Friday, November 7, 2014

കുട്ടനും കുട്ടേട്ടന്റെ 'ചക്ര'ക്കടയും.


അമ്പലത്തിൽ നിന്നും വന്ന ഉടൻ അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ടു .. കുട്ടൻ എന്തിയേ എന്ന്. റൂമിൽ നിന്നും ഞാൻ വെളിയിലേക്ക് വന്നു. കുട്ടാ, താഴത്തെ രവി നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു..എന്തോ ഒരു ജോലിക്കാര്യം പറയാനാണത്രേ. ബിരുദം കഴിഞ്ഞ് വീണ്ടും പഠനം എന്നുള്ളത് എന്റെ മനസ്സിൽ ഇല്ലായിരുന്നു. അത്യാവശ്യം ജോലി തന്നെ ആണ് എന്ന ബോധ്യം എന്നിലുണ്ടായിരുന്നു. അച്ഛൻ പറഞ്ഞതനുസരിച്ച് രവിയേട്ടനെ പോയി കണ്ടു. "ആ വിജീഷ്... ആശാൻ എല്ലാം പറഞ്ഞില്ലേ? നാളെത്തന്നെ നമുക്ക് പോകാം. ബാക്കിയുള്ള കാര്യമൊക്കെ അവിടെ ചെന്നിട്ട് സംസാരിക്കാം എന്താ?" ഞാൻ തലയാട്ടി യാത്ര പറഞ്ഞിറങ്ങി. അച്ഛനെ അവിടെ എല്ലാവരും ആശാൻ എന്നാണ് വിളിച്ചിരുന്നത്. ചിലയിടങ്ങളിൽ അമ്പലത്തിൽ കഴകം ചെയ്യുന്നവരെ ആശാൻ, ആശാട്ടി എന്നൊക്കെയാണ് സംബോധന ചെയ്യുക.

തലേന്ന് തന്നെ ഉടുതുണിയെല്ലാം എല്ലാം ഇസ്തിരിയിട്ട് വെടിപ്പാക്കി വെച്ചു. എന്തൊക്കെ ആയിരിക്കും ഇന്റർവ്യുന് ചോദിക്കുക എന്നൊക്കെ ആലോചിച്ച് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ഞാൻ റെഡി ആയി. ഷർട്ട് എല്ലാം ഇൻ ചെയ്ത് അസ്സൽ എക്സിക്യൂട്ടീവ് ലുക്കിൽ (സ്വയം വിലയിരുത്തൽ) വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. രവിയേട്ടന്റെ വീടിനടുത്താണ് അച്ഛൻ ജോലി ചെയ്യുന്ന അമ്പലം.. അച്ഛനോടും യാത്ര പറഞ്ഞു. എന്നും രാവിലെ 8.30 കഴിയുമ്പോഴാണ് രവിയേട്ടൻ വീട്ടില് നിന്നുമിറങ്ങുക. അതിനാൽ 8.25ന് തന്നെ ഞാൻ രവിയേട്ടന്റെ വീട്ടിൽ എത്തി. അങ്ങനെ പുള്ളിയുടെ കൂടെ ബൈക്കിൽ കയറി യാത്രയായി. "ആ വിജീഷേ കുട്ടേട്ടൻ എന്ന് വിളിക്കുന്ന ഒരാളുടെ അടുത്തേക്കാണ് നമ്മളിപ്പോൾ പോകുന്നത്. പുള്ളിക്ക് ഒരു ടയർ റീട്രേഡിംഗ് ഷോപ്പുണ്ട് സ്റ്റാർ ജങ്ഷനിൽ..അവിടെയാണ് ജോലി പറഞ്ഞിരിക്കുന്നത്. എല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കുക" എന്നൊക്കെ രവിയേട്ടൻ എന്നോട് പറഞ്ഞു. സ്റ്റാർ ജങ്ഷൻ കഴിഞ്ഞു കുറച്ച് മുന്നോട്ട് വരുമ്പോൾ വലതുവശത്ത് കുറേ കടകളുണ്ട്. മ്മടെ "കൈലാസം രാജേഷേട്ട"ന്റെ കടയും ആ വരിയിലാണ്. എല്ലാ കെട്ടിടങ്ങൾക്കും ഏകദേശം നല്ല പഴക്കം ഉണ്ടായിരുന്നു. അതിലൊന്നിലേക്ക് രവിയേട്ടൻ എന്നെ കൊണ്ടുപോയി. മുറിക്കുള്ളിൽ അധികം വെളിച്ചമുണ്ടായിരുന്നില്ല. കുട്ടേട്ടാ...കുട്ടേട്ടാ എന്ന് നീട്ടിവിളിച്ചു. കണ്ണാടിവെച്ച് വെള്ളമുണ്ടും വെള്ളഷർട്ടുമിട്ട കറുത്തുതടിച്ച ഒരാൾ കരകര ശബ്ദത്തോടെ ആരാ എന്ന് ചോദിച്ചുകൊണ്ട് മുറിയിലേക്ക് വന്നു. "കുട്ടേട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ..ഡിഗ്രി കഴിഞ്ഞതെ ഉള്ളൂ....ഉഷാറാണ്". ഇത്രയും പറഞ്ഞ് എന്റെ തോളിൽ തട്ടി കുട്ടേട്ടനോട് യാത്ര പറഞ്ഞ് രവിയേട്ടൻ ഇറങ്ങി.

