Tuesday, March 10, 2015

ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും. ഹായ്...ഹായ്


ഞാൻ ബീഫ് വല്ലപ്പോഴും കഴിക്കുന്ന ആളാണ്‌. 'പൂർണ്ണമായ നിരോധനം' എന്നതിനെ ഞാൻ പിന്തുണക്കുന്നില്ല. കേന്ദ്രസർക്കാർ നിരോധനവുമായി വന്നു എന്നത് ശരി തന്നെ... പക്ഷേ, ഈ മിണ്ടാപ്രാണികളെ കെട്ടിവലിച്ച് ക്രൂരമായി ലോറികളിലും മറ്റും തിരുകികയറ്റി കൊണ്ടുപോകുന്നതും, കണ്ണിൽ ചോരയില്ലാതെ കൊല്ലുന്നതും എല്ലാം, എതിരഭിപ്രായം പറയുന്ന ഈ ജനങ്ങളും, മാദ്ധ്യമപ്പടയും, രാഷ്ട്രീയകോമരങ്ങളും കാണുന്നില്ലേ?? എല്ലാം അറിയാം.. എന്നിട്ടും അതിനെതിരെ വാദിച്ച് നല്ല ഒരു വ്യവസ്ഥ എന്തേ ഉണ്ടാക്കിയില്ല?? അതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമായിരുന്നോ? ചുമ്മാ ചർച്ച നടത്തി ആളുകളെ ഊശി ആക്കുക എന്നല്ലാതെ ഇവിടെ ഒരു മാറ്റവും മാറി മാറി വരുന്ന സർക്കാരുകൾ നടത്തുന്നില്ല.

എന്തെങ്കിലുമൊക്കെ കിട്ടുമ്പോൾ വാദിക്കാൻ കുറേ പേർ ചാനലുകളിൽ.. എന്തിന് നിങ്ങൾ ചർച്ചിക്കുന്നു..ഇഷ്ടഭക്ഷണം എന്നത് ഒരു പൌരന്റെ അവകാശമാണ്. അത് നല്ല രീതിയിൽ കൊടുക്കുക എന്നത് ഒരു സർക്കാരിന്റെ ചുമതലയും. കോഴയിൽ മുങ്ങാതെ അതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കൂ. കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കൂ. നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ബോധിപ്പിക്കൂ...അല്ലാതെ ചുമ്മാ ചർദ്ദിച്ചിട്ട് ഒരു കാര്യവുമില്ല.

*********************************************************************************
പിന്നെ കഴിക്കരുത് എന്ന് ഞാൻ പറഞ്ഞില്ല പൂർണ്ണമായ നിരോധനവും പറഞ്ഞില്ല. നിയന്ത്രണം വേണം എന്ന് പറഞ്ഞു. അത് എനിക്ക് ഈ മാംസം കഴിക്കാനുള്ള ആഗ്രഹം കൊണ്ടല്ല. ഒരു നിയമം നടപ്പാക്കുമ്പോൾ ഏവരെയും ഉൾക്കൊള്ളണം എന്ന പൊതുതത്വം മനസ്സിൽ വന്നു അതിനാലാണ് നിയന്ത്രണം മതി എന്ന് പറഞ്ഞത്. നുമ്മ ജന്മം കൊണ്ടേ സസ്യാഹാരി ആണ്..പിന്നെ എന്റെ കൂട്ട് ആണ് എന്നെ മാംസാഹാരത്തിലേക്ക് എത്തിച്ചത്. അത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നുമില്ല. എന്ന് പറഞ്ഞ് അതില്ലാതെ ഊണും ഉറക്കവും പറ്റില്ല എന്നൊന്നുമില്ല താനും. വെറും മോരും ചോറും ഇത്തിരി ചമ്മന്തിയും ഉണ്ടെങ്കിൽ ധാരാളം. ദേവേട്ടൻ പറഞ്ഞത് പോലെ ബീഫില്ലാതെയും ജീവിക്കാം. അവയെ കൊല്ലാൻ കൊണ്ടുപോകുന്നത്, കൊല്ലുന്ന രീതി , വൃത്തിയോടെ അത് ആവശ്യക്കാർക്ക് എത്തിക്കൽ എന്നതിലൊക്കെ പിഴവ് വരുത്തുന്നത് അതത് സംസ്ഥാനങ്ങൾ ആണ് അതിൽ കേന്ദ്രത്തിന് പങ്കില്ല. ചാനലുകളിൽ നിരോധനം വേണ്ടാ എന്ന് മാത്രം വാദിക്കുന്നവർ, ഭരണ പ്രതിപക്ഷവും, "തമ്പാട്ടിയെ"പ്പോലുള്ള ഗവേഷകയും ആദ്യം മേൽപ്പറഞ്ഞതാണ് ഉറപ്പ് വരുത്തേണ്ടത്.

പിന്നെ പട്ടിണിപ്പാവങ്ങളായ ജനങ്ങൾ വല്ലതും കഴിക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്തേണ്ടത്, വ്യക്തമായ ഉത്തരം ബോധിപ്പിക്കേണ്ടത് അതത് സംസ്ഥാന ഭരണകർത്താക്കൾ ആണ് അല്ലാതെ കേന്ദ്രമല്ല. ഫെസ്റ്റിവെൽ നടത്തി, വിരോധിച്ച് നടന്ന്, വോട്ട് മാത്രം മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് പകരം പട്ടിണിപ്പാവങ്ങളുടെ വയർ നിറക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യൂ.

കൊല്ലാക്കൊല ചെയ്യുന്നതിലെ പിഴവ് തുടർന്ന് പോയാൽ നിയന്ത്രണത്തിന് പകരം "നിരോധനം" തന്നെ ആണ് നല്ലത്.

എന്ന്,

ജിസാനിലെ മീൻ മാർക്കറ്റിനടുത്തുള്ള മലയാളി ഹോട്ടലിൽ നിന്നും ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച് കൊണ്ട് ഞാനും എന്റെ കൂട്ടാളികളും (അഭിപ്രായം എന്റേത് മാത്രം)


No comments:

Post a Comment