Sunday, February 8, 2015

വേദന...വേദന...വേദന മാത്രം.


സമയം 3.15 അച്ഛനെ അമ്പലത്തിൽ എത്തിക്കണമല്ലോ?? പെട്ടെന്ന് തന്നെ ഏതൻസ് നെറ്റ് കഫേയിൽ നിന്നിറങ്ങി വീട്ടിലേക്ക്.. മേർസി കോളേജ് ജങ്ങ്ഷൻ കഴിഞ്ഞതും അച്ഛനെ കണ്ടു. 'ബസ്സിന് പൊക്കോളാം നീ വീട്ടിലേക്ക് പൊക്കോ' എന്ന് പറഞ്ഞു. അങ്ങനെ വീട്ടിലേക്ക്.. സൂര്യ ക്ലിനിക്കിന്റെ അടുത്തെത്തിയതും ഒരു കന്യാസ്ത്രീ വട്ടം ചാടി ഓടി ഓപ്പോസിറ്റ് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കേറി. വട്ടം ചാടിയ അവരെ ഇടിക്കാതിരിക്കാൻ ബൈക്ക് ഒന്ന് വെട്ടിച്ച ഞാൻ ദോണ്ടെ പൊത്തോന്ന് താഴെ. തല അടുത്തുള്ള പോസ്റ്റിലിടിച്ചാലും വേണ്ടില്ല്യാ എന്റെ ഇടതുകൈ കുത്തി വീഴാൻ ഇട വരരുതേ എന്ന് ഒരു നിമിഷം ഞാൻ എന്നോട് പറഞ്ഞു. പക്ഷേ ഇടത് കൈ കുത്തി തന്നെ താഴെ വീണു. ഷോക്കടിച്ച ഒരവസ്ഥ...ഒന്നൊന്നര വർഷമായ് അനുഭവിച്ചു കൊണ്ടിരിക്കുന്ന കൈക്കുഴയിലെ വേദന അസ്സഹനീയമായി. വീണിടത്ത് നിന്നും ഒന്ന് പാളി നോക്കുമ്പോൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി അകന്ന് പോകുന്ന കന്യാസ്ത്രീയെ കണ്ടു.

കഴിഞ്ഞ വർഷം സ്വന്തം ഭാര്യയടക്കം നമ്മുടെ ഫിസിയോ സജാദിക്കയും ഉനൈസിക്കയും കൂടെ ജിനുഏട്ടനും പറഞ്ഞതാണ്‌ നാട്ടിലെത്തുമ്പോൾ നല്ലൊരു ഡോക്ടറെ കാണിക്കാൻ..പക്ഷേ ഇന്നേവരെ മെനകെട്ടില്ല. എന്തായാലും ഇന്ന് അത് നടത്തേണ്ടി വരും എന്ന് 'വേദന' എന്നെ ബോധ്യപ്പെടുത്തി. ഓടി വന്ന രണ്ടു ചേട്ടന്മാർ വീണുകിടക്കുന്ന എന്നെയും ബൈക്കിനേയും സൈഡാക്കി. നേരെ സൂര്യാ ക്ലിനിക്കിലേക്ക്.. ഭാഗ്യത്തിന് ഡോക്ടർ അവിടെ ഉണ്ടായിരുന്നു. ഡോക്ടർ മുത്തുകുമാർ പുള്ളിക്കാരനെ നേരത്തേ അറിയാം. ആളൊരു പുപ്പുലി ആണ് ട്ടോ മ്മടെ ലാലേട്ടന്റെ കേരളാസ്ട്രൈക്കേഴ്സിന്റെ ഫിസിയോ ആണ്. ഒന്നര വർഷമായി വേദന കൊണ്ട് നടന്നു എന്നതിന് ആദ്യമേ കിട്ടി. പ്രാഥമിക ചികിത്സകൾ തുടങ്ങി ഒരു കുന്ത്രാണ്ടം ഓണ്‍ ചെയ്ത് കൈക്കുഴയെ ഒന്ന് ചൂട് പിടിപ്പിക്കാൻ തുടങ്ങി... അതിനു ശേഷം കൈപ്പത്തി തിരിച്ചും മറിച്ചുമുള്ള ക്രിയകൾ. വീട്ടിൽ പോയി ഇതുപോലെ തന്നെ ചെയ്യണം കൈക്കുഴക്ക് ചൂട് കൊടുക്കണം എന്ന് പറഞ്ഞു. തോളിൽ തട്ടിക്കൊണ്ട് വിജീഷേ അപ്പൊ നാളെക്കാണാം ട്ടോ.. ഒരു 500 അടച്ചോളൂ എന്നും പറഞ്ഞു. ഓ..എന്ന് മൂളി 500 അടച്ചു വേദന സഹിച്ചുകൊണ്ട് വീണ്ടും ബൈക്കിലേറി വീട്ടിലേക്ക് പാഞ്ഞു..

ചുമ്മാ സമയത്തെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം..നല്ല സമയം ചീത്ത സമയം എന്നൊന്നുമില്ല എന്ന് നമ്മുടെ മമ്മൂട്ടി അണ്ണൻ നേരത്തെ 'മുന്നറിയിപ്പ്' തന്നിട്ടുള്ളതിനാൽ മുത്തു ഡോക്ടർ പറഞ്ഞതിനനുസരിച്ചുള്ള കൈ ക്രിയകൾ ചെയ്ത് കൈക്കുഴ നേരെയാക്കാനുള്ള ശ്രമം തുടങ്ങി... 

No comments:

Post a Comment