"ആ പിന്നെ, എന്താ പേര് പറഞ്ഞത്? കുട്ടേട്ടൻ കുറച്ച് കടുപ്പത്തിൽ എന്നോട് ചോദിച്ചു ..ഞാൻ പേര് പറഞ്ഞു. "ആ വിജീഷേ, ജോലി അധികം ഒന്നും ഇല്ല ഇവിടെ. ടയർ റീട്രേഡിംഗ് ആണ് ഇവിടെ നടക്കുന്നത്. കുറച്ചപ്പുറത്തുമാറി നമുക്ക് വേരൊരു ഷോപ്പുണ്ട്. നാളെ നേരിട്ട് അങ്ങോട്ട് പോയാൽ മതി. അപ്പോ വിജീഷേ, 500 രൂപ ശമ്പളം..ചിലപ്പോൾ കാശ് മേടിക്കാനും മറ്റും ചില സ്ഥലങ്ങളിൽ പോകേണ്ടി വരും അതിനുള്ള അലവൻസ് അവിടെ ഷോപ്പിൽ നിന്നും മേടിച്ചോ..എന്താ. കുറച്ച് കൂടുതൽ സ്വപ്നം കണ്ട ഞാൻ മിണിങ്ങസ്യനായ്..... കുട്ടേട്ടൻ പറഞ്ഞത് കേട്ട് തലയാട്ടി സമ്മതം മൂളി. എന്നെയും കൂട്ടി ഷോപ്പിലേക്ക് നടന്നു. അവിടെ ഉള്ളവർക്ക് എന്നെ പരിചയപ്പെടുത്തി. എന്റെ ലുക്ക് കണ്ടു അവരെല്ലാം ഒരു വളിപ്പൻ ചിരി പാസാക്കി. എല്ലാം കണ്ടും കേട്ടും കാര്യങ്ങൾ ഒരുവിധം മനസ്സിലാക്കി. അന്ന് കുറച്ച് നേരത്തെ ഇറങ്ങി. ബസ്സുപിടിച്ച് വീട്ടിലെത്തി...എല്ലാവരോടും കുഴപ്പമില്ല.. നാളെ മുതൽ 9 ആകുമ്പോൾ കടയിൽ എത്തണം എന്ന് പറഞ്ഞു. അന്ന് കടയിൽ ചെന്നപ്പോൾ സ്റ്റാഫിലൊരാൾ കടയ്ക്കുള്ളിൽ ഇത്തരം നല്ല ഉടുപ്പ് വേണ്ടാന്ന് പറഞ്ഞിരുന്നു. കാരണം ടയറിന്റെ സോൾ ആവശ്യക്കാർക്കും അവിടെ കടയിലേക്കും മുറിച്ച് കൊടുക്കണമായിരുന്നു.....നല്ലരീതിയിൽ അഴുക്കുപുരളും. അതിനാൽ കടയിൽ ചെന്നാൽ പഴകിയ ഒരു ഡ്രസ്സ് ആണ് ഇടുക. എല്ലാം റെക്കോർഡ് ആക്കണമായിരുന്നു. കത്തിയും പേനയുമായ് ദിവസങ്ങൾ.

