Wednesday, December 31, 2014

'പുതുവർഷം' ഒരു ചെറു വിലയിരുത്തൽ.


ഒരസാധാരണ സംഭവമായിട്ട് ഈ പുതുവർഷത്തെ കാണാൻ ഞാൻ ഒരുക്കമല്ല. പുതുവർഷത്തിലേക്കുള്ള കാൽവെപ്പ്‌ എന്നത് എന്നത്തേയും പോലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ സാദാരണ കാണുന്ന ഒരു പുതുദിനം അത്ര മാത്രം... അതുകൊണ്ട് തന്നെ കഴിഞ്ഞ കാലത്തെ മറന്നുകൊണ്ട് ഒരു വരവേൽപ്പ് പുതുവർഷത്തിന് കൊടുക്കുന്നില്ല ഞാൻ. ഇന്ന് ഈ നിമിഷം വരെ ഞാൻ എന്ന വ്യക്തി എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിക്കും എന്നിലെ വ്യക്തിത്വം നാളെയും പ്രതിഫലിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് ചുറ്റുപാടുകൾ മാറുമായിരിക്കും പക്ഷേ അതിനോട് ചേർന്ന് നിൽക്കാൻ ഞാൻ എന്ന വ്യക്തിയിൽ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തില്ല.

കഴിഞ്ഞകാലത്തെ മറന്നുകൊണ്ട് ഒരു പ്രതീക്ഷയും പുതു പുതു വിശ്വാസങ്ങളും ഒന്നും ഈ പുതുവർഷത്തിൽ എനിക്ക് വേണ്ട. മനസ്സുഖം അത് കുറച്ച് കൂടുതലായിക്കോട്ടേ എന്ന പ്രാർത്ഥന മാത്രം.

അപ്പോ ഏവർക്കും മനസന്തുഷ്ടിനിറഞ്ഞ ആരോഗ്യപൂർണ്ണമായ പുതുവർഷാശംസകൾ നേരുന്നു.

Wednesday, December 24, 2014

ഏവരിലും *നന്മ* ജനിക്കട്ടെ...



"ജിങ്കിൾ ബെൽസ്സ് ...ജിങ്കിൾ ബെൽസ്സ്" ലോകമെങ്ങും *ക്രിസ്തുമസ്സ്* ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്.

*ക്രിസ്തുമസ്സ്*, ഒരു വർഷത്തെ ആഘോഷങ്ങളോടെ ആകെ മൊത്തം പടിയിറക്കമാണ്. 'ക്രിസ്തുമസ്സ്' ആഘോഷിക്കു ന്നതിനെപറ്റി പലതരം വാദഗതികൾ നിലനിൽക്കുന്നുണ്ടെങ്കിലും നല്ലതിനെ മാത്രം നമുക്ക് സ്വീകരിക്കാം. അണുകുടുംബ വ്യവസ്ഥിതി ആണെങ്കിൽപ്പോലും കഴിവതും കുടുംബത്തിലുള്ളവരെല്ലാം ഒത്തുകൂടുന്നു.നാടിൻ ഓർമ്മ തത്തിക്കളിച്ചു വരുമെങ്കിലും പ്രവാസികളും അവരവരുടെ സാഹചര്യത്തിനനുസരിച്ച് എല്ലാം മറന്ന് ക്രിസ്തുമസ്സ് അടക്കം നല്ല ദിനങ്ങളെല്ലാം നല്ല രീതിയിൽ കൊണ്ടാടുന്നു. കരോൾ ഗാനങ്ങളും, ക്രിസ്തുമസ്സ് ട്രീയും, നക്ഷത്രക്കൂട്ടങ്ങളും, ക്രിസ്തുമസ്സ് അപ്പൂപ്പനും നിറഞ്ഞ് നിൽക്കുന്ന രാവുകൾ. പുതുവർഷത്തെ സ്വീകരിക്കുന്നതിന് മുൻപേ, ശാന്തിയും സമാധാനവും നിലനിർത്തിക്കൊണ്ടുള്ള ആഘോഷം.

ആഘോഷങ്ങളിൽ മാത്രമൊതുങ്ങാതെ, ചുമ്മാ കാണിച്ചുകൂട്ടലുകൾ മാത്രം ആകാതെ പരസ്പരം സ്നേഹിക്കാൻ, മനസ്സിലാക്കാൻ കഴിയുന്ന മനസ്സുകളുടെ ദിനമായ് മാറട്ടെ ഏവരിലും ഈ *ക്രിസ്തുമസ്സ്*

Sunday, December 21, 2014

രോദനം...ആശ്രിത രോദനം.


