Friday, March 20, 2015

"ഓർമ്മകൾ" മധുരവും കയ്പ്പും നിറഞ്ഞത്. സ്കൂൾ കാലഘട്ടത്തിലൂടെ..

അപ്പർ പ്രൈമറിയിലേക്ക്....പുത്തൻ പ്രതീഷകളും പുതു പുത്തൻ കൂട്ടുകാരെയും തേടി എന്ന ബ്ലോഗിന്റെ തുടർച്ചയാണ്. കുസൃതിത്തരങ്ങളും കുഞ്ഞുകുഞ്ഞു ഓർമ്മകളിൽ ചിലതുമെല്ലാം കഴിഞ്ഞ ബ്ലോഗിൽ പങ്കുവെച്ചിരുന്നു. പ്രണയത്തെപ്പറ്റി മ്മടെ ലാലേട്ടൻ കാസിനോവയിൽ പറയുന്ന വാക്കുകൾ ഞാൻ ഒന്നൂടെ കേട്ടു. കാരണം ഞാൻ പറയാൻ പോകുന്നത് ആറാം ക്ലാസ്സിലെ എന്റെ ഇഷ്ടത്തെപ്പറ്റിയാണ്‌. അതുകഴിഞ്ഞും ഇഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ മങ്കര സ്കൂളിലെ ആ സുന്ദരിപ്പെണ്ണ്‍ കുറച്ചൊന്നുമല്ല എന്നെ മോഹിപ്പിച്ചത്. പ്രണയം എന്നതെന്തെന്ന് അറിയാതെയുള്ള ആ മോഹം ഇഷ്ടമായ് വളർന്നു. മഞ്ചാടിക്കുരു എന്ന സിനിമ ശരിക്കും എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. പല രംഗങ്ങളിലും ഞാൻ എന്നെ കണ്ടു. കളിചിരിയും കുസൃതിയുമായി തികഞ്ഞ സ്വാതന്ത്രത്തോടെ ആണ് ഞാൻ എന്റെ കൂട്ടുകാരുമായി ഗ്രാമത്തിൽ പാറി നടന്നത്. അതുപോലെ 1983 എന്ന സിനിമയിലെ സ്കൂൾ കാലഘട്ടം മങ്കര സ്കൂളിലേക്കും കോട്ടയത്തെ ചിന്മയാ വിജ്ഞാന മന്ദിർ സ്കൂളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു..കളി, ചിരി, കുസൃതികൾക്കിടയിൽ പ്രണയവും വന്നുകൂടി. ഇഷ്ടങ്ങളുടെ പേരൊന്നും ഞാൻ പറയുന്നില്ല അത് അനിഷ്ടങ്ങൾക്ക് വഴിയൊരുക്കിയാലോ..

അപ്പോൾ മ്മടെ മങ്കര സ്കൂളിൽ നിന്ന് തന്നെ തുടങ്ങാം. സർ.ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ഗവണ്‍മെന്റ് ഹൈസ്കൂൾ. ആറാം ക്ലാസ്സിൽ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ആ കുട്ടി.. പച്ചപ്പാവാടയും വെള്ള ഷർട്ടും ധരിച്ചു വന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടി ആയിരുന്നു എന്റെ എല്ലാം. ആ ഇഷ്ടം എന്റെ മാത്രം എന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. അത്രക്കും നിഷ്കളങ്കമായിരുന്നു അവളുടെ പ്രവർത്തികൾ, ചലനങ്ങൾ. പക്ഷേ, എല്ലാം എനിക്ക് മാത്രമേ തോന്നിയിരുന്നുള്ളൂ.. ഇങ്ങോട്ട് ഒന്നും ഇല്ലായിരുന്നു എന്ന നഗ്ന സത്യം വൈകാതെ തിരിച്ചറിഞ്ഞു. വിലങ്ങുതടിയായി വന്ന അവളുടെ മുൻ സഹപാഠി എന്റെ എല്ലാ മോഹവും തച്ചുടച്ചു. അവളെപ്പോലെ അവനും പഠിപ്പിസ്റ്റ്.. അപ്പോപ്പിന്നെ പറയണ്ടല്ലോ. എന്തായാലും അവനോട് അടികൂടി സ്വയം നാണം കെടാൻ എന്റെ ആരോഗ്യം എന്നെ അനുവദിക്കില്ല എന്നറിയാവുന്നതിനാൽ കുരുട്ട് ബുദ്ധി ഉപയോഗിക്കാൻ തീരുമാനിച്ചു. ഒരു നെടുനീളൻ ഭീഷണിക്കത്തെഴുതാൻ സഹപാഠിയായ കണ്ണൻ എന്നെ നിർബന്ധിച്ചു. അവനല്ല അവൾക്ക്..കത്തിന്റെ ഏകദേശരൂപം ദോണ്ടേ...

