Tuesday, March 10, 2015

"നാടും നാട്ടാരും നീണാൾ വാഴട്ടെ"

സഹകരിച്ചിരുന്നെങ്കിൽ കൊല്ലില്ലായിരുന്നത്രേ. മൃഗീയമായി കൊലപ്പെടുത്തിയവന്റെ വാക്കുകളാണിത്.ലോകത്തിന് മുമ്പാകെ ഇങ്ങനെ 'നിർഭയ' ത്തോടെ പുലമ്പിയ ഇവന് മാപ്പില്ല. ഇത്തരം വൈകൃതങ്ങൾ കാണിക്കുന്നവരെ മൃഗീയമായി തന്നെ ശിക്ഷിക്കണം. എല്ലാം കണ്ടും കേട്ടും നിയമം വെറുതെയിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും ഇത്തരം വൈകൃതങ്ങൾ തുടർക്കഥയാകുന്നു. ജനങ്ങൾക്ക്‌ പ്രതീക്ഷ ഇല്ലാതാകുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലും നടന്നു ഒരു അരുംകൊല... കാപ്പ ചുമത്തിയത്രേ..കാപ്പ. ഒരു കോപ്പും നടക്കാൻ പോകുന്നില്ല. അവന്റെ 'ചന്തി' കഴുകാൻ കോപ്പയുമായ് നടക്കുന്ന രാഷ്ട്രീയക്കാരുടെ ഈ കാപ്പ ചുമത്തൽ വെറും പ്രഹസ്സനം.അവൻ ഇനിയും നെഞ്ച് വിരിച്ച് ഇവിടെ തോന്ന്യാവാസം നടത്തും. നിയമവും ഭരണകർത്താക്കളും കൂട്ടും നിൽക്കും. നഷ്ടത്തിൻ വേദന നഷ്ടപ്പെട്ടവർക്ക് മാത്രം സ്വന്തം. ഭരണ സിരാകേന്ദ്രങ്ങളിൽ ഇരിക്കുന്നവർ ലക്ഷങ്ങൾ കൊടുത്ത് ഉറ്റവരുടെ വായടപ്പിച്ചു. കൊലപാതകിയുമായി സുഖലോലുപരായ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ. കഷ്ടം. എല്ലാം കണ്ടും കേട്ടും ഇരിക്കുക എന്നല്ലാതെ ഈ സമ്മതിദാന കഴുതകൾക്ക് ഒന്നും ചെയ്യാനില്ല...പക്ഷേ, നോക്കുകുത്തിയായ് കൊല നോക്കി കണ്ട് ഗംഭീര മാദ്ധ്യമവിവരണം നടത്തി സാക്ഷികൾ..ത്ഫൂ. നട്ടെല്ലില്ലാത്ത സാക്ഷികൾ.

ആഴ്ചയിൽ ഒന്നരാടം ഉള്ള രാഷ്ട്രീയ പക പോക്കലുകൾ..ആർക്കും ആരെയും കൊല്ലാം, ബന്ധത്തിന് വിലകൊടുക്കാതെ പീഡിപ്പിക്കാം, തെരുവിലെറിയാം ആരും ചോദിക്കില്ല..ഒന്നോ രണ്ടോ ദിവസം എല്ലാം വാർത്തകളിൽ നിറയും..മാദ്ധ്യമങ്ങൾ അവരുടെ തനിനിറം ജനങ്ങളിൽ കുത്തിനിറയ്ക്കും. അടുത്ത ഹോട്ട് ന്യൂസ്‌ വരുമ്പോൾ വാല് മുതൽ തല വരെ അതിന്റെ പുറകേ പോകും. ഈ ഗ്യാപ്പിൽ കഥയിലെ നായകന്മാർ/ നായികമാർ പണമെറിഞ്ഞ് പുറത്തിറങ്ങും...അടുത്ത അങ്കം കുറിക്കും. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കുറ്റകൃത്യങ്ങൾ....എല്ലാ അന്വേഷണ പരമ്പരകളിലും കൃത്രിമത്വം. ജനങ്ങളെ വഞ്ചിച്ച് പൊറാട്ടുനാടകം നടത്തുന്ന ഭരണ പ്രതിപക്ഷ കൂട്ടാളികൾ. എന്നെ തല്ലണ്ടാ നാന്നാവൂല്ല എന്ന ലൈൻ..കഷ്ടം തന്നെ.

നമ്മുടെ നിയമം/ ഭരണ വ്യവസ്ഥ തന്നെ ആണ് ഇത്തരം വൃത്തികേടുകൾക്ക് കൂട്ട് നിൽക്കുന്നത് എന്നത് ദു:ഖകരം. തീർപ്പ് കൽപ്പിക്കാൻ ഭരണകർത്താക്കൾക്കും താൽപ്പര്യമില്ല. ഭരണഘടന ഭരണകർത്താക്കൾക്ക്‌ മാത്രം ഉണ്ടാക്കപ്പെട്ടതാണോ? അതോ ജനങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതോ?

ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കുന്നില്ല എങ്കിൽ നിയമസംഹിതയും ഭരണസംവിധാനവും എല്ലാം പോളിച്ചെഴുതണം. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ഭരണകർത്താക്കൾ ഒന്നടങ്കം അതിനുവേണ്ടി പ്രവർത്തിക്കണം. സമ്മതിദായകർ വെറും കഴുതകളല്ല എന്നത് മനസ്സിലാക്കി, മാറി മാറി ഭരിച്ച് സ്വന്തം കീശ വീർപ്പിക്കാതെ നാടിനേയും നാട്ടാരെയും നന്നാക്കുകയാണ് വേണ്ടത്.

No comments:

Post a Comment