Saturday, October 18, 2014

അപ്പർ പ്രൈമറിയിലേക്ക്....പുത്തൻ പ്രതീഷകളും പുതു പുത്തൻ കൂട്ടുകാരെയും തേടി.


നാലാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു...ചെക്കൻ ജയിച്ചിരിക്കുണൂ....അഞ്ചാം ക്ലാസ്സ് മുതൽ മങ്കര സ്കൂളിൽ വിടണം എന്ന് അമ്മ അമ്മാവനുമായി സംസാരിക്കുന്നത് കേട്ടു.
ചെക്കൻ ബസ്സിൽ കേറി പോകുമോ? ശർധി ഒക്കെ ഉള്ളതല്ലേ? അമ്മൂമ്മയുടെ ചോദ്യം. കൂടെ വേറെ കുട്ടികൾ ഒക്കെ ഉണ്ടല്ലോ അമ്മേ എല്ലാം ശരിയാവും എന്ന് എന്റെ അമ്മ.

സ്ലേറ്റും, കല്ലുപെൻസിലും, തണ്ണീർ തണ്ടും(മഷി തണ്ട്), കഞ്ഞിയും പയറും അങ്ങനെ പലതും ഉപേഷിച്ച് അപ്പർ പ്രൈമറിയിലേക്ക്. ശരിക്കും വിഷമം വന്ന നിമിഷങ്ങൾ..പ്രിയപ്പെട്ട കണ്ണംപരിയാരം സ്കൂൾ വിട്ടു പോകുന്നതിലുള്ള സങ്കടം അതിലുപരി കൂടുതൽ പഠിക്കണമല്ലോ എന്ന ചിന്ത. അവസാനം സ്കൂളിൽ ചേരാൻ പോകുന്ന ആ ദിവസം വന്നെത്തി. 17 എന്ന് വിളിപ്പേരുള്ള ബസ്സിൽ ആണ് യാത്ര. 17 18 എന്നീ വിളിപ്പേരുള്ള 2 ബസ്സുകൾ മാത്രം ആയിരുന്നു മങ്കര സ്കൂളിലേക്ക് സർവീസ് നടത്തികൊണ്ടിരുന്നത്. രാവിലെ 8.45 ആകുമ്പോഴേക്കും ബസ്സ് നമ്പർ 17 വീടിന് മുന്നിൽ എത്തിയിരിക്കും. വൈകുന്നേരം സ്കൂളിൽ നിന്നും 18ൽ കേറി വീട്ടിലേക്ക്. ബസ്സിൽ കേറിയാൽ ശർദ്ധിക്കുമായിരുന്ന ഞാൻ അന്നെന്തോ മിടുക്കനായി ഇരുന്നു. ഏകദേശം 5/6 സ്റ്റോപ്പ് കഴിഞ്ഞായിരുന്നു സ്കൂൾ. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ഇന്ന് ഹയർ സെക്കണ്ടറി സ്കൂൾ. ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിനെ കുറച്ചു നേരം അങ്ങനെ നോക്കി നിന്നു. ഇനിയുള്ള 6 വർഷം ഇവിടെയാണല്ലോ ഞാൻ തള്ളി നീക്കേണ്ടത് എന്ന വിഷമചിന്തക്ക് നാലാം ക്ലാസിലെ കൂട്ടുകാരെല്ലാം ഉണ്ടാവുമല്ലോ എന്ന പ്രതീഷ കുറച്ച് ആശ്വാസം ഏകി. അങ്ങനെ എന്റെ പേര് അങ്ങനെ സ്കൂൾ രജിസ്ട്രറിൽ പതിപ്പിച്ചു.

