Wednesday, May 13, 2015

ചുമ്മാതല്ല പഹയാ.. അന്തസ്സായി നോക്കിനിന്നിട്ടാ !!


തല്ലാൻ കൂലിക്ക് ആളെ കിട്ടും പക്ഷേ, കൂലിക്ക് ചുമ്മാ കയ്യും മടക്കി നോക്കി നിൽക്കാനോ ?? റെഡി. ഒരാളല്ല ഒരു പ്രസ്ഥാനം തന്നെ.

സംഭവം മ്മടെ പാലക്കാടിനടുത്ത് കുഴൽമന്ദത്ത് മ്മടെ ഒരു സുഹൃത്തിന് നേരിട്ട അനുഭവം.. ചെറുതായി തോന്നാം എങ്കിലും കാശിന്റെ വില അറിയുന്നവനെ സംബന്ധിച്ച് ഇരുട്ടടി തന്നെ എന്ന് പറയാം. ആറ്റുനോറ്റ് ഒരു വീട് പണിതു ചങ്ങായി, അവസാന മിനുക്കുപണിയെന്നോണം മേസ്തിരി മൂപ്പൻ പറഞ്ഞ പ്രകാരം കാർ പോർച്ചിലേ ക്ക് കുറച്ചു ടൈൽസ്സ് വാങ്ങി തന്റെ സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് വരുകയാണ്. വീടിനടുത്തുള്ള ജങ്ങ്ഷൻ കഴിഞ്ഞപ്പോൾ മുതൽ കുറച്ച് യൂണിഫോം ധാരികളായ (വിത്ത്‌ തോർത്ത്) തടാതടിയന്മാർ ബൈക്കിൽ പുറകേ..അവരെ ശ്രദ്ധിക്കാതെ കൊണ്ടുവന്ന ടൈൽ ബോക്സെല്ലാം അവൻ ഒറ്റക്കിറക്കി.. പതുക്കെ വീടിനകത്ത് കയറാൻ ശ്രമിക്കവേ തുരുതുരാ ഹോണടി... നോക്കിനിൽപ്പുകാരുടെ വിഷമം എന്തെന്ന് അവന് മനസ്സിലായി. 500 എടുത്തോ എന്ന മട്ടിൽ അവർ ആംഗ്യം കാണിച്ചു. "എന്റെ ചേട്ടന്മാരെ ന്യായം ഉണ്ടെങ്കിൽ തന്നേനെ ഇത് എന്നാ കൂത്താ .. ചുമ്മാ പിള്ളേര് കളിക്കുവാണോ". ആ ചോദ്യം ചോദിച്ചു തീർന്നില്ല എന്റെ ചങ്ങായിയുടെ ഓട്ടോക്കിട്ടൊരു തൊഴി, അടുത്തു കിടന്ന കമ്പിപ്പാര എടുത്ത് ഓട്ടോയുടെ ചില്ല് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു...തനി ഗുണ്ടായിസം. 

"We are not beggars" എന്ന മ്മടെ ജയേട്ടന്റെ ആ വാക്കുകളെ, തന്റെ തൊഴിലിനെ ഒട്ടും വിലവെക്കാതെ മാന്യത കൊടുക്കാതെയുള്ള ഗുണ്ടായിസം. 
കാശ് തന്നില്ലെങ്കിൽ നീ അനുഭവിക്കും എന്നൊക്കെ ഭീഷണി...പ്രശ്നം വഷളാവണ്ടാന്ന് കരുതി മ്മടെ ചങ്ങായി പോക്കറ്റിൽ ആകെയുണ്ടായിരുന്ന 700 രൂപയിൽ നിന്നും 500 കൊടുത്തു. അപ്പോ ശരി ഏട്ടാ പിന്നെ കാണാമെന്ന് പറഞ്ഞ് നോക്കുകൂലികൾ സ്ഥലം വിട്ടു.നാം തന്നെ കഷ്ടപെടുക കൈയ്യും കെട്ടി നോക്കി നിൽക്കുന്നവന് കൂലി കൊടുക്കേണ്ടി വരുക എന്തൊരു അവസ്ഥ.  എല്ലാ ചുമട്ട് തൊഴിലാളികളേയും കാടടച്ച്‌ കരിവാരി തേച്ചതല്ല...എന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചൂന്ന് മാത്രം.
"ജനങ്ങളെ മൊത്തം വിറ്റ് കാശാക്കുന്ന പടുമരങ്ങൾ ഭരണസിരാകേന്ദ്രത്തിൽ വിലസ്സുമ്പോൾ ഈ പാവം ചോട്ടാ ഗുണ്ടകളെ എന്നാ പറയാൻ??? പറഞ്ഞതിന് കിട്ടി... അതുകൊണ്ട് കൊടുത്തോഴിവാക്കീന്ന്" ചങ്ങായിയുടെ ആത്മഗതം!!




No comments:

Post a Comment