Wednesday, February 27, 2013

നൊസ്റ്റാള്‍ജിയ :- അമ്പലവഴികളിലൂടെ.....





എന്‍റെ കുടുംബം ഉള്‍പ്പടെ ആറ് വാര്യര്‍ കുടുംബങ്ങളായിരുന്നു ഉക്കാനിക്കോട് ശിവക്ഷേത്രത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്. ഞങ്ങളുടെ എല്ലാം കുലത്തൊഴി ലിന്‍റെ ചുരുക്കപ്പേരാണ് "കഴകം" എന്നത്. മുകളില്‍ പറഞ്ഞ ആറ് കുടുംബങ്ങള്‍ക്ക് ആയിരുന്നു കഴകപ്രവര്‍ത്തി ഉണ്ടായിരുന്നത്. മാലകെട്ടല്‍‍,നിവേദ്യത്തിനും പൂജക്കുമുള്ള പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കല്‍‍ അങ്ങനെ അമ്പലത്തില്‍ പൂജ ഒഴികെയുള്ള കാര്യങ്ങളൊക്കെ കഴകപ്രവര്‍ത്തിയി ല്‍ പെടും.

നിങ്ങളില്‍ പലരും അമ്പലങ്ങളില്‍ ഈയുള്ളവരെ കണ്ടിരിക്കും.അമ്പലവാസികളെ ഇല്ലേ?പാടങ്ങള്‍ക്കു നടുവിലായിട്ടാണ് അമ്പലം.എന്തൊരു ഭംഗി ആണെന്നോ??.അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന സഹ്യപര്‍വ്വത നിരകള്‍, അങ്ങിങ്ങായി കരിമ്പനകൂട്ടങ്ങള്‍ അങ്ങനെ എല്ലാതരത്തിലും പാലക്കാടിന്‍റെ ആ ഭംഗി അന്നത്തേക്കാളും ഇന്നാണ് ആസ്വദിക്കുന്നത്.എങ്ങോട്ടു നോക്കിയാലും സൗന്ദര്യം.

