Sunday, August 24, 2014

മനുഷ്യൻ

                       വാർദ്ധക്യം എന്നത്  മനുഷ്യൻ വീണ്ടും ശൈശവാവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. വളരെയധികം സ്നേഹവും പരിരക്ഷയും വേണ്ടുന്ന കാലം. ഈ ഒരു അവസ്ഥയിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങൾ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ
ഒറ്റപ്പെടൽ എന്നത് വാർദ്ധക്യം എന്ന അവസ്ഥയിൽ മാത്രമാണോ സംഭവിക്കുന്നത്‌?. അല്ല. ഓരോ വ്യക്തിയും അവന്റെ/ അവളുടെ ജനനം മുതൽ മരണം വരെയുള്ള യാത്രയിൽ പല പല കാരണങ്ങളാൽ ഒറ്റപ്പെടുന്നുണ്ട്.

ഒരു കുഞ്ഞ് ജനിച്ച ഉടനെ വലിച്ചെറിയുന്ന അമ്മമാർ, നരകത്തിൽ പോലും ഇല്ലാത്ത ശിഷാരീതികൾ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ...ഇത്തരത്തിൽ പോവുന്നു കലികാല കാഴ്ചകൾ. മനുഷ്യൻ എന്ന അബദ്ധസൃഷ്ടി എന്തിന് നടത്തി എന്ന് ദൈവം ആലോചിക്കുന്നുണ്ടാവും ഇപ്പോൾ.

പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും വേണ്ടത് അമ്മയുടെയും അച്ഛന്റെയും സ്നേഹവും സാമീപ്യവും ലാളനയും ആണ്. അമ്മ എന്ന സ്നേഹത്തിന്റെ പിറവി കൂടിയാണ് ഒരു കുഞ്ഞിന്റെ ജനനത്തിലൂടെ സംഭവിക്കുന്നത്‌.

ഇവിടെ ജന്മനാ മാനസികവും ശാരീരികവും ആയ വൈകല്യങ്ങളുള്ള കുട്ടികൾ ധാരാളം ഉണ്ട്. ചില കുടുംബങ്ങളിൽ മാതാപിതാക്കളും ബന്ധുക്കളും ഇവരെ പൊന്നുപോലെ നോക്കുന്നു. ഞാൻ അത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ സ്നേഹവും പരിരഷയും കൂടുതൽ കിട്ടണം എന്ന വ്യാജേന അവരെ സ്നേഹാലയങ്ങളിൽ കൊണ്ട് ചെന്നാക്കുന്നവരുമുണ്ട് നമ്മുടെ സമൂഹത്തിൽ .സ്വന്തം മാതാപിതാ ക്കളിൽ നിന്നും കിട്ടാത്ത എന്താണ് ഇവിടെ കിട്ടുക??. സ്നേഹം പെയ്തിറങ്ങേണ്ട അവസ്ഥയിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ നാം നമ്മുടെ സംസ്കാരത്തെയാണ് കുഴിവെട്ടി മൂടുന്നത്. ഒറ്റപെടലുകൾ തീരാ വേദനകൾ ആയി   പലരുടെ ജീവിതത്തിലും ചിലപ്പോൾ അത് വാർദ്ധക്യം വരെ നീളുന്നു.

നമ്മുടെ സ്നേഹനിർ ഭരമായ പെരുമാറ്റം തീർച്ചയായും അവരുടെ വൈകല്യങ്ങളെ ഇല്ലാതാക്കും. അല്ലാത്തപക്ഷം പുതിയ വൈകല്യങ്ങൾ നമ്മളാൽ സൃഷ്ടിക്കപ്പെടും.

സ്വന്തം കുഞ്ഞിനെ, അച്ഛനെ, അമ്മയെ, സഹോദരങ്ങളെ അങ്ങനെ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ,  തിരിച്ചറിയാൻ കഴിയാത്തവിധം മനുഷ്യൻ രാക്ഷസജന്മം കൈകൊണ്ടിരിക്കുന്നു. ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന അഹന്തയോടെ അവൻ യാത്ര തുടർന്നുകൊണ്ടേ ഇരിക്കുന്നു.

എവിടെ പോയി ഒളിച്ചാലും കഴുകി കളഞ്ഞാലും തീരാത്ത പാപങ്ങൾ ചെയ്തുകൂട്ടിയുള്ള  യാത്ര. ഒരുനാൾ തീരും. ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങും.