Friday, May 29, 2015

മരണമേ....നീ എന്ന സത്യം!!

മരണത്തെപ്പറ്റി ചിന്തിക്കാത്തവരുണ്ടോ? അവരവരുടേതായ രീതിയിൽ ഒന്നിരുത്തി അങ്ങട് ചിന്തിച്ചോള്യാ.

വെറുതെ ഇരിക്കുമ്പോളൊക്കെ ഞാനടക്കം ഏവരും മരണത്തെ ഓർക്കാറുണ്ട്‌ എന്നത് സത്യം. നമ്മുടെ അസാന്നിധ്യം ആരെയൊക്കെ വേദനിപ്പിക്കും എന്നത് ഓർത്ത് ആരും കാണാതെ കണ്ണീർ വാർത്തിട്ടുമുണ്ട്.

നമ്മുടെ വീട് കൂട്ടുകാരെയും, ബന്ധുജനങ്ങളേയും കൊണ്ട് നിറയും.... പ്രാർത്ഥനാ നിർഭരമായ അന്തരീഷം....
നമ്മെ നോക്കി, നമ്മളെ ഓർത്ത് കണ്ണീർ വാർക്കുന്ന അമ്മയുടെ, ഉറ്റവരുടെ വ(സ്തം ആ ഉപ്പുനീരാൽ നനഞ്ഞ്‌ കുതിരുന്ന ദിനം...
ഉറ്റ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം....
ഉറക്കമൊളിച്ച് കട്ടൻകാപ്പി മൊത്തിക്കുടിച്ചും ചിലയിടങ്ങളിൽ വെള്ളമടിച്ചും തള്ളി നീക്കുന്ന ദിനം..
നമ്മുടെ ശരീരം പൊതിയാൻ വെള്ളക്കോടി തിരയുന്ന ദിവസം...
ഞാൻ നിത്യം ഉപയോഗിക്കുന്ന ഫോൺ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം....
ഞാൻ ഇടക്ക്‌ മാത്രം ഉപയോഗിക്കുന്ന "പ്രാർത്ഥനാ ഗ്രന്ഥങ്ങൾ " മാത്രം എന്നോട്‌ പരിചയം നടിക്കുന്ന ദിവസം....
നാം വാങ്ങിയ പുതു വസ്ത്രങ്ങൾ ഹാങ്ങറിൽ ഞാണ് കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം...
നമ്മെ കാണാൻ ഏവരും തിക്കും തിരക്കും കൂട്ടുന്ന ദിവസം....
നാമേവരെയും വെറും ജഡമെന്ന് എന്ന് പറയുന്ന ദിവസം....
ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തിൽ ഗരന്റിയും വാറന്റിയും ഉള്ള വസ്തുക്കൾ മാത്രം വാങ്ങിക്കൂട്ടി ഒടുവിൽ നമ്മുടെ ഗാരന്റി തീർന്ന ദിവസം.....

ഒടുവിൽ....

നിത്യം ഉപയോഗിക്കുന്ന സോപ്പ്‌ കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്‌... മുടി ചീകാതെ... പൊതിഞ്ഞു കെട്ടി വയ്ക്കുന്ന ദിനം.
വായ്ക്കരിയിടൽ...പട്ടുപുതക്കൽ.... കർമ്മകോലാഹലങ്ങൾ അരങ്ങേറും ദിനം...
വീട്ടുവളപ്പിൽ കത്തിയെരിയാൻ കൊതിച്ച നമ്മെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോകും ദിനം...
സ്വന്തം വാഹനത്തിലേറുന്നതിന് പകരം നിലവിളി ശബ്ദ ശകടത്തിലേറും ദിനം....
വീട്ടിനുള്ളിൽ നിലവിളിയുടെ തേങ്ങലുകൾ അലയടിക്കുന്ന വല്ലാത്ത നിമിഷം....

പിന്നെ....

പിന്നെ ആ എരിഞ്ഞടങ്ങൽ.. ഹോ.
ഏ സി ഉള്ള റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മെ തീച്ചൂളയിലേക്ക് തള്ളി വിടും ദിനം ...

കഴിഞ്ഞില്ലെ എല്ലാം??
മിനിട്ടുകൾക്കകം വെറും ചാരമായ് മാറും നാം.... പുണ്യനദികളിലലിഞ്ഞു ചേരും.

പിന്നെ...പതിയെ ഏവരും മറക്കും...
ഏവർക്കും നാം ഓർമ്മ മാത്രമാകും, ചുമരിൽ തൂങ്ങിയാടും വെറും ചിത്രമായ്‌ മാറും.

ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടിയെത്തുന്ന സത്യമാണ് മരണം. ആ സത്യത്തിലേക്കുള്ള യാത്രയാണ് ജീവിതം.
നന്മ ചെയ്യുക...നല്ല സൗഹൃദങ്ങൾ നിലനിർത്തുക.
ഏവരേയും സ്നേഹിക്കുക...
ആരേയും വേദനിപ്പിക്കാതിരിക്കുക...
കാരണം ആ വല്ലാത്ത ദിവസം വന്നാൽ ഒന്ന് മാപ്പ്‌ ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞൂന്ന് വരില്ല.....

ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച്‌ നോക്കൂ....
കഴിയുന്നില്ലേ നമുക്ക്‌... ആ ദിവസത്തിന്റെ മണം നുകരാൻ....
ഇല്ലേൽ കഴിയണം.

കടപ്പാട്: കണ്ണൻ പുത്തൻപറമ്പിൽ 

No comments:

Post a Comment