ഏവർക്കും നാട് തന്നെ ആണ് ഇഷ്ടം. പക്ഷേ ഞാനടക്കം ലോകമെമ്പാടുമുള്ള പ്രവാസികൾ ഇവിടെ എത്തിയത് പിറന്ന നാടിനോട് സ്നേഹമില്ലാത്തത് കൊണ്ടല്ല. ഇവിടം ഇഷ്ടപ്പെട്ട് വന്നു നിൽക്കുന്നതുമല്ല. പലർക്കും പലതാണ്കാരണങ്ങൾ. സാമ്പത്തികം, ജോലി അതൊക്കെത്തന്നെയാണ്‌ പ്രധാന കാരണങ്ങൾ. അവനവന്റെ മേഖലക്ക് ഇണങ്ങിയതും അല്ലാത്തതുമായ തൊഴിലായിരിക്കാം ഇവിടെ ചെയ്യേണ്ടി വരുന്നത്. നാടിനെ അപേഷിച്ച് കുറച്ചെങ്കിൽ കുറച്ച് കൂടുതൽ ഇവിടെ ലഭിക്കും എന്നതിനാലാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്. പിന്നീട് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായ് പോരുത്തപെട്ട് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കി തിരികെ നാട്ടിലെത്തണം എന്ന് വിചാരിക്കുന്നു.. പക്ഷേ സാഹചര്യങ്ങൾ തിരിച്ചു പോക്ക് കുറച്ച് കഠിനമാക്കി മാറ്റുന്നു ... വെറുതെ പറയുന്നതല്ല...കാരണം പലതുണ്ട്. ഉദാഹരണം എന്നിൽ നിന്ന് തന്നെ തുടങ്ങാം.

ഞാൻ, ഒരു 4 സ്റ്റാർ ഹോട്ടലിന്റെ " HR " വിഭാഗം കൈകാര്യം ചെയ്യുന്ന മുദീർ ആണ്. ചൊള പറയത്തക്ക ഇല്ലെങ്കിലും ജോലി ഉഷാർ . വെറുതെ വീട്ടിൽ ചൊറിയും കുത്തി ഇരുന്ന് ശീലമില്ലാത്തത് കൊണ്ടാണ് കിട്ടിയ ജോലി നിയമം അനുവദിക്കുന്നില്ല എങ്കിലും 1 വർഷമായി ചെയ്തോണ്ടിരിക്കുന്നത്. പക്ഷേ ആ ഇരിപ്പിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഞാൻ ഓടി.....എന്നെ അടക്കം ന്റെ ഭാര്യയേയും സംരഷിക്കാൻ. "അലി..അലി കല്ലിം വിജീഷ്.. റോ ഫോഗ്" ഹോട്ടൽ മുതലാളിയുടെ ശബ്ദം മുഴങ്ങുന്നു. "ഓടിക്കോ വിജീഷേ.... മക്തബ് അമൽ വന്നിട്ടുണ്ട്" എന്ന് അലിഭായ്. അങ്ങനെ ഞാനും കൂടെ അലിഭായിയും പോരാത്തതിന് സിൻജോയും മുകളിൽ കഫെറ്റീരിയയി ലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പ്രസാദും. ( സിൻജോക്കും പ്രസാദിനും ഓടേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് അറിഞ്ഞത് ) . പറയത്തക്ക ചെക്കിംഗ് ഒന്നും ഉണ്ടായില്ല എന്നാലും ഒന്നൊന്നര മണിക്കൂർ 'ഗോലി' കളിച്ച് ഞങ്ങൾ സമയം കളഞ്ഞു. തിരിച്ചിറങ്ങി വന്നപ്പോൾ മുദീർ ചോദിക്കുവാ എന്തിനാണ് ഓടിയതെന്ന്..ഹും.. നല്ല കഥ...ഞാൻ ഓടിയില്ലെങ്കിൽ കാണാമായിരുന്നു..അടുത്ത ദിവസം തന്നെ കുടുംബം അടക്കം നാട്ടിൽ എത്തിയേന്നെ. അപ്പോ ജോലി ചെയ്തതിന് കുറ്റം പറയാൻ നൂറാളുകൾ നിരന്ന് നിൽക്കും...ജോലി എടുക്കാതെ ഇരുന്നാൽ അതിനു വേറെ ഭാഷ്യവും ഉണ്ടാകും. എന്തായാലും പേടിച്ചു വിറച്ച് തന്നെ ആണ് ആശ്രിതർ ദേ ഇതുപോലെ ആസനം ഊന്നി ജോലി എടുക്കുന്നത്.