ഇങ്ങു കുടുംബത്തില്‍ നിന്നും നോക്കിയാല്‍ അമ്പലം കാണാം.പാടവരമ്പിലൂടെ നടന്നുവേണം ക്ഷേത്രത്തിലെത്താന്‍‍....... വയല്‍കാറ്റ് കൊണ്ട് പാടവരമ്പിലൂടെ അമ്മൂമ്മയുമായി സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും അല്ലെങ്കില്‍ വൈകുന്നേരങ്ങളിലും അമ്പലത്തില്‍ പോകുമായിരുന്നു. രാത്രി ഏറെ ഇരുട്ടിയാലും ചിലപ്പോള്‍പാടവരമ്പിലൂടെ അല്ലെങ്കില്‍ റോഡിലൂടെ ആണ് തിരിച്ചുവരവ്‌...വരമ്പിലൂടെ രാത്രി വരുമ്പോള്‍ തവളകളുടെ പോക്രോം,പോക്രോം ശബ്ദമാണ് കൂടുതലും കേള്‍ക്കുക.വളരെ ശ്രദ്ധയോടുകൂടി നടക്കണം,പാമ്പ് കാണും എന്നൊക്കെ അമ്മൂമ്മ പറയും.
കയ്യിലുള്ള ടോര്‍ച്ച്, പേടി കാരണം നാലുപാടും അടിച്ചുകൊണ്ടാണ്നടപ്പ്. മുന്നോട്ടു വെളിച്ചം കാണിച്ച് നടക്കാന്‍ അമ്മൂമ്മ പറയും.
പോകുന്ന വഴിയില്‍ ഒരു ഭാഗത്ത്‌ പാടവരമ്പിന്‍റെ തൊട്ടു താഴെ ഒരു കിണര്‍ ഉണ്ടായിരുന്നു. പേടികാരണം ആ ഭാഗത്ത്‌ എത്തുമ്പോള്‍ നടത്തംവളരെ പതുക്കെ ആവും. കൊയ്ത്തുകാലം കഴിഞ്ഞാല്‍ പാടത്തിലൂടെ ഇറങ്ങി നടക്കും. കണ്മുന്നില്‍ എല്ലാം തെളിഞ്ഞു വരുന്നു.പാലക്കാട്‌ വേലകളുടെ നാടാണ്. പ്രസക്തമായ് പല വേലകൾ ഉണ്ട് നെന്മാറ വല്ലങ്ങി അതിൽ പ്രസക്തം. ഞാർക്കോട്ടുകാവ്, കാളികാവ് ഈ രണ്ട് ക്ഷേത്രങ്ങളിലെയും വേലകൾ കുടുംബ വീടിന്റെ മുന്നിലൂടെ ആണ് കടന്നു പോവുക. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മനോഹരമായി അലങ്കരിച്ച് ബാന്റുവാദ്യങ്ങളും മറ്റുമായി എന്ത് രസമായിരുന്നു. കൂടെ പോണം എന്ന് വാശി പിടിക്കുമ്പോൾ വെയിലാറട്ടെ കുട്ടാ കുഞ്ഞുലക്ഷ്മിയും വരും എന്നിട്ട് പോകാം എന്ന് അമ്മൂമ്മ പറയും. രാത്രിയിൽ ബാലെയും നാടകങ്ങളും മറ്റും ഉണ്ടാകും. ക്ഷേത്രങ്ങളിൽ ഇടയ്ക്കു തിരുവിളയാടൽ പോലുള്ള ഭക്തസിനിമകളും പ്രദർശിപ്പിക്കാറുണ്ട്. എല്ലാം കണ്ടതിന് ശേഷമേ തിരിച്ചു വരാറുള്ളൂ. കൂട്ടുകാർ എല്ലാവരും ഉണ്ടാകും. എന്നാലും ഞാൻ അമ്മൂമ്മയുടെ കൂടെതന്നെ ആകും. തിരിച്ച് പോകാൻ പറ്റാത്ത ആ കാലം ഓർക്കുമ്പോൾ ശരിക്കും സങ്കടം വരുന്നു. അതുപോലെ അങ്ങ് ദൂരെ പെരുമഞ്ചിറ കാവിലും പോകുമായിരുന്നു. പനമ്പായയും മറ്റും എടുത്ത് നടന്നായിരുന്നു എല്ലാ കാവുകളിലും പോയിരുന്നത്.



ഞങ്ങള്‍ക്ക് നെല്‍കൃഷി ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട് പക്ഷേ ആര്‍ക്കും നോക്കാന്‍ സമയമില്ലാ ത്തതിനാല്‍ പാട്ടത്തിനു കൊടുത്തിരിക്കുകയാണ്.
ഞാറ് നടുന്ന സമയത്തും കൊയ്ത്തുകാലത്തും അമ്മൂമ്മയുടെ കൂടെ പാടത്ത് പോകുമായിരുന്നു.
പാടത്തിന്‍റെ വിവിധ ഭാവങ്ങള്‍ കാണേണ്ടത് തന്നെ ആണ്. ഞാറ് നടുന്ന കാലം, നെല്‍ക്കതിര്‍ ഏന്തി നില്‍ക്കുന്ന കാലം,കൊയ്ത്ത് കാലം, കൊയ്ത്ത് കഴിഞ്ഞുള്ള കാലം,വരണ്ടു കിടക്കുന്ന കാലം അങ്ങനെ ഒരു മനുഷ്യജന്മത്തിന് തുല്യമായ അവസ്ഥ.എത്ര കണ്ടാ ലും മതിവരാത്ത നല്ല ഒരു സിനിമ പോലെ തന്നെ ആണ് നമ്മുടെ ഓരോരുത്തരുടെയും കുട്ടിക്കാലം മുതല്‍ക്ക്‌ മണ്ണോട് ചേരുന്നത് വരെയുള്ള കാലം.ഒന്നോര്‍ത്തു നോക്കൂ.ശരിയല്ലേ??.