അഞ്ചാം ക്ലാസ്സിലെ ആദ്യദിവസം പുത്തൻ യൂണിഫോമും, പുസ്തകങ്ങളും, ചോറ്റു പാത്രവും, വെള്ളവും ഏന്തി ബസ്റ്റോപ്പിലേക്ക്. എന്റെ കൂട്ടുകാരെ ആരെയും കണ്ടില്ല. നേരത്തെ സ്കൂളിൽ എത്തിക്കാണും എന്ന ചിന്തയിൽ 17 നേയും കാത്ത് നിന്നു. അമ്മൂമ്മയും അമ്മയും അമ്മാവനുമെല്ലാം എന്നെ നോക്കി നില്ക്കുന്നത് എനിക്ക് കാണാമായിരുന്നു. 17 വന്നു ഓടിച്ചാടി ഞാനും അതിനകത്തേക്ക് കേറി 20/25 പയിസ ആയിരുന്നു അന്ന്സ്റ്റുഡെൻസിന് വണ്ടിക്കൂലി. സ്കൂളിലെത്തി കൂട്ടുകാരെ കാണാനുള്ള ധൃതിയിൽ നേരെ അഞ്ചാം ക്ലാസ്സിലേക്ക്. ഓടി ക്ലാസ്സിൽ കയറിയതും എല്ലാ മുഖങ്ങളും എനിക്ക് അപരിചിതം. എന്റെ സകല സന്തോഷവും പോയി. എല്ലാവരും എന്നെ പറ്റിച്ചു. സത്യത്തിൽ കരച്ചിൽ വന്നു. നേരിട്ട് കാണുമ്പോൾ കണക്കിന് പറയണം. കുറച്ചു പേരൊക്കെ മറ്റു ഡിവിഷനിൽ ഉണ്ടെങ്കിലും ഉറ്റസുഹൃത്തുക്കൾ ആരും തന്നെ കൂടെയില്ല. ഹാജർ ബുക്കുമായി ക്ലാസ് ടീച്ചർ എത്തി. മനസ്സില്ലാ മനസ്സോടെ ഹാജർ പറഞ്ഞു. എല്ലാവരോടും പേര് പറഞ്ഞ് പരിചയപ്പെടാൻ പറഞ്ഞു. ക്ലാസ്സ് ടീച്ചറുടെ പേരൊക്കെ മറന്ന് പോയിരിക്കുന്നു. പരിചയപ്പെടലും കുറച്ച് ക്ലാസുകൾ ഒക്കെ ആയി ആ ദിവസം അങ്ങനെ അങ്ങ് തീർന്നു..

വൈകുന്നേരം വീട്ടിലെത്തി അനൂപിനെ കണ്ടപ്പോഴാണ് അറിയുന്നത് അവൻ പത്തിരിപ്പാലയിലുള്ള ഹൈസ്കൂളിൽ ചേർന്നു എന്ന്. മറ്റുള്ളവരിൽ ചിലർ അവിടെയും വേറെ സ്കൂളുകളിലും ഒക്കെ ആയി ചേർന്നു എന്നും അറിഞ്ഞു. മുകിൽ, സന്ദീപ്, അഭി, ഹരിഹരൻ, ശിവകുമാർ, സുരേഷ്ട് അങ്ങനെ അങ്ങനെ എണ്ണം വീണ്ടും കൂടിയെങ്കിലും നാലാം ക്ലാസ്സ് വരെ കൂടെയുണ്ടായിരുന്നവർ ഇനി മങ്കരസ്ക്കൂളിലേക്കില്ല എന്നറിഞ്ഞതിൽ വല്ലാത്തൊരു വിഷമം. പുതിയ കൂട്ടുകാർ എങ്ങനെ ആണോ ആവോ. എന്നേക്കാൾ ശക്തരോ അതോ..ഹും വെറും അശുവായ എന്റെ അന്നത്തെ അക്രമവാസന..ഹി..ഹി. ഉറ്റസുഹൃത്തുക്കൾ എല്ലാവരുമായും അടിപിടി നടത്തിയുള്ള പരിചയം എനിക്കുണ്ടായിരുന്നു അനൂപ് - ചെന്നെയിൽ ഒരു ഡിസൈൻ ഏജൻസിയിൽ, സുഭാഷ്, സുജീഷ് - 2 പേരും ഗൾഫിൽ . സുജീഷ് ഇപ്പോൾ നാട്ടിലുണ്ട് , മുകുന്ദനും നാട്ടിൽ... അങ്ങനെ പോകുന്നു ആ സുഹൃത്ത്നിര. രാഗേഷുമായി അടികൂടിയിട്ടുണ്ടോ? ഓർമ്മ എനിക്ക് വരുന്നില്ല ഉണ്ടോടാ? ഹി...ഹി.ആൾ എയർഫോഴ്സിൽ ആണ് ഇപ്പോൾ. അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് സാക്ഷാൽ മുകുന്ദനുമായി നടത്തിയതാണ് അടിച്ച് അടിച്ച് ഞങ്ങൾ ബഞ്ചിനടിയിലെത്തപ്പെട്ടു പിന്നെ അവിടെ കിടന്നും ഇരുന്നും അടിയോടടി. മുകുന്ദൻ ഇപ്പോൾ ചെറിയ ഒരു ജോലി ഒക്കെ ആയി നാട്ടിൽ തന്നെ. ഒരു ദിവസം സുഭാഷുമായും വഴക്കിട്ടു..അവസാനം അടിയിൽ ചെന്നെത്തി. അവൻ എന്നെ നഖശികാന്തം നേരിട്ടു...എന്ന് വെച്ചാൽ മാന്തിപ്പറിച്ചൂന്ന്. ആ ശീലം എനിക്കില്ലാത്തതിനാൽ നല്ല പെടകൊടുത്ത് ഒതുക്കി. അമ്മയോടും, മാഷ് അതായതു എന്റെ അമ്മാവനോടും പറയും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല.