ഒരാഴ്ച കഴിഞ്ഞപ്പോൾ പണി തുടങ്ങി..."വിജീഷേ, ഉച്ചക്ക് 1.30 ആകുമ്പോൾ നാഗമ്പടം ബസ്റ്റാൻഡ് വരെ പോണം പാലായിൽ നിന്നും ഒരു ടയർ കൊടുത്ത് വിട്ടിട്ടുണ്ട് അത് ഇങ്ങ് കടയിലേക്ക് കൊണ്ടുവരണം". 1.30 ക്ക് മുൻപ് തന്നെ സ്റ്റാൻഡിലെത്തി. ബസ്സ് വന്നു കിളിയോട് ചോദിച്ചു പാലയിൽ നിന്നും തന്നുവിട്ട സാധനം... ദേ മുകളിൽ കിടപ്പുണ്ട് എടുത്തോ. നന്നായി ഞാനിപ്പോ ഇത് എങ്ങനെ രണ്ടും കൽപ്പിച്ച് ബസ്സിന്റെ കോണിപ്പടി കയറി മുകളിലെത്തി യമണ്ടൻ ഒരു ടയർ കിടക്കുന്നു. ഞാൻ താഴെ നിൽക്കുന്ന കിളിയോട് പറഞ്ഞു ഉരുട്ടിയിടാം ഒന്ന് തടഞ്ഞോ.. ഞാൻ ഉരുട്ടി ബ്രേക്കില്ലാത്ത വണ്ടി പോലെ സാധനം താഴോട്ട് ഒരുവിധേന മ്മടെ കിളി അത് തടഞ്ഞു. ഒരു 10 രൂപയും മേടിച്ചു. "തട"കൂലിയാണത്രേ.എന്താല്ലേ? ബസ്റ്റാൻഡിന് വെളിയിൽ ആയിരുന്നു ഓട്ടോസ്റ്റാൻഡ്. സ്റ്റാൻഡിനുള്ളിലോട്ടു ഓട്ടോ വരില്ല. പണിപെട്ട് ടയറുരുട്ടി വെളിയിലേക്ക്...ഓട്ടോ പിടിച്ച് കടയിലേക്ക്... അങ്ങനെ ഇരിക്കെ ഒരുദിവസം...ടയർ ഓട്ടോയിൽ കയറ്റുന്ന സമയത്ത് അറിയാതെ പുറത്തേക്ക് പാളി നോക്കിയപ്പോൾ എന്നെ തൊട്ടുരുമ്മി കടന്നുപോയ ബസ്സിൽ നിന്നും ഒരു തല നീളുന്നത് കണ്ടു..വിജയലക്ഷ്മി ടീച്ചർ. ടീച്ചറുടെ നോട്ടത്താൽ ഞാനാകെ വല്ലാണ്ടായി. പെട്ടെന്ന് ഓട്ടോയിൽ വലിഞ്ഞ് കയറി...കടയിലെത്തി. അവിടെയുള്ള സ്റ്റാഫിനോട് കാര്യം പറഞ്ഞു. "ഹേ സാരമില്ല നിന്റെ ജോലി അതാണ് നീ ചെയ്തത് അതിന് ഒരു കുഴപ്പവുമില്ല...പിന്നെ ഈ ജോലി താൽക്കാലികം മാത്രം. നല്ലൊരു ജോലി കിട്ടാനുള്ള യോഗ്യത ഉണ്ട് നിനക്ക് പിന്നെന്തിനാടോ വിഷമം. ടീച്ചർ ചോദിച്ചാൽ ഞാൻ പറഞ്ഞ ഈ ഡയലോഗ് അങ്ങ് കാച്ചിയേര്". ഞാൻ മൂളി എങ്കിലും എന്റെ മനസ്സ് നിറയെ ടീച്ചറുടെ ആ നോട്ടം ആയിരുന്നു. ബസ്സിന്റെ മുകളിൽ കേറിയതു മുതലുള്ള എന്റെ ചെയ്തികൾ എല്ലാം കണ്ടു കാണുമല്ലോ...അമ്പലത്തിൽ പോകുമ്പോൾ അച്ഛനോടിതെല്ലാം പറയുമല്ലോ അങ്ങനെ അങ്ങനെ അനാവശ്യ ചിന്തകൾ.