ശങ്കരന്‍‍,തത്ത,ചിന്നന്‍‍,ചെല്ല അങ്ങനെ എത്രയോ പണിക്കാര്‍‍.എല്ലാവരുമായി വളരെ ചങ്ങാത്തമായിരുന്നു.അവരുടെ "കുട്ടാ അല്ലെങ്കില്‍ വാര്യരുകുട്ടീ" എന്ന സ്നേഹത്തോടുകൂടിയുള്ള വിളി ഇന്നും കാതിലുണ്ട്.ഇപ്പോഴും അവരെയെല്ലാം കാണുമ്പോള്‍‍ അടുത്തുപോയി സംസാരിക്കാറുണ്ട്. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് മെതിക്കുന്നത് കുടുംബത്തായിരുന്നു.ഒരു മുറിയില്‍ നെല്ല് കൂട്ടിയിടും.വീട്ടിന്‍റെ മുറ്റത്ത്‌ വയ്കോല്‍കൂനകള്‍ അതില്‍ ചാടി മറിഞ്ഞും മറ്റുമുള്ള ആ കാലം എന്ത് രസമായിരുന്നു.ഒരുത്സവ പ്രതീതി തന്നെ ആയിരുന്നു. ഇപ്പോള്‍ കൊയ്ത്തുകാലം കഴിഞ്ഞാല്‍ പാട്ടത്തിന്‍റെ ഇത്ര ശതമാനം നെല്ലുമായി ഒരു വരവ്.പണ്ടത്തെ പോലെ ഒരു ബഹളവുമില്ല.ഈ പണിക്കാരെ ആരെയും ഇപ്പോള്‍ ഒരു ജോലിക്കും കിട്ടാതെ ആയിരിക്കുന്നു എന്ന് അമ്മൂമ്മ പറയും. പണ്ട് വേലികെട്ടുവാനും തെങ്ങുകയറുവാനും എന്നുവേണ്ട ഒന്നുമില്ലെങ്കില്‍ പോലും വീട്ടില്‍ വരുമായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ പഞ്ചായത്ത്‌ വക പണിയണ്ട്, ദിവസക്കൂലിക്ക്.അവരെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെ ആണ്.അതിനാല്‍‍ ഈ പണിയൊക്കെ ഇപ്പോള്‍ നമ്മള്‍ തന്നെ പഠിക്കേണ്ട അവസ്ഥയാണ് .

അമ്മൂമ്മക്ക് പറ്റുന്ന നാള്‍‍ വരെ കഴകം ചെയ്തിരുന്നു.ഇപ്പോള്‍ നടക്കാന്‍‍ വളരെപ്രയാസമുണ്ട്. വെളിയിലോട്ട്‌ ഒന്നും പോകാറില്ല പക്ഷേ,വീട്ടിലെ‍ തൊടിയിലും സ്വന്തം കാര്യങ്ങളുമായി ഇപ്പോഴും ഓടി നടക്കുന്നുണ്ട്. ദൈവം എല്ലാ ആയുരാരോഗ്യങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ അച്ഛനും കഴകം തന്നെ ആയിരുന്നു ജോലി.ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കുറേയേറെ അമ്പലങ്ങളില്‍ അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. എന്‍റെ ഒന്‍പതാം ക്ലാസ്സ്‌ മുതലുള്ള ജീവിതം കോട്ടയത്തായിരുന്നു.ഇവിടെ തൃക്കയില്‍ ശിവക്ഷേത്രത്തില്‍ ആയിരുന്നു അച്ഛന് ജോലി.ഇവിടെ വന്നിട്ടാണ് ഉത്സവ ദിവസങ്ങളിലെ അമ്പലജോലികള്‍ ഞാന്‍ കാണുന്നതും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതും.ഉത്സവം തുടങ്ങിയാല്‍ നല്ല തിരക്ക് തന്നെ ആയി രിക്കും. കൊടിയേറ്റ് മുതല്‍ രാവിലത്തെ പൂജക്കുള്ളതും ഭക്തജനങ്ങള്‍ക്കും ആവശ്യമായ മാലകള്‍ കെട്ടുക,ശീവേലി,ശ്രീഭൂതവലി,ഉത്സവബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ കാര്യങ്ങളില്‍ വിളക്കെടുക്കുക,പൂജാ പാത്രങ്ങള്‍ കഴുകുക അങ്ങനെ ഉത്സവദിവസങ്ങള്‍ തിരക്കോട് തിരക്ക് തന്നെ.