എല്ലാവരും പറയുന്നു ഓടി ഇങ്ങു പോരേ ജോലി ഒക്കെ നമുക്കിവിടെ നോക്കാം എന്ന്... കേൾക്കുമ്പോൾ സന്തോഷമുള്ള കാര്യം തന്നെ. smile emoticon : D പലരോടും പറഞ്ഞിരുന്നു വാക്കാലേ കൂടാതെ നുമ്മടെ എട്ട് പത്ത് വർഷത്തെ പ്രവർത്തനപരിചയ കടലാസുകളും അയച്ചു കൊടുത്തിരുന്നു. പക്ഷേ...എന്താന്നറിയില്ല. എന്റെ സുഹൃത്തായ അനൂപ്‌ മാത്രം ഉടനടി മറുപടി തന്നു....പക്ഷേ ശമ്പളക്കുറവ് അയതിനാൽ പുറകോട്ട് വലിഞ്ഞു. ചുമ്മാ വന്ന് നിന്നാൽ ജോലി കിട്ടുന്ന കാലമൊക്കെ കഴിഞ്ഞു അതുകൊണ്ട് ഒന്ന് മുട്ടിച്ച് കൊടുക്കാൻ ആളുണ്ടെങ്കിലേ കാര്യമുള്ളൂ.

അതുകൊണ്ട് ആയിരത്തിൽ അധികം വരുന്ന എന്റെ എല്ലാ മുഖപുസ്തക കൂട്ടുകാരോടും മനസ്സ് തുറന്ന് വീണ്ടും ഒരു കാര്യം അങ്ങ് തീർത്ത്‌ പറഞ്ഞേക്കാം. ഏവരും മനസ്സ് വെച്ച് ഞാനടക്കമുള്ള ആശ്രിതർക്ക് നല്ലൊരു ജോലി നമ്മുടെ നാട്ടിൽ തന്നെ ശരിയാക്കിത്തരുക. പലരും മടിക്കും പറയാൻ..പക്ഷേ എനിക്ക് മടിയില്ല ചോദിക്കാൻ. അപ്പോൾ എല്ലാം പറഞ്ഞപോലെ ..രോദനത്തിന് ശമനം ഉടനടി ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസം നിലനിർത്തിക്കൊണ്ട് തൽക്കാലം നിർത്തുന്നു. 

Sunday, December 14, 2014

കല്ല്യാണം - ന്യൂ ജനറേഷൻ ടോക്ഷോ


ഇന്നലത്തെ ഒരു ടോക്ഷോയിൽ ഒരു ന്യൂ ജനറേഷൻ 'കുരു' പറയുവാ കല്ല്യാണം എന്ന് പറയുന്നത് ഒരു അഡ്ജസ്റ്റ്മെന്റാണെന്ന്. വേറൊരു ന്യൂ ജനറേഷൻ 'കെളവി' പറയുവാ താലി എന്നത് അറപ്പാണ്.. പെണ്ണുകാണൽ ചടങ്ങ് അരോചകമാണെന്ന്. എന്താല്ലേ???

ഈ പൊട്ടിക്കാളീകളും കാളന്മാരും എന്തിന് വേണ്ടിയാണോ ഈ കൊലവെറി നടത്തുന്നത്. അഴിഞ്ഞാടാനുള്ള ലൈസൻസ് നേടാനോ? എന്തായാലും അഡ്ജസ്റ്റ്മെന്റാണെന്ന് പറഞ്ഞ കുരുവിന്റെയും അതിനെ താങ്ങിയവരുടെയും, താലി, പെണ്ണ് കാണൽ ഇവക്കെല്ലാം എതിര് നിന്നവരുടെയും അച്ഛനമ്മമാരുടെയും ബന്ധുമിത്രാദിക ളുടെയും സുഹൃത്തുക്കളുടെയും എല്ലാം മനസ്സ് ഒന്ന്പെടച്ചിട്ടു ണ്ടാവും. ഇല്ലെങ്കിൽ ഒരേ തൊഴുത്തിൽ കെട്ടാം ഏവരെയും..

നാലാളറിഞ്ഞുള്ള കല്ല്യാണം പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം അങ്ങനെ വേണംഎന്നതാണ് എന്റെ ഒരു ഇത്.. നിങ്ങളുടെയോ??

Thursday, December 11, 2014

പ്രണാമം ഭാരത്തിന്റെ ധീരജവാന്മാർക്ക്...


അവരുടെ കണ്ണുനീർ തോരില്ല എന്നറിയാം...നഷ്ടം നഷ്ടം തന്നെയാണ്.. എങ്കിലും ആവശ്യമില്ലാത്ത വാർത്തകൾക്ക് പുറകെ പായാതെ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം രാജ്യത്തിന്‌ വേണ്ടി ജീവൻ ത്യജിച്ചവരെ ഒന്നോർക്കാം അവരുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കാം.