കുറേയേറെ ചിന്തകൾ തലയിലേറ്റി വൈകുന്നേരം വീട്ടിലെത്തി... വീട്ടിൽ അന്നും ഇന്നും എല്ലാവരും ഒരുമിച്ചിരുന്നാണ് ആഹാരം കഴിക്കുക... അമ്മയെ സംബന്ധിച്ച്, കൈകൊണ്ട് വിളമ്പി തന്നില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല. ചിലപ്പോൾ കുറച്ച് താമസിക്കും ഞങ്ങളുടെ കൂടെയിരുന്ന് ആഹാരം കഴിക്കാൻ..ഇടക്ക് "ഒറ്റപൂരാടം" എന്ന് വിളിച്ച് അച്ഛൻ അമ്മയെ കളിയാക്കും. ആഹാരം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല എന്ന് പറയുമെങ്കിലും പല കാര്യങ്ങളും സംസാരിക്കും....ഊണ് എല്ലാം കഴിഞ്ഞ് ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ ഇന്ന് നടന്ന സംഭവം അറിഞ്ഞിട്ടോ അതോ.... അച്ഛൻ എന്നോട് ചോദിച്ചു "വേറെ നല്ലൊരു ജോലി നോക്കിക്കൂടെ കുട്ടാ നിനക്ക്". ആ ചോദ്യത്തിൽ വിഷമം തങ്ങി നിന്നിരുന്നു. ഞാനും വല്ലാതെയായി. "അടുത്ത ആഴ്ച ഒരു ഇന്റർവ്യൂ ഉണ്ട്. അതുകൊണ്ട് ഈ ആഴ്ച ഇങ്ങനെ അങ്ങ് പോട്ടെ പെട്ടെന്ന് ഞാൻ ജോലി നിർത്തിയാൽ രവിയേട്ടൻ എന്ത് വിചാരിക്കും". ഞാൻ പറഞ്ഞതെല്ലാം കള്ളം. എല്ലാം കേട്ട് ഒരു നെടുവീർപ്പോടെ സിഗരറ്റ് വലി പാതി വഴിയിൽ നിർത്തി അച്ഛൻ മുറിയിൽ പോയി കിടന്നു.

താമസിയാതെ "ഐ സി ഐ സി ഐ" ബാങ്കിൽ മ്മടെ പ്രമോദേട്ടൻ വഴി സെയിൽസ് ഡിവിഷനിൽ ഒരു ജോലി റെഡി ആയി. ജോലി കിട്ടിയതിൽ അച്ഛനടക്കം ഏവരും സന്തോഷരായിരുന്നു.രവിയേട്ടനോട് കാര്യം പറഞ്ഞു... "ആൾ ദി ബെസ്റ്റ്" അടിച്ചു. മാസം തീരാൻ 2 ദിവസം കൂടി ഉണ്ടായിരുന്നു. കുട്ടേട്ടൻ 800 രൂപ കയ്യിൽ വെച്ച് തന്നു. പറഞ്ഞതിലും 300 രൂപ കൂടുതൽ. സന്തോഷമായി. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും ആത്മാർത്ഥതക്ക് അംഗീകാരം ലഭിക്കുമെന്നും ഞാൻ മനസ്സിലാക്കി. കുട്ടേട്ടനോടും സ്റ്റാഫിനോടെല്ലാം യാത്ര പറഞ്ഞിറങ്ങി.

800, 5000 ആയി 5000, 10000 ആയി പിന്നീട് പൂജ്യങ്ങളുടെ എണ്ണം കൂടിയില്ലെങ്കിലും മുന്നിലെ അക്കങ്ങൾക്ക് അൽപസ്വൽപം വ്യത്യാസം വന്നുകൊണ്ടിരുന്നു..

ജീവിതത്തിന്റെ ഉയർച്ച താഴ്ച്ച മനസ്സിലാക്കിത്തന്നുകൊണ്ട് ആ ചക്രം ഇന്നും എന്നിൽ ഉരുളുന്നു. ജീവിതത്തിൽ നാം ഓരോ പടി കയറുമ്പോഴും കൈ പിടിച്ച് ഉയർത്തിയവരെ അതിന് കാരണക്കരായവരെ ഓർക്കുക. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. സ്വയം, സ്വന്തം കുടുംബം നന്നാവാൻ പ്രാർത്ഥിക്കേണ്ട കാര്യമില്ല. നമ്മുടെ നല്ല പ്രവർത്തി നമുക്ക് നല്ലത് വരുത്തും.