'എന്റെ' അല്ലേൽ വേണ്ട എന്ന് ഞാൻ ഇരുന്നോട്ടെ എന്ന് കണ്ണൻ. അങ്ങനെ എന്റെ എന്നെഴുതിയതിന് ശേഷം കുട്ടിയുടെ പേരെഴുതി. വേണ്ട വേണ്ട എന്ന് വിചാരിച്ചപ്പോ ആഹാ ഇനി മുതൽ നീ എന്നോട് മാത്രം മിണ്ടിയാൽ മതി ട്ടോ..അവനോട് കൂട്ട് വേണ്ട....അവൻ നല്ലതല്ല.. മിണ്ടിയാൽ ...ശരിയാക്കും രണ്ടിനേം ഞാൻ. നിന്നെ എനിക്കിഷ്ടാ അപ്പോ പറഞ്ഞപോലെ എന്നെ മാത്രം ട്ടോ.
അന്നത്തെ ആ ഭീഷണിക്കത്ത് എങ്ങനെയുണ്ട്?? ഹി..ഹി

കത്ത് ചുരുട്ടി അവളിലേക്ക്‌ എറിഞ്ഞതും അവളുടെ ഉറ്റസുഹൃത്തായ തടിച്ചിപ്പാറു തിരിഞ്ഞ് നോക്കിയതും ഒരേ സമയത്ത്... തീർന്നെടാ എന്ന് കണ്ണൻ. നിലത്ത് വീണ കത്തെടുത്ത് ഞങ്ങൾ എഴുതിയ അക്ഷരക്കൂട്ടുകൾ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും 'ഉണ്ട' വായിച്ചു. എന്റെ പെണ്ണടക്കമുള്ള ഫസ്റ്റ്ബെഞ്ചെഴ്സ് എല്ലാം കേട്ടിരുന്നു. അവനാടി എറിഞ്ഞതെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് തടിച്ചിപ്പാറു എന്റെ നേരെ കൈ ചൂണ്ടി. ഞാൻ ഇതാ വിറ. കുറച്ച് കഴിഞ്ഞപ്പോൾ ആ കത്തും പിടിച്ച് എല്ലാം കൂടെ സ്റ്റാഫ് റൂമിലേക്ക്‌ പോയി.. എനിക്കുള്ള വിളി വന്നു..പേടിച്ച് വിറച്ച് ഞാൻ ക്ലാസ്സ് ടീച്ചറുടെ മുന്നിൽ ചെന്ന് നിന്നു. കിട്ടി ചൂടോടെ 2 എണ്ണം. നല്ല ചൂരൽ കഷായം. ദേഷ്യം എല്ലാം തടിച്ചിയോടായിരുന്നു. എറിഞ്ഞ ടൈമിംഗ് തെറ്റിയെങ്കിലും അവളാണല്ലോ ഇവിടം വരെ എത്തിച്ചത്. ഹോ എന്തൊരു നീറ്റൽ.. കൈ കുടഞ്ഞുള്ള എന്റെ വരവ് കണ്ട് തടിച്ചിപ്പാറു അടക്കം ഏവരും ചിരിച്ചു...മന്ദസ്മിതം എന്റെ പെണ്ണിലും ഞാൻ കണ്ടു. പിറ്റേ ദിവസം മുതൽ ഇന്റർവെൽ സമയത്തും മറ്റും ഈ പെണ്‍ഗ്യാങ്ങിനെ ക്ലാസ്സിന് വെളിയിലിറക്കാതെ തടഞ്ഞ് നിർത്തും. സത്യത്തിൽ ഒന്നിന് പോകാൻ പോലും വിടില്ലായിരുന്നു. പക്ഷേ കയ്യൂക്കിന്റെ (തടിച്ചിപ്പാറൂന്റെ) ബലത്തിൽ ഞങ്ങളെ തട്ടിമാറ്റി അവർ മുന്നോട്ട്.. അതുപോലെ അവധി ദിനങ്ങളിൽ വല്ലപ്പോഴും അവളുടെ വീടിന് മുന്നിലൂടെ കൂട്ടുകാരുടെ കൂടെ ഒരു സൈക്കിൾ സവാരി . കുരുത്തക്കേടിന്റെ അങ്ങേയറ്റം. എല്ലാം വീണ്ടും പ്രശ്നമാകും എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് പെണ്ണിന് ഇഷ്ടക്കേടുണ്ടാകും എന്ന് മുൻകൂട്ടിക്കണ്ട് അങ്ങ് നിർത്തി.