അച്ഛന്‍റെ കുടുംബ വീട് കോട്ടയത്ത്‌ മറിയപ്പള്ളി ആയിരുന്നു.അച്ഛന്‍റെ കുടുംബത്തില്‍ കഴകം നാട്ടകം പൊന്‍കുന്നത്ത് കാവില്‍ ആയിരുന്നു. അച്ഛന്‍റെ പെങ്ങളും ഭര്‍ത്താവും ആയിരുന്നു ഇവിടെ കഴകപ്രവര്‍ത്തി ചെയ്തിരുന്നത്.
ഞങ്ങളുടെ പേരപ്പനും,പേരമ്മയും.ഇവിടുത്തെ ഉത്സവ സമയത്തും വിളക്കെടുക്കാനും മറ്റും ഇടയ്ക്കു ഞങ്ങള്‍ പോകുമായിരുന്നു.വിനുകുട്ടനും പൊന്നൻ ചേട്ടനും ചിലപ്പോൾ ഒമാനകുട്ടൻ ചേട്ടനും എല്ലാവരും ഉണ്ടാകും. ആദ്യമായി ആനയുടെ മുന്‍പില്‍ വിളക്കെടുക്കുമ്പോള്‍ വളരെ പേടി ഉണ്ടായിരുന്നു. പേടിയുടെ കൂടെ ചെറിയ നാണവും ഉണ്ടായിരുന്നു കാരണം ഷര്‍ട്ട്‌ ഇടാന്‍ പാടില്ല എന്നത് തന്നെ. എന്‍റെ കൂടെ പഠിക്കുന്ന പെണ്‍കുട്ടികളും അല്ലാതെ ഉള്ളവരും എല്ലാവരും എന്നെ അര്‍ദ്ധനഗ്നന്‍ ആയി കാണുമല്ലോ എന്നൊക്കെ ക്രമേണ അതൊക്കെ മാറി.വിളക്കെടുക്കുക അതും ഭഗവാന് മുന്നില്‍.. അത് ഒരു ഭാഗ്യം തന്നെ അല്ലെ.ആനക്ക് തൊട്ടു മുന്നിലായിരിക്കും ഞാന്‍ വിളക്കും പിടിച്ചു നില്‍ക്കുന്നത്.ചില വിരുതന്മാര്‍ വിളക്കിനും ആനക്കും ഇടയിലൂടെ കടക്കാന്‍ നോക്കും.അങ്ങനെ ചെയ്യുവാന്‍ പാടി ല്ലാത്തതാണ്.ഭഗവാന് തെളിക്കുന്ന വിളക്കല്ലേ അതുകൊണ്ടാണ് ഇടയ്ക്കു കയറരുത് എന്ന് പറയുന്നത്.പിന്നീട് അച്ഛന്‍ പറഞ്ഞു തന്നതിനനുസരിച്ചു ആരെയും അങ്ങനെ കടത്തി വിട്ടിട്ടില്ല.

തന്ത്രിമാര്‍, തിരുമേനിമാര്‍, മേളക്കാര്‍... എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു. ഉത്സവദിവസങ്ങളില്‍ അമ്പലത്തില്‍ തന്നെ ആയിരിക്കും അധികസമയവും. സ്റ്റേജില്‍ പരുപാടികള്‍ ഉണ്ടെങ്കിലും കാണാന്‍ അധികം പോകാറില്ല കാരണം പിടിപ്പതു പണി അമ്പലത്തിനകത്ത് ഉണ്ടായിരിക്കും.അമ്പലത്തില്‍ നിന്നും 2 ദിവസം പറക്ക്‌ എഴുന്നള്ളിപ്പുണ്ടാവും.അതൊരു ആഘോഷമായുള്ള പോക്കാണ്. വിളക്ക് പിടിക്കുമ്പോള്‍ ചെരുപ്പ് ഇടാന്‍ പാടില്ല. നഗ്നപാദനായാണ് ഈ യാത്ര. തിരുമേനിമാര്‍, കമ്മറ്റിക്കാര്‍, അരി, നെല്ല് ഇത്യാദി സാധനങ്ങള്‍ പിടിക്കുവാന്‍ വേണ്ടിയുള്ളവര്‍, കാണിക്ക വഞ്ചിയുമായി ഒരാള്‍, അങ്ങനെ ഒരു പത്തു പതിനഞ്ചു പേരോളം പറക്ക് പോകുവാന്‍ ഉണ്ടാകും.ഭഷണം ഒക്കെ പല വീടുകളില്‍ ആയി നേരത്തെ തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും.രാവിലെ 9 മണിയോടെ ഇറങ്ങിയാല്‍ രാത്രി ചിലപ്പോള്‍ 9 മണി ആവും തിരിച്ചു അമ്പലമെത്താന്‍.......

