽപത്തിയിൽ. സന്ദീപ് അത് ഗോൾ ആക്കുകയും ചെയ്തു. സ്കൂളിലുള്ള സാദാ ഫുട്ബോൾ ഹൈസ്കൂൾ തലത്തിൽ ഉള്ളവർക്കായിരുന്നു എങ്കിലും പി ടി സമയത്ത് ടീച്ചറോട് ചോദിക്കാറുണ്ട് ചിലപ്പോൾ കിട്ടും.ഒരേ സമയം നാലഞ്ച് ക്ലാസ്സുകളിലെ കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടാകും. അവർക്കിടയിലൂടെ സ്വന്തം ടീമിനെയും മ്മടെ റബ്ബർ പന്തിനേയും തപ്പിയുള്ള ഓട്ടം. ആ കാലം ഓടി ഓടി ദാ എന്റെ അരികിൽ. :) എത്ര തവണ കൈയ്യും കാലും മുറിഞ്ഞിരിക്കുന്നു. അന്നൊക്കെ ഞങ്ങളുടെ മരുന്ന് "കമ്മ്യൂണിസ്റ്റ് പച്ച" എന്ന ചെടിയുടെ ഇല ആയിരുന്നു. ഞെരടി പിഴിഞ്ഞ് മുറിവിൽ വയ്ക്കും. വീണ്ടും കളിക്കളത്തിലേക്ക്..ചെറിയ മുറിവൊക്കെ ഒരു ദിവസത്തിനുള്ളിൽ ഉണങ്ങും. എന്തുകൊണ്ട് ഈ ചെടിക്ക് ആ പേര് കിട്ടി ?? .. സംശയം ഏകദേശം തീർന്നത്‌ ഈ കുത്തിക്കുറിക്കലിനിടയിൽ ആണ്.

പച്ച എന്നതിന് മലയാളത്തിൽ 2 അർത്ഥമുണ്ടത്രേ. പച്ചനിറം എന്നും പെട്ടെന്ന് വളരുക എന്നും. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിൽ കമ്മ്യൂണിസം എന്ന ആശയം പടർന്ന്പന്തലിച്ചു.. അതുപോലെ പെട്ടെന്ന് വളരുന്ന അവസ്ഥ ഉള്ളതുകൊണ്ടാണത്രേ ഈ സസ്യവർഗ്ഗത്തിനും "കമ്മ്യൂണിസ്റ്റ്‌ പച്ച" എന്ന പേര് വന്നത്. അത് സത്യമാണോ അല്ലയോ എന്നതന്വേഷിച്ചു തൽക്കാലം ഞാൻ എങ്ങിട്ടും പോണില്ല്യാ ട്ടോ.

അഞ്ചിൽ നിന്നും ആറിലേക്ക് പഠനത്തോടൊപ്പം കുരുത്തക്കേടുകളും കൂടി. കലാകായിക മേഖലയിലും സുഗമഹിന്ദി പോലുള്ള പരീക്ഷയിലുമൊക്കെ തന്റേതായ സ്ഥാനം നിലനിർത്തിപ്പോന്നിരുന്ന കാലം. എന്റെ ജീവിതത്തെ ആകെ ഇളക്കി മറിച്ച "പ്രണയം" എന്ന അനിർവചനീയ സത്യത്തെ തിരിച്ചറിഞ്ഞ ആ ഒരു വികാരം നെഞ്ചിൽ ഏറ്റാൻ കാരണഭൂതനായ ഒരുവന്റെ രംഗപ്രവേശം.



രസകരമായ ആ കുസൃതിത്തരങ്ങളെല്ലാം അടുത്ത ലക്കത്തിൽ.