ദേഷ്യം എന്ന വികാരത്താൽ ആരെയും നശിപ്പിക്കാൻ സാധിക്കില്ല പക്ഷേ അത് സ്വയം നമ്മളെ നശിപ്പിക്കും എന്ന വാക്യം ദിലീപ് സാർ ഒരു ക്ലാസ്സിൽ പറഞ്ഞതും ഞാൻ ഓർത്തു....ഇന്നും ഓർക്കുന്നു.. അതിനാൽ....ദേഷ്യം നിയന്ത്രിക്കുന്നുണ്ട് എങ്കിലും എന്നിലെ ക്ഷമ നിയന്ത്രണാതീതം എന്നാണ് ഇപ്പോഴത്തെ ഒരു അപശ്രുതി. അത് കുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടത്രെ .. സാരമില്ല..അതങ്ങനെ തന്നെ പോട്ടെ .ഏവരോടും കൂട്ട് കൂടാൻ തുടങ്ങി. പക്ഷേ ഇഷ്ടത്തെ ഇഷ്ടമായ് തന്നെ മനസ്സിൽ നിർത്തി. ഹൈസ്കൂളിലെത്തി ക്രിക്കറ്റ് കളിയാൽ പഠനം കുറച്ച് ഉഴപ്പി... അവധി ദിവസങ്ങൾ എല്ലാം വെള്ളറോട്ടെ ചെക്കന്മാരുമായ് മാച്ചുണ്ടാവും. ഒരു നോട്ട്ബുക്ക് ഞങ്ങൾ അതിനുവേണ്ടി തയ്യാറാക്കുമായിരുന്നു. ആരൊക്കെ ഓപ്പണിംഗ് ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡിങ് പോയിന്റ്‌, സ്കോർ കാർഡ് അങ്ങനെ എല്ലാം അതിലുണ്ടാകും. ഫീൽഡിങ് അത്രയേറെ ഇഷ്ട്ടമായിരുന്ന എനിക്ക് പ്രചോദനം അസ്സഹ്റുദ്ദീനും ജോണ്ടിറോഡ്സ്സും ആയിരുന്നു. കളിയും ചിരിയും പഠനവുമായ് ദിനങ്ങൾ കടന്ന് പോയ്‌. എട്ടാം ക്ലാസ്സിലെ വിജയത്തിന് "വി ഗൈഡിന്" നന്ദി പറയുന്നു. അത് നോക്കിയുള്ള കോപ്പിയടിയും കൂട്ടുകാരുടെ സഹായവും ഇല്ലായിരുന്നേൽ എട്ടിൽ എട്ടു നിലയിൽ പൊട്ടിയേന്നെ.

പെട്ടെന്നൊരു ദിവസം ഞാനറിഞ്ഞു ഞങ്ങളെ ഏവരെയും അച്ഛൻ കോട്ടയത്തേക്ക് കൊണ്ടുപോവുകയാണെന്ന്. ആ ഒരു പറിച്ചുനടൽ ഉള്ള് വേദനിപ്പിച്ചു.. കൂട്ടുകാരെയും സ്വന്തം ഇഷ്ടത്തെയും,അമ്മൂമ്മ, അമ്മാവൻ, അമ്മായി അങ്ങനെ എല്ലാവരെയും പിരിഞ്ഞ്...

ഏവരോടും യാത്ര പറയാൻ സ്കൂൾ അങ്കണത്തിൽ..എന്റെ ക്ലാസ്സ് മുറിയിൽ. എല്ലാവരുടേയും നോട്ടത്തിനിടയിൽ എന്റെ ഇഷ്ടത്തിന്റെ കണ്ണ് ഇടറുന്നത് കണ്ടു. തലയാട്ടി ശരി എന്ന് സമ്മതം തന്നു. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ആ സമ്മതം എനിക്ക് സന്തോഷം നൽകി. യാത്ര പറഞ്ഞിറങ്ങി. എന്റെ മാത്രം ആകും എന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ..എന്തോ പിന്നീട് ആ ഇഷ്ടത്തെ കണ്ടുമുട്ടാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു കല്യാണമൊക്കെ കഴിഞ്ഞ് കുഞ്ഞുകുട്ടി കുടുംബമായ് സുഖമായി ജീവിക്കുന്നൂന്ന്.നല്ലത്.

അച്ഛന്റെ പ്രിയസുഹൃത്ത് കൊച്ചാരി മാമൻ കാറുമായ്‌ വന്നു. പിറ്റേദിവസം ഞങ്ങൾ യാത്ര തിരിച്ചു അക്ഷരനഗരിയായ കോട്ടയത്തേക്ക്...

No comments:

Post a Comment