ചിലപ്പോള്‍ ആറാട്ടിന് ഞാനായിരിക്കും വിളക്ക് പിടിക്കുക അല്ലെങ്കില്‍ അച്ഛനോ ഉണ്ണിയോ.ആറാട്ട് നടക്കുന്നത് മണിപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ത്തില്‍ ആണ്.ആറാട്ട് കഴിഞ്ഞു വൈകുന്നേരത്തോടു കൂടി ദീപാരാധനക്ക് ശേഷം അവിടെ നിന്നും തിരികെ അമ്പലത്തിലേക്ക്.വളരെ മനോഹരമായി നാട്ടുകാര്‍ വഴിയൊക്കെ വൃത്തിയാക്കി വിളക്ക് കത്തിച്ചു വച്ചുകൊണ്ട് ആറാട്ടിനെ വരവേല്‍ക്കും.ഈ സമയത്തും പറയെടുപ്പ് ഉണ്ടാകും.ശരിക്കും ഭക്തസാന്ദ്രമായ അന്തരീഷം ആയിരിക്കും.അമ്പലം ദീപലംകൃതം ആയി രിക്കും.അമ്പലത്തില്‍ എത്തിയാല്‍ തന്ത്രി കൊടിയിറക്കത്തിനുള്ള കര്‍മങ്ങള്‍ തുടങ്ങും.ശിവസ്തുതികള്‍ മുഴങ്ങിക്കൊണ്ടേ ഇരിക്കും. ഗംഭീരമായ വെടി ക്കെട്ടോടുകൂടി ആ ഒരു വര്‍ഷത്തെ ഉത്സവം കൊടിയിറങ്ങും.

അച്ഛനും, അമ്മയും, ഉണ്ണിയും, ഞാനും വീണ്ടും പാലക്കാടിന്‍റെ സൗന്ദര്യ ത്തിലേക്ക് തിരിച്ചുവന്നെങ്കിലും അമ്മൂമ്മയുടെ കൂടെ അമ്പലങ്ങള്‍ തോറും ഓടി നടന്നതും, തൃക്കയില്‍ ക്ഷേത്രവും, ഉത്സവരാവുകളും എല്ലാം ഓര്‍മ യില്‍ ഒതുങ്ങി നില്‍ക്കുന്നു.

എല്ലാ ദിവസവും അമ്പലത്തിൽ പോകുന്ന പതിവ് എനിക്കില്ല. പിറന്നാൾ ദിവസം അമ്മ പറയും ഇന്നെങ്കിലും ഒന്ന് അമ്പലത്തിൽ പോയിട്ട് വാ എന്ന്. പക്ഷേ പോകാറില്ല. എനിക്ക് തോന്നും ചില ദിവസങ്ങളിൽ പോണം എന്ന് അന്ന് പോകും. പ്രാർത്ഥന ഒന്നും നടത്താറില്ല. പക്ഷേ പ്രദക്ഷിണം വെച്ച് വരുമ്പോൾ പറയാൻ വയ്യാത്ത മാനസിക സംതൃപ്തി എന്നിലുണ്ടാകും. എന്നാലും ഒരു ഭക്തന്‍ എന്ന നിലയിലും അല്ലാതെയും എത്രയോ ഭാഗ്യം ചെയ്തിട്ടു ള്ളവനാണ് ഞാന്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. ഭഗവാന് വേണ്ടി മാല കെട്ടാന്‍, വിളക്ക് പിടിക്കാന്‍ അങ്ങനെ അങ്ങനെ എത്രയോ കാര്യങ്ങള്‍.....അമ്പല വഴികളിലൂടെ ഉള്ള യാത്ര ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ദര്‍ശനത്തില്‍ മാത്രം ഒതുങ്ങിയുള്ള യാത്ര...