മങ്കര സ്കൂളിലേക്ക്....ഹൈസ്കൂൾ തലത്തിലുള്ളവരായിരുന്നു സ്കൂളിലെ വലിയ ഗ്രൗണ്ട് ഭൂരിഭാഗവും കയ്യടക്കി ഇരുന്നത്. അവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ നല്ല പെട അല്ലെങ്കിൽ വഴക്ക് പറഞ്ഞ് ഞങ്ങളെ ഓടിക്കും പിന്നെ ചെറിയ ഗ്രൗണ്ടൊക്കെ ആയിരുന്നു ശരണം. സാദാസമയവും കളി തന്നെ മനസ്സിൽ. മറ്റു പല കളികൾക്ക് പുറമെ 2 രൂപക്കും 4 രൂപക്കും ഒക്കെ കിട്ടുന്ന റബ്ബർ പന്ത് കൊണ്ട് ഫുട്ബോൾ കളി. മധ്യഭാഗത്തുനിന്നും റബ്ബർ പന്തിൽ തൊടുത്തു വിട്ട ഒരു കിക്ക് ഇപ്പോഴും എന്റെ ഓർമയിലുണ്ട്.ആ ചൂട് ദാ ഇപ്പോഴും വലതു കാൽപത്തിയിൽ. സന്ദീപ് അത് ഗോൾ ആക്കുകയും ചെയ്തു. സ്കൂളിലുള്ള സാദാ ഫുട്ബോൾ ഹൈസ്കൂൾ തലത്തിൽ ഉള്ളവർക്കായിരുന്നു എങ്കിലും പി ടി സമയത്ത് ടീച്ചറോട് ചോദിക്കാറുണ്ട് ചിലപ്പോൾ കിട്ടും.ഒരേ സമയം നാലഞ്ച് ക്ലാസ്സുകളിലെ കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടാകും. അവർക്കിടയിലൂടെ സ്വന്തം ടീമിനെയും മ്മടെ റബ്ബർ പന്തിനേയും തപ്പിയുള്ള ഓട്ടം. ആ കാലം ഓടി ഓടി ദാ എന്റെ അരികിൽ. :) എത്ര തവണ കൈയ്യും കാലും മുറിഞ്ഞിരിക്കുന്നു. അന്നൊക്കെ ഞങ്ങളുടെ മരുന്ന് "കമ്മ്യൂണിസ്റ്റ് പച്ച" എന്ന ചെടിയുടെ ഇല ആയിരുന്നു. ഞെരടി പിഴിഞ്ഞ് മുറിവിൽ വയ്ക്കും. വീണ്ടും കളിക്കളത്തിലേക്ക്..ചെറിയ മുറിവൊക്കെ ഒരു ദിവസത്തിനുള്ളിൽ ഉണങ്ങും. എന്തുകൊണ്ട് ഈ ചെടിക്ക് ആ പേര് കിട്ടി ?? .. സംശയം ഏകദേശം തീർന്നത്‌ ഈ കുത്തിക്കുറിക്കലിനിടയിൽ ആണ്.

പച്ച എന്നതിന് മലയാളത്തിൽ 2 അർത്ഥമുണ്ടത്രേ. പച്ചനിറം എന്നും പെട്ടെന്ന് വളരുക എന്നും. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിൽ കമ്മ്യൂണിസം എന്ന ആശയം പടർന്ന്പന്തലിച്ചു.. അതുപോലെ പെട്ടെന്ന് വളരുന്ന അവസ്ഥ ഉള്ളതുകൊണ്ടാണത്രേ ഈ സസ്യവർഗ്ഗത്തിനും "കമ്മ്യൂണിസ്റ്റ്‌ പച്ച" എന്ന പേര് വന്നത്. അത് സത്യമാണോ അല്ലയോ എന്നതന്വേഷിച്ചു തൽക്കാലം ഞാൻ എങ്ങിട്ടും പോണില്ല്യാ ട്ടോ.

അഞ്ചിൽ നിന്നും ആറിലേക്ക് പഠനത്തോടൊപ്പം കുരുത്തക്കേടുകളും കൂടി. കലാകായിക മേഖലയിലും സുഗമഹിന്ദി പോലുള്ള പരീക്ഷയിലുമൊക്കെ തന്റേതായ സ്ഥാനം നിലനിർത്തിപ്പോന്നിരുന്ന കാലം. എന്റെ ജീവിതത്തെ ആകെ ഇളക്കി മറിച്ച "പ്രണയം" എന്ന അനിർവചനീയ സത്യത്തെ തിരിച്ചറിഞ്ഞ ആ ഒരു വികാരം നെഞ്ചിൽ ഏറ്റാൻ കാരണഭൂതനായ ഒരുവന്റെ രംഗപ്രവേശം.



രസകരമായ ആ കുസൃതിത്തരങ്ങളെല്ലാം അടുത്ത ലക്കത്തിൽ.

No comments:

Post a Comment