എന്തും നേരിടാൻ സുസജ്ജവും സാമ്പത്തിക ശക്തിയുമായ ഭാരതം എന്തിന് മടി കാണിക്കുന്നു...ക്ഷമയുടെ നെല്ലിപ്പലകയെല്ലാം ദ്രവിച്ച് ഇല്ലാതായിരിക്കുന്നു. ശക്തമായി നേരിടണം....പ്രസ്താവനകൾ വെറും വാക്കുകളായ് ഒതുക്കരുത്.. ഒരു ജവാന്റെ പോലും ജീവൻ ഇനി നമുക്ക് നഷ്ടമാവരുത്...ആ വിധത്തിൽ ധീരമായ നിലപാട് കൈക്കൊളേളണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രണാമം ഭാരത്തിന്റെ ധീരജവാന്മാർക്ക്...

Wednesday, December 3, 2014

വേദനയുടെ "ക്വാക്ക് ക്വാക്ക്" ശബ്ദം


വല്ലപ്പോഴും കോഴിയും മീനും താറാവും ഒക്കെ കഴിക്കുന്ന ആളാണ് ഞാൻ. ആരെങ്കിലും പാകം ചെയ്ത് വെച്ച് വിളമ്പിയാൽ സ്വാദുണ്ടെങ്കിൽ നല്ല പോലെ ആസ്വദിച്ച് കഴിക്കും. കൊന്ന പാപം തിന്നാൽ തീരും എന്നാണല്ലോ പക്ഷേ ഒന്നിനെയും ഞാൻ കൊന്നിട്ടില്ല അപ്പോൾ എന്റെ പാപം ഏതിൽപ്പെടും അതെന്നിൽ തന്നെ നിൽക്കുമോ അതോ തീരുമോ? ഓ അതെന്തെങ്കിലും ആകട്ടെ.

കപ്പയും കോഴിക്കറിയും മതി...ഞങ്ങളെല്ലാം അങ്ങനെ ബിജുഎട്ടന്റെ വീട്ടിൽ ഒത്തുകൂടി...ഞായറാഴ്ചകളിൽ അധിക സമയവും ബിജുഎട്ടന്റെയും സുശാന്തിന്റെയും വീട്ടിൽ ആയിരിക്കും..കപ്പ പാകമായിക്കൊണ്ടിരിക്കുന്നു.. പപ്പും പൂടയുമെല്ലാം മാറ്റി വൃത്തിയാക്കി വെച്ചിരിക്കുന്ന കോഴിയെ ബിജുഏട്ടൻ കയ്യിലെടുത്തു എന്നിട്ടെന്നെ നോക്കി "ഡോ ഡബിളേ ദേ ഈ കോഴിയെ ഒന്ന് നേരെയാക്കാൻ കൂടിക്കേ" ബിജു ഏട്ടന്റെ നീട്ടിയുള്ള ആ പറച്ചിലിന് വല്ലാത്ത ഒരറപ്പ് കാണിച്ച് കൊണ്ട് 'അയ്യേ...എനിക്ക് വയ്യ' എന്ന് ഞാൻ. "പെട്ടെന്ന് വെച്ച് വിളമ്പി തന്നാൽ ഞണ്ണാമല്ലോ അല്ലേ" ആരാദ് എന്ന് നോക്കുമ്പോൾ മ്മടെ രാജീവേട്ടൻ.. ഒരിളിഭ്യച്ചിരിയോടെ "പിന്നെന്താ" എന്ന് പറഞ്ഞ് വെട്ടി വിഴുങ്ങാൻ റെഡി ആയി ഞാനിരുന്നു. പറയുന്നതൊന്നും കേൾക്കാതെ സ്വാദോടുകൂടി കിട്ടിയതങ്ങ് കഴിച്ചു തീർത്തു.


സഹതാപം, അറപ്പ് ഇവയൊന്നും കഴിക്കുമ്പോൾ തോന്നിയിട്ടില്ല അന്നും ഇന്നും പക്ഷെ ചില രംഗങ്ങൾ നമ്മളിലേവരിലും വേദന സൃഷ്ടിക്കാറുണ്ട് ഈയിടെ നടന്ന പക്ഷിപ്പനിനിവാരണം ഒരുദാഹരണം. കൊല്ലുകയാണെങ്കിൽ അങ്ങ് തീർത്തേക്കണം അല്ലാതെ ഇത് ചുമ്മാ പാതി വെന്ത ശരീരവുമായി നീന്തിത്തുടിക്കാൻ വിട്ടത് കുറച്ച് കൂടിപ്പോയി. ചത്ത് വീഴുന്നതും തീനാളം വഹിച്ചോണ്ട് നീന്തുന്നതുമെല്ലാം എടുത്തെടുത്ത് കാട്ടിയുള്ള മാധ്യമങ്ങളുടെ ക്രൂരത അതിലും ഭയങ്കരം. വേദനയുടെ ക്വാക്ക് ക്വാക്ക് ശബ